Content | വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ കേള്‍ക്കാതിരുന്നിട്ടുള്ള അവസരങ്ങള്‍ക്ക് സഭയുടെ അജപാലകരുടെ പേരില്‍ മാപ്പപേക്ഷിക്കുകയാണെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്ടോബര്‍ 28 ഞായറാഴ്ച യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ 15-മത് സിനഡു സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് വത്തിക്കാനില്‍ സമൂഹബലിയര്‍പ്പണത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തുവിന്‍റെ സഭയുടെ നാമത്തില്‍ യുവജനങ്ങളെ ഇനിയും സ്നേഹത്തോടെ കേള്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്നും ഹൃദയം തുറന്ന് യുവാക്കളെ കേള്‍ക്കുന്നതിനു പകരം അവരെ അമിത ഭാഷണംകൊണ്ട് അലോസരപ്പെടുത്തിട്ടുണ്ടാകാമെന്നും പാപ്പ പറഞ്ഞു.
ദൈവത്തിന്‍റെ മുന്നില്‍ നിങ്ങളുടെ ജീവിതങ്ങള്‍ വിലപ്പെട്ടതാണ്. ദൈവമായ ക്രിസ്തു യുവാവാണ്, അവിടുന്നു യുവജനങ്ങളെ സ്നേഹിക്കുന്നു. അതുപോലെ യുവജനങ്ങളുടെ ജീവിതം സഭയ്ക്കും വിലപ്പെട്ടതാണ്, കാരണം മുന്നോട്ടുള്ള പ്രയാണത്തില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണ്. ജീവിതത്തിലും ജീവിതസാഹചര്യങ്ങളിലുമാണ് നമ്മുടെ വിശ്വാസം വളരുന്നത്. മറിച്ച് വിശ്വാസം തത്വസംഹിതകളെ മാത്രം സംബന്ധിക്കുന്നതാകുമ്പോള്‍ അത് ഏറെ ബൗദ്ധികമായി മാറുന്നു. അത് ഹൃദയത്തെ സ്പര്‍ശിക്കാതെ പോകുന്നു.
എന്നാല്‍ വിശ്വാസം കുറെ പ്രവര്‍ത്തനങ്ങള്‍ മാത്രമായാലും അത്, വെറും സദാചാരപരമായ സാമൂഹ്യസേവനമായും പരിണമിക്കും. വിശ്വാസം ജീവിതമാണ്, അത് നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്തു രൂപാന്തരപ്പെടുത്തിയ ദൈവത്തിന്‍റെ സ്നേഹം ജീവിക്കുന്നതാണ്. ദൈവത്തിന്‍റെ പദ്ധതികള്‍ അവിടുത്തോടു ചേര്‍ന്നുനിന്നുകൊണ്ടും പരസ്പരം കൂട്ടായ്മയില്‍ ജീവിച്ചുകൊണ്ടും, സഹോദരങ്ങളുടെ കൂടെ നടന്നുകൊണ്ടും ദൈവികമായി കര്‍ത്തവ്യം നിറവേറ്റാന്‍ വിളിക്കപ്പെട്ടവരാണ് അജപാലകര്‍.
നാം യേശുവിനെ അനുഗമിക്കേണ്ടവരാണ്, യേശുവിനെപ്പോലെ സഹോദരങ്ങളെ സഹായിക്കുന്നതില്‍ കൈ അഴുക്കാക്കാന്‍ തയ്യാറാകേണ്ടവരാണ്. ദൈവമായ ക്രിസ്തു നമ്മെ ഓരോരുത്തരെയും രക്ഷിക്കാന്‍ കൈ അഴുക്കാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കണം. കുരിശില്‍ ദൃഷ്ടിപതിക്കുക. കുരിശില്‍നിന്നു തുടങ്ങിയാല്‍ മനസ്സിലാകും, എന്‍റെ പാപാവസ്ഥയിലും ആത്മീയ മരണത്തിലും അവിടുന്ന് എന്‍റെ അയല്‍ക്കാരനായി. എല്ലാറ്റിന്‍റെയും തുടക്കം ദൈവം മനുഷ്യന്‍റെ അയല്‍ക്കാരനാകുന്ന സാമീപ്യത്തില്‍നിന്നുമാണ്. അതിനാല്‍ ദൈവസ്നേഹത്തെ, നമ്മെ സ്നേഹിച്ച ദൈവത്തെപ്രതി നിങ്ങളും ഞാനും അയല്‍ക്കാരനാകണം. സ്വജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്‍കണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
|