Content | അടൂര്‍: ഇന്നലെ അന്തരിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭ, മാവേലിക്കര ഭദ്രാസനാംഗവും പ്രഗത്ഭ തത്വശാസ്ത്രജ്ഞനുമായ റവ. ഡോ. ദാനിയേല്‍ മംഗലത്തിന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ ഒമ്പതിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 10ന് മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ പാറക്കൂട്ടം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തിലാണ് മൃതസംസ്കാരം നടക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ തിരുവല്ല പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വൈകുന്നേരം നാലിന് അടൂര്‍ പാറക്കൂട്ടം മംഗലത്ത് ഭവനത്തില്‍ എത്തിക്കും.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഭവനത്തില്‍ എത്തി പ്രാര്‍ത്ഥിക്കും. നാളെ രാവിലെ ഏഴിന് പരേതനുവേണ്ടി പാറക്കൂട്ടം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തില്‍ മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി അധ്യാപകന്‍, നാലാഞ്ചിറ സെന്റ് മേരീസ് സെമിനാരി അധ്യാപകന്‍, റെക്ടര്‍, മാവേലിക്കര മാര്‍ ഈവാനിയോസ് മൈനര്‍ സെമിനാരി റെക്ടര്‍, കോട്ടയം എംഒസി അധ്യാപകന്‍, വിവിധ സന്യാസ ഭവനങ്ങളിലെ പരിശീലകന്‍ എന്ന നിലകളില്‍ ഡോ. ദാനിയേല്‍ പ്രശസ്തനായിരുന്നു. |