Content | കൊച്ചി: സഭയിലും സമൂഹത്തിലും നിരന്തരമായി ദൈവാന്വേഷണത്തിന്റെ തീര്‍ത്ഥയാത്രികരായി മാറാന്‍ സമര്‍പ്പിതര്‍ക്കു സാധിക്കണമെന്നും പ്രവാചകദൗത്യത്തോടെ ക്രിസ്തുവിനെ അനുകരിക്കാന്‍ പരിശ്രമിക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈ വര്‍ഷം നിത്യവ്രതമെടുക്കുന്ന സീറോ മലബാര്‍ സഭയിലെ സമര്‍പ്പിതര്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമര്‍പ്പിത അപ്പസ്‌തോലിക സമൂഹങ്ങള്‍ക്കായുള്ള കമ്മീഷന്റെ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. സന്യാസവ്രതത്തിലൂടെ സമര്‍പ്പിതര്‍ ക്രിസ്തുവിന്റെ ജീവിക്കുന്ന വചനവും ദൈവസ്‌നേഹത്തിന്റെ അസ്തിത്വവുമായി മാറാനാണു വിളിക്കപ്പെടുകയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാബിന്‍ കാരകുന്നേല്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ ഡിവോഷ്യ എന്നിവര്‍ പ്രസംഗിച്ചു.
|