Content | ഡമാസ്ക്കസ്: സിറിയന്‍ സര്‍ക്കാരിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന വിമതപോരാളികള്‍ നടത്തിയ ബോംബാക്രമണത്തില്‍ പതിനഞ്ചില്‍ താഴെ പ്രായമുള്ള 5 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 12 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. സിറിയയുടെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ എംഹാര്‍ദ്ദെയിലാണ് ബോംബാക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.30-നായിരുന്നു ആക്രമണം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹുമന്‍ റൈറ്റ്സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വാരാന്ത്യമായതിനാല്‍ ഗ്രാമത്തില്‍ തിരക്കേറിയ സമയത്തായിരുന്നു ബോംബുകള്‍ പതിച്ചത്. ആക്രമണമുണ്ടാകുമ്പോള്‍ നിരവധി കുട്ടികള്‍ തെരുവുകളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ച 12 പേരില്‍ 3 കുട്ടികള്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. അവരുടെ അമ്മയും അമ്മൂമ്മയും കൊല്ലപ്പെട്ടു. വിമതപോരാളികളുടെ നിയന്ത്രണത്തിലുള്ള നിരവധി ഗ്രാമങ്ങളാല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് എംഹാര്‍ദ്ദെ. സിറിയന്‍ യുദ്ധത്തില്‍ ഭവനരഹിതരായ ആയിരകണക്കിന് പേര്‍ക്ക് അഭയം നല്‍കിയ ഗ്രാമമാണ് ഇത്. ഇതിനു മുന്‍പും ഈ ഗ്രാമത്തില്‍ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വിമതസംഘടനയായ ജെയ്ഷ് അല്‍-ഇസ്സായായിരുന്നു ഈ ആക്രമണങ്ങളുടെ പിന്നില്‍. കഴിഞ്ഞ വര്‍ഷവും ഈ ഗ്രാമം ഒരു കടുത്ത ആക്രമണത്തിനിരയായിരുന്നു. അല്‍ ക്വയിദയുമായി ബന്ധമുള്ള വിമത സംഘടനയായ ജുണ്ട് അല്‍-അക്സായാണ് തന്ത്രപരമായി പ്രാധാന്യമുള്ള എംഹാര്‍ദ്ദെയില്‍ ആക്രമണം നടത്തിയതെന്നാണ് സര്‍ക്കാര്‍ അനുകൂല വാര്‍ത്താ മാധ്യമമായ അല്‍ മസ്ദാര്‍ ന്യൂസ് പറയുന്നത്. കൊല്ലപ്പെട്ട പന്ത്രണ്ട് പേരില്‍ 2 പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.
ഗ്രാമത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും പൊട്ടാത്ത ബോംബുകള്‍ക്ക് വേണ്ടിയുള്ള പരിശോധനകള്‍ നടന്നുവരികയാണ്. കൊല്ലപ്പെട്ടവരില്‍ 10 പേരുടെ സംസ്കാര ചടങ്ങുകള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ സെന്റ് ജോര്‍ജ്ജ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടങ്ങിയ ശവപ്പെട്ടികളും ചുമലില്‍ വഹിച്ചുകൊണ്ടുള്ള അന്ത്യയാത്രയില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങളാണ് തെരുവുകളില്‍ തടിച്ചു കൂടിയത്. |