Content | ലണ്ടന്‍: ബ്രിട്ടണിൽ പരമ്പരാഗത ലത്തീൻ കുർബാനയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന കത്തോലിക്കാ വിശ്വാസികൾക്കായി പ്രത്യേക ദേവാലയം അനുവദിച്ച് ഇംഗ്ലീഷ് ബിഷപ്പ്. ബ്രിട്ടണിലെ പോർട്ട്സ്മൗത്ത് രൂപതയുടെ ബിഷപ്പ് ഫിലിപ്പ് ഈഗനാണ് വിശ്വാസികള്‍ക്കായി പ്രത്യേക ദേവാലയം അനുവദിച്ച് നൽകിയത്. "പേർസണൽ പാരിഷ്" എന്ന പേരിൽ അറിയപ്പെടുന്ന ദേവാലയം റീഡിങ്ങ് എന്ന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശുദ്ധ ജോൺ ഫിഷറിന്റെ നാമധേയത്തിലുളള ദേവാലയത്തിന്റെ ചുമതല ഫ്രറ്റേണിറ്റി ഒാഫ് സെന്റ് പീറ്റർ എന്ന വെെദിക സമൂഹത്തിനാണ് നൽകിയിരിക്കുന്നത്.
സ്ഥിരമായി വിശുദ്ധ കുർബാന അർപ്പിക്കാനായുളള മറ്റൊരു ദേവാലയം കണ്ടെത്തുന്നതു വരെ വിശുദ്ധ കുർബാനയും മറ്റു തിരുകർമ്മങ്ങളും ഈ ദേവാലയത്തിൽ വച്ചു തന്നെയായിരിക്കും നടക്കുക. ഒാരോ സ്ഥലങ്ങളിലെ ഭാഷയെയും, ആരാധനാ രീതികളെയും അടിസ്ഥാനപ്പെടുത്തിയാണ് പേർസണൽ പാരിഷുകൾക്ക് രൂപം നൽകുന്നത്. ഫ്രറ്റേണിറ്റി ഒാഫ് സെന്റ് പീറ്ററിന്റെ സാന്നിദ്ധ്യത്തിനും, പ്രാർത്ഥനയ്ക്കും ബിഷപ്പ് ഈഗൻ നന്ദി പറഞ്ഞു. പേർസണൽ പാരിഷ് പദവിയിലൂടെ വെെദിക സമൂഹത്തിന്റെ ദൗത്യത്തിന് ഊർജ്ജം ലഭിക്കുകയും കൂടുതൽ ആത്മാക്കളെ യേശുവിലേയ്ക്ക് സഭയിലൂടെ എത്തിക്കാൻ സാധിക്കുമെന്ന് താൻ കരുതുന്നതായും ബിഷപ്പ് ഈഗൻ പറഞ്ഞു. വിശുദ്ധ ജോൺ ഫിഷറിന്റെ ദേവാലയം ഫ്രറ്റേണിറ്റി ഒാഫ് സെന്റ് പീറ്ററിന്റെ യൂറോപ്പിലുളള നാലാമത്തെ പേർസണൽ പാരിഷാണ്. |