Content | വൈദിക സന്യാസ ജീവിതത്തിന്‍റെ ഏറ്റവും കുഴപ്പം പിടിച്ച പ്രശ്നം ബ്രഹ്മചര്യവും കന്യകാത്വവുമാണ് എന്നു കരുതി ബ്രഹ്മചര്യം എടുത്തുമാറ്റിയാല്‍ എല്ലാം ഭദ്രമാകും എന്നു കരുതുന്നത് മൗഢ്യമാണന്ന് സീറോമലബാര്‍ സഭയുടെ വക്താവ് ഫാ.പോള്‍ തേലക്കാട്ടില്‍ പ്രസ്താവിച്ചു. മലയാളം വാരിക പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലൂടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ലൈംഗീകത എല്ലായിടത്തും പ്രശ്നം പിടിച്ചതാണ്. ബ്രഹ്മചര്യ ജീവിതത്തില്‍ മാത്രമല്ല വിവാഹ ജീവിതത്തിലുമതേ. സന്യാസത്തിന്‍റെ അടിസ്ഥാനം ആത്മീയതയാണ്. ആത്മീയ അച്ചടക്കവും ആത്മ നിയന്ത്രണവും സ്നേഹവും നിറഞ്ഞ ജീവിതമാണത്. കല്‍പ്പവൃക്ഷങ്ങളുടെ ഇടയില്‍ വായു ഭക്ഷിച്ചും അപ്സര സ്ത്രീകളുടെ മദ്ധ്യേ യമിയായും ജീവിച്ചിരുന്ന മുനിമാരെക്കുറിച്ച് കാളിദാസൻ എഴുതിയ ഒരു ആർഷ സംസ്കാരം നമുക്കുണ്ട് .<br/><br/>
ലൈംഗികത ദൈവം നല്‍കിയ വലിയ ദാനമാണ്. അത് പരസ്പര ബന്ധത്തിന്‍റെ സര്‍ഗാത്മക ഊര്‍ജമാണ്. പ്രൊമിത്യൂസ് നല്‍കിയ തീപോലെയാണത്. എല്ലാ കണ്ടുപിടിത്തങ്ങളുടെയും പുരോഗതികളുടെയും അടിയിലെ ഊര്‍ജ്ജം. എല്ലാ വണ്ടികളും തീയില്‍ ചലിക്കുന്നു. പക്ഷേ, തീ പെട്ടിയിലടച്ചാണ് സര്‍ഗാത്മകമായി ഉപയോഗിക്കുന്നത്. തീയെ തീപ്പെട്ടിയിലാക്കുന്ന വിജ്ഞാനമാണ് വേണ്ടത്. അതുകൊണ്ട് തീക്കളിയും നടത്താം. നരകത്തിന്‍റെ തീയായും സ്വര്‍ഗ്ഗത്തിന്‍റെ പ്രഭയായും അത് മാറും. സ്നേഹത്തിന്‍റെ അതിമനോഹരമായ ഊര്‍ജ്ജവും സംഹാരത്തിന്‍റെ ആയുധവും നല്‍കും. വ്യഭിചാരത്തിന്‍റെയും ബ്രഹ്മചര്യത്തിന്‍റെയും വഴി ലൈംഗികതയുടെ താഴോട്ടും മുകളിലേക്കുമുള്ള വഴികളാണ്. കല്യാണം കഴിച്ചവര്‍ക്ക്, കന്യകള്‍ക്കും വേണ്ടത് വിശ്വസ്തതയാണ്. വ്രതം എന്നത് കെട്ടാണ്. സ്വന്തം വികാരവിചാരങ്ങളെ സ്നേഹത്തില്‍ കെട്ടി പക്വമായ സര്‍ഗാത്മക വികാരമാക്കാന്‍ കഴിയണമെങ്കില്‍ വലിയ ധര്‍മബോധവും ആത്മീയതയും വേണം. ബ്രഹ്മചര്യം വിഷമമാകുന്നവരോട് സെന്‍റ് പോള്‍ എഴുതി "വികാരം കൊണ്ട് ദഹിക്കുന്നതിനേക്കാള്‍ നല്ലത്, വിവാഹം കഴിക്കുന്നതാണ്" . (1 കൊറി, 2:10).<br/><br/>
വൈദിക സന്യാസ ജീവിതത്തില്‍ നിന്നു പിന്‍തിരിയുന്നവര്‍ സഭയുടെ അംഗങ്ങളും സഭയ്ക്കും സമൂഹത്തിനും വിശിഷ്ടമായ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നവരാണ്. ബഹുഭൂരിപക്ഷം പേരും അങ്ങനെ മഹത്വ പുര്‍ണ്ണമായി ജീവിക്കുന്നു. സഭ അവരെ ആദരിക്കുന്നു. ജീവിത സമര്‍പ്പണത്തിനു സ്വീകരിച്ച വഴിയില്‍ നിന്നു പിന്‍തിരിഞ്ഞു പോരുന്നതു പല കാരണങ്ങളാലാകും, പിന്‍തിരിയുന്നവരും, പിന്‍തിരിപ്പിക്കപ്പെടുന്നവരുമുണ്ട്. അവര്‍ സഭാ സേവനത്തിന്‍റെയും ശുശ്രൂഷയുടെയും സമര്‍പ്പിതാമണ്ഡലത്തിലായിരിക്കുമ്പോള്‍ അവരുടെ എല്ലാ ഭൗതിക കാര്യങ്ങളും സഭ ഏറ്റെടുക്കുന്നു. പക്ഷേ. സഭാ സമര്‍പ്പണവഴിയില്‍ നിന്നു പൂര്‍ണ്ണമായി വിച്ഛേദിതമായാല്‍ പിന്നെ അവരെ സാമ്പത്തികമായി സംരക്ഷിക്കുന്ന ചുമതല സഭ ഏറ്റെടുക്കുന്നതായി കണ്ടിട്ടില്ല. അവര്‍ പിരിയുമ്പോള്‍ അവര്‍ക്കു ജീവിതസുസ്ഥിതിക്കുവേണ്ടി ചില ഒത്താശകളും സഹായങ്ങളും വ്യക്തിപരമായി അവര്‍ ആയിരുന്ന സഭാ സമൂഹം ചെയ്തു കൊടുക്കുന്നതു കണ്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. |