Content | ഏതൊരു വ്യക്തിയെയും കുടുംബത്തെയും ദേശത്തെയും തകർക്കാൻ സാത്താൻ ഒരുക്കുന്ന ആദ്യത്തെ കെണിയാണ് 'പ്രാർത്ഥന നിറുത്തലാക്കുക' എന്നത്. പ്രത്യേകിച്ച് മനുഷ്യന്റെ നാവുകൊണ്ട് ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള പ്രാർത്ഥന. അതിന് സാത്താൻ ചില തെറ്റായ ബോധ്യങ്ങൾ മനുഷ്യന്റെ ബുദ്ധിയിലേക്ക് നൽകും അതിൽ ഒന്നാണ് 'മൗനമായിട്ട് പ്രാർത്ഥിച്ചാൽ ദൈവം കേൽക്കുമല്ലോ; പിന്നെ എന്തിനാണ് ഉച്ചത്തിൽ പ്രാർത്ഥിക്കുന്നത്?' എന്നൊക്കെ. കാരണം മനുഷ്യൻ സ്വന്തം നാവുകൊണ്ട് ഏറ്റുചൊല്ലി എവിടെയൊക്കെ ദൈവത്തോടു പ്രാർത്ഥിക്കുന്നുവോ അവിടെ സാത്താന് നില നിൽക്കാനാവില്ല.
ഇത്തരമൊരു കെണിയാണ് അമേരിക്കയിൽ, അരിസോണ സ്റ്റേറ്റിലെ ഫീനിക്സ് നഗരസഭയിലും സാത്താൻ ഒരുക്കിയത്. നഗരസഭാ കൗണ്‍സിലിന്റെ യോഗം വർഷങ്ങളായി പ്രാർത്ഥനയോടെയായിരുന്നു ആരംഭിച്ചിരുന്നത്. എന്നാൽ അത് മാറ്റി പകരം ഒരു നിമിഷം നിശബ്ദത ആചരിച്ചാൽ മതിയെന്ന നഗരസഭാ കൗസിൽ കഴിഞ്ഞ മാസം തീരുമാനമെടുത്തു.
ഈ തീരുമാനമാണ് കഴിഞ്ഞ ദിവസം ചൂടുപിടിച്ച ചർച്ചകൾക്ക് ശേഷം 7-2 വോട്ടിലൂടെ റദ്ദ് ചെയ്തത്.
കൌണ്‍സിലിന്റെ പ്രാരംഭ പ്രാർത്ഥനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ പ്രാർത്ഥന നിലനിറുത്തണമെന്ന് ശക്തമായി വാദിച്ചിരുന്ന കൗൺസിലർ സാൽ ഡിക്കീഷ്യോ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് 'ഇത് ഫീനിക്സ് നഗരത്തിന്റെ വലിയൊരു വിജയ'മാണെന്ന് അഭിപ്രായപ്പെട്ടു.
"ഫീനിക്സ് നഗര കൗൺസിലിൽ പ്രാർത്ഥന പുന:സ്ഥാപിക്കപ്പെട്ടു. നഗരത്തിന്റെ 65 വർഷത്തെ ചരിത്രത്തിൽ തന്നെ പ്രാർത്ഥന ഇത്ര ശക്തമായി പുന:സ്ഥാപിക്കപ്പെട്ട അവസരമില്ല." ഡിക്കീഷ്യോ പറഞ്ഞു.
കഴിഞ്ഞ മാസം പ്രാർത്ഥനാ പ്രശ്നം ചർച്ച ചെയ്ത കൗൺസിൽ, വോട്ടെടുപ്പിൽ പ്രാർത്ഥനയ്ക്ക് പകരം ഒരു നിമിഷത്തെ നിശബ്ത മതി എന്ന വാദഗതി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാസാക്കിയിരുന്നു. ടുസ്ക്കാനിൽ നിന്നുള്ള സാത്താൻ സേവാ സംഘത്തിൽ പെട്ട ഒരു അംഗം, ഭാവിയിലെ ഒരു കൗൺസിൽ മീറ്റിംഗിൽ 'സാത്താൻ പ്രാർത്ഥന' (satanic prayer) നടത്താനിരിക്കെയാണ് കൗൺസിൽ ഈ പ്രശ്നം ചർച്ചയ്ക്കെടുത്ത്, പാരമ്പര്യ പ്രാർത്ഥന അവസാനിപ്പിച്ച് ഒരു നിമിഷത്തെ മൗനാചരണത്തിനു വേണ്ടി വോട്ടു ചെയ്തത്.
കഴിഞ്ഞ മാസം നാല് അംഗങ്ങൾ പ്രാർത്ഥനയ്ക്കും അഞ്ചു പേർ മൗനാചരണത്തിനുമായാണ് വോട്ടു ചെയ്തത്. പ്രാർത്ഥനയ്ക്ക് വേണ്ടി വോട്ട് ചെയ്ത നാലു പേരിൽ ഒരാൾ ഡിക്കീഷ്യോയാണ്. സാത്താൻ സേവക്കാരുടെ ഉദ്ദേശം പ്രാർത്ഥന നിറുത്തലാക്കലായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "പ്രാർത്ഥന നിശബ്ദമാക്കാനാണ് അവർ ശ്രമിച്ചത്." അദ്ദേഹം പറഞ്ഞു.
"സാധാരണ ഗതിയിൽ പ്രാർത്ഥന ഒരു നയപരമായ വിഷയം മാത്രമാണ്. ഞങ്ങൾ അത് നിയമമാക്കിയിരിക്കുന്നു. ഒരു ഓർഡിനൻസ് എന്ന നിലയിൽ ഇനി ഇത് ആർക്കും തിരുത്താൻ കഴിയുകയില്ല." ഡിക്കീഷ്യോ പറഞ്ഞു.
വോട്ടെടുപ്പിനു മുൻപ് കൗൺസിൽ സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ളവരുടെ അഭിപ്രായം തേടിയിരുന്നു.
പൊതു സ്ഥലങ്ങളിലെ പ്രാർത്ഥനയ്ക്ക് വേണ്ടി സുപ്രീം കോടതിൽ വാദിച്ചിട്ടുള്ള ബെറ്റ് ഹാർവി, നിരവധി വൈദികർ എന്നിവരെല്ലാം കൗൺസിലിലെ പ്രാർത്ഥനയെ പറ്റി അഭിപ്രായം രേഖപ്പെടുത്തിയവരിൽ പെടുന്നു.
കൗൺസിലിൽ ഈ വിഷയത്തെ പറ്റി വികാരഭരിതമായ ചർച്ചകൾ നടന്ന അവസരങ്ങളിലെല്ലാം ടുസ്ക്കന്നിലെ സാത്താൻ സേവക്കാർ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
പ്രാർത്ഥന പുന:സ്ഥാപിച്ചുകൊണ്ടുള്ള ഓർഡിനൻസ് 2 വോട്ടിനെതിരെ 7 വോട്ടുകൾക്ക് പാസായെങ്കിലും നിയമത്തിൽ ഉപയോഗിക്കാൻ പോകുന്ന വാക്കുകൾ മാർച്ച് 23-ാം തിയതിയിലെ കൗൺസിൽ മീറ്റിംഗിലായിരിക്കും തീരുമാനിക്കുക.
ഫീനിക്സ് നഗരത്തിലെ ഈ തീരുമാനം അരിസോണ സ്റ്റേറ്റിലെ മറ്റ് നഗരസഭകളും സ്വീകരിക്കുമെന്ന് ഡിക്കീഷ്യോ പ്രത്യാശ പ്രകടിപ്പിച്ചു. സാവധാനത്തിൽ രാജ്യം മുഴുവൻ പ്രാർത്ഥനാ നിയമം പ്രാബല്യത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. |