Content | കോട്ടയം: വിന്‍സെന്‍ഷന്‍ സഭയുടെ സ്ഥാപകന്‍ പുണ്യശ്ലോകനായ വര്‍ക്കി കാട്ടറാത്തച്ചന്റെ എണ്‍പത്തിയേഴാം ചരമ വാര്‍ഷികവും ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രുഷയും ഇന്നു മുതല്‍ 24 വരെ വൈക്കം തോട്ടകം സെന്റ ഗ്രിഗോറിയോസ് ദൈവാലയത്തില്‍ നടത്തും. ഇന്നും നാളെയും വൈകുന്നേരം അഞ്ചിനു ജപമാലയും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും. വൈക്കം ഫൊറോനാ വികാരി ഫാ. ജോസഫ് തെക്കിനേന്‍ 22നു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പുതുപ്പാടി വിന്‍സെന്‍ഷന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടര്‍ ഫാ. വില്‍സണ്‍ കുഴിതടത്തില്‍ വിസി കണ്‍വന്‍ഷനു നേതൃത്വം നല്‍കും.
23നു വൈകുന്നേരം അഞ്ചിനു പരിത്രാണ ധ്യാന കേന്ദ്രത്തിലെ പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍ മാത്യു വട്ടംതൊട്ടിയില്‍ വിസി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 24നു ശ്രാദ്ധാചരണദിനത്തില്‍ രാവിലെ 9.15ന് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രുഷയില്‍ സീറോ മലബാര്‍ സഭയുടെ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കും. വിന്‍സെന്‍ഷന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വിസി, പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍മാരായ ജെയിംസ് കല്ലുങ്കല്‍ വിസി, ഫാ. വര്‍ഗീസ് പുതുശേരി വിസി, ഫാ. മാത്യു കക്കാട്ടുപിള്ളില്‍ വിസി എന്നിവരും മറ്റു വൈദികരും സഹകാര്‍മികരായിരിക്കും.
വിന്‍സെന്‍ഷ്യന്‍ സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറലും വെട്ടിക്കുഴി സ്‌മൈല്‍ വില്ലേജിന്റെ ഇപ്പോഴത്തെ ഡയറക്ടറും ഫാ. ആന്റണി പ്ലാക്കല്‍ വിസി വചന ശുശ്രൂഷയ്ക്കും കോട്ടയം പരിത്രാണ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുളത്തൂര്‍ വിസി തിരുരക്താഭിഷേക ആരാധനയ്ക്കും നേതൃത്വം കൊടുക്കും. വിന്‍സെന്‍ഷന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വിസി നാമകരണ പ്രാര്‍ഥനയും നേര്‍ച്ച സദ്യ ആശീര്‍വാദവും നടത്തും.
എറണാകുളം ഇടപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിന്‍സെന്‍ഷന്‍ സഭയുടെ പ്രഥമ ഭവനമാണു തോട്ടകം ആശ്രമം. വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ട് 1904ല്‍ തോട്ടകത്തു സ്ഥാപിതമായ വിന്‍സെന്‍ഷന്‍ സഭ ഇന്ന് ലോകമെന്പാടുമായി 541 വൈദികര്‍ ശുശ്രൂഷ ചെയ്യുന്നു. പോപ്പുലര്‍ മിഷന്‍ ധ്യാനം, വചന പ്രഘോഷണങ്ങള്‍, ആതുര ശുശ്രൂഷകള്‍, സാമൂഹ്യ സേവനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ സജീവമാണ്. |