Content | ലണ്ടൻ: ലോക പ്രശസ്ത വചന പ്രഘോഷകനും ബില്ലി ഗ്രഹാമിന്റെ മകനുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാമിനെ സുവിശേഷ പ്രഘോഷണം നടത്തുവാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി ബ്രിട്ടണിലെ മുസ്ലീം സംഘടന രംഗത്ത് എത്തിയത് വിവാദമാകുന്നു. വരുന്ന 21-ന് വടക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളില്‍ വെച്ച് നടക്കുവാനിരിക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് ഹോപ്’ പരിപാടിയില്‍ പങ്കെടുത്ത് സുവിശേഷ പ്രഭാഷണം നടത്തുവാന്‍ ഫ്രാങ്ക്ലിന്‍ ഗ്രഹാമിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടണിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ (MCB) ആണ് രംഗത്ത് എത്തിയിരിക്കുന്നത്.
മൂന്ന് പാര്‍ലമെന്റംഗങ്ങളും ഫ്രാങ്ക്ലിന്‍ ഗ്രഹാമിന് വിസ അനുവദിക്കരുതെന്ന ആവശ്യമുന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. വിദ്വേഷ പ്രഭാഷണമാണ് ഫ്രാങ്ക്ലിന്റേത് എന്നാണ് യൂറോപ്പിലെ വിവിധ മുസ്ലീം സംഘടനകളുടെ മാതൃസംഘടനയായ എംസിബി പറയുന്നത്. സ്വവർഗ്ഗാനുരാഗികളുടെ ബന്ധങ്ങൾക്കു എതിരെ ശക്തമായി ശബ്ദമുയർത്തിയ ആളാണ് ഫ്രാങ്ക്ലിന്‍. കഴിഞ്ഞ കാലങ്ങളില്‍ പൊതു നന്മക്ക് ചേരാത്തത് എന്ന കാരണം പറഞ്ഞുകൊണ്ട് നിരവധി പ്രഭാഷകരെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ടെന്നും, ഗ്രഹാമിന്റെ പ്രഭാഷണങ്ങളില്‍ മുസ്ലീം വിദ്വേഷം പ്രകടമാണെന്നും സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം സംഘടനയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു എഴുത്തുകാരനായ റോബര്‍ട്ട് സ്പെന്‍സര്‍ രംഗത്തെത്തിയിട്ടുണ്ട്.
ജിഹാദികളെക്കുറിച്ചും, ഇസ്ലാമിനേ കുറിച്ചും മുന്നറിയിപ്പ് തന്നതിനാല്‍ തന്നേയും, നിരവധി പേരെയും 5 വര്‍ഷത്തേക്ക് ബ്രിട്ടണില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയ കാര്യം സ്പെന്‍സര്‍ 'ജിഹാദി വാച്ച്' എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തി. ഇസ്ലാമിക ഭീകരതക്കും, ശരിയത്ത് നിയമത്തിനും എതിരാണ് എന്ന കാരണത്താല്‍ മാര്‍ട്ടിന്‍ സെല്‍നര്‍, ബ്രിട്ടാനി പെറ്റിബോനെ, ലോറന്‍ സതേണ്‍, ലുട്സ് ബാച്ച്മാന്‍ തുടങ്ങിയവര്‍ക്ക് ബ്രിട്ടണില്‍ പ്രവേശനം നിഷേധിച്ചതിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് ബ്രിട്ടീഷ് ഭരണകൂടം ജിഹാദി ഭീകരതയേ എതിര്‍ക്കുന്നവരെ നിരോധിക്കുകയാണെന്നും സ്പെന്‍സര്‍ ആരോപിച്ചു. പ്രധാനമന്ത്രി തെരേസാ മേയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രണ്ട് ജിഹാദി പ്രഭാഷകര്‍ക്ക് ബ്രിട്ടനിൽ വരാൻ അനുവദിക്കുകയും, അതേസമയം ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള മെത്രാന്‍മാര്‍ക്ക് വിസ നിരോധിച്ച കാര്യവും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. |