category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുമ്പസാരത്തിനെതിരെ വിവരക്കേടിന്റെ പെരുമ്പറ കൊട്ടുന്നവർ
Contentകുമ്പസാരം പുരോഹിതരുടെ സുരതക്രിയയാണെന്ന തെറ്റിദ്ധാരണ പരത്താൻ ഒറ്റപ്പെട്ട ഒരു ആരോപണത്തിന്റെ പേരിൽ വ്യാപകമായ ശ്രമങ്ങളാണ് നടക്കുന്നത്. പതിനായിരക്കണക്കിന് വൈദികർ കുമ്പസാരിപ്പിക്കുകയും ലക്ഷക്കണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കുമ്പസാരിക്കുകയും ചെയ്യുന്ന സമൂഹത്തിന് നടുവിൽ നിന്നാണ് ഇങ്ങനെ ചിലർ വിളിച്ചുകൂവുന്നത്. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള ആക്രാന്തം സ്ത്രീകുലപാലക പട്ടം നേടാനുള്ള ആവേശത്തിലുപരി ക്രൈസ്തവവിരുദ്ധമായ ഒരുപാട് മുൻവിധികളെയും, വിശ്വാസത്തിന്റെ ഉള്ളറിയാത്ത ഒരാളുടെ പൊള്ളത്തരത്തെയും തുറന്നുകാണിക്കുന്നുണ്ട്. കുമ്പസാരിക്കുന്ന മനുഷ്യരുടെ മുന്നിലാണ് പള്ളിമുറ്റത്തുപോലും കയറിയിട്ടില്ലാത്ത ചിലർ കുമ്പസാരത്തിനെതിരെ അലറുന്നത്. അത് കണ്ട് കൈയടിക്കാൻ അതേ ഗണത്തിൽ പെട്ട കുറേപ്പേർ ഉണ്ടാവും. മുന്നോട്ട് വയ്ക്കപ്പെട്ട ആശയത്തിന്റെ വിജയമായി അതിനെ കാണരുത്. പൊട്ടൻ എന്ത് കോപ്രായം കാണിച്ചാലും കണ്ടുനിൽക്കുന്ന പൊട്ടന്മാരെല്ലാവരും കൈയടിക്കും. അങ്ങനെയല്ലാത്തവർ മാറിനിന്ന് ഊറിച്ചിരിക്കും. നിങ്ങളുടെ നിരർത്ഥകമായ ജല്പനങ്ങൾ കേട്ട് കുമ്പസാരിക്കുന്ന മനുഷ്യർ ഒരു കോമാളിയുടെ കോപ്രായങ്ങൾ കാണുന്ന കൗതുകത്തോടെ ഊറിച്ചിരിക്കുന്നത് കണ്ട് ജാള്യത തോന്നുന്നില്ലെങ്കിൽ അതിനാൽത്തന്നെ എന്തും പറയാനുള്ള സ്വാതന്ത്ര്യം, സർക്കസ് കുടാരത്തിലെ ബഫൂണിനെക്കണക്ക് നിങ്ങൾ കൈവരിക്കുകയാണ്. ജോക്കറുടെ കോമാളിത്തരങ്ങൾ ആസ്വദിക്കപ്പെടുന്നതുപോലെ അതൊക്കെ കൗതുകത്തോടെ കേൾക്കപ്പെടും. പിന്നെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കപ്പെടും. വിജ്ഞാന കൈരളിയുടെ എഡിറ്ററുടെ നിലവാരം ഇതാണെങ്കിൽ ആ മാസികയുടെ നിലവാരം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു. ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ ആത്മീയ അഭയമാണ് കുമ്പസാരം. ഇത്രയേറെ കോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും എല്ലാ പള്ളികളിലെയും കുമ്പസാരക്കൂടുകൾ അനുതാപത്തിന്റെ കണ്ണീർ വീണ് കുതിർന്ന് തന്നെയാണിരിക്കുന്നത്. കുമ്പസാരത്തിന്റെ മൂല്യമറിയാവുന്ന, നിരന്തരം കുമ്പസാരിക്കുന്ന ആരും ഈ കൂദാശയെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എത്രവലിയ ഇടർച്ചകളുമായി ചെന്നാലും, കുറ്റപ്പെടുത്താതെ കേൾക്കപ്പെടും എന്ന ആത്മവിശ്വാസത്തോടെയും സാരമില്ലെന്ന വാക്കാൽ ആശ്വസിപ്പിക്കപ്പെടുമെന്ന ഉറപ്പോടെയും ഏറ്റുപറയാൻ കുമ്പസാരക്കൂടുപോലെ ഒരിടം ലോകത്തിൽ വേറെ ഏതാണുള്ളത്? ഏറ്റുപറയാനിടവും, പൊറുക്കാൻ ദൈവവുമുള്ള മനുഷ്യർ ഉള്ളുനിറഞ്ഞു ചിരിക്കുന്നത് കാണുമ്പോൾ അസൂയ ജനിക്കുന്നത് സ്വാഭാവികമാണ്. പാപം ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നും, മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ ചെയ്യുന്നത് ലൈംഗികമായ പാപങ്ങൾ മാത്രമാണെന്നുമൊക്കെയുള്ള ധാരണ മനുഷ്യന്റെ ആന്തരികജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ അജ്ഞത വലിയതോതിൽ വെളിപ്പെടുത്തുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയുമറിയാൻ കുമ്പസാരക്കൂടിന്റെ അഴികൾക്കുള്ളിരിക്കണം. കണ്ണുനിറച്ച ഏറ്റുപറച്ചിലുകൾ എത്രയോ കേട്ടിരിക്കുന്നു. സാരമില്ല എന്നൊരു വാക്കുകേൾക്കാനുള്ള മനുഷ്യന്റെ കൊതി എന്തുമാത്രമുണ്ടെന്ന് കുമ്പസാരക്കൂട്ടിലേക്കുള്ള വിശ്വാസികളുടെ പ്രവാഹം വ്യക്തമാക്കുന്നുണ്ട്. "അച്ചാ എനിക്ക് ഒന്ന് കുമ്പസാരിക്കണം" എന്ന് പറഞ്ഞ് ഇട സമയത്ത് പോലും ഇങ്ങോട്ട് സമീപിക്കുന്നവരുടെ എണ്ണം ഈയിടെ കൂടിയിട്ടുമുണ്ട്. ജീവിതത്തിലെ ചെറിയ പാളിച്ചകൾ പോലും ഏറ്റുപറയുമ്പോൾ ചിലരുടെ കണ്ണ് നിറയുന്നത് എന്തുകൊണ്ടാണെന്ന്, പൊറുക്കപ്പെടുമെന്ന് ഉറപ്പുള്ള ഇടങ്ങളിൽ കണ്ഠമിടറി കുറ്റസമ്മതം നടത്തിയിട്ടുള്ളവർക്കറിയാം. ഏറ്റുപറയാൻ കുമ്പസാരക്കൂടിനോളം സ്വാതന്ത്ര്യം മറ്റൊരിടത്തുമില്ല. ഒരു മറുചോദ്യം പോലും ചോദിക്കാതെയാണ് ദൈവത്തിന്റെ കാരുണ്യം ഒരാളിലേക്ക് ഒഴുകുന്നത്. ചിരപരിചിതരായ ചിലർ കുമ്പസാരിക്കാനായി വന്ന് മുട്ടുകുത്തുമ്പോൾ പൗരോഹിത്യമെന്ന വലിയ ദാനത്തെയോർത്ത് എന്തെന്നില്ലാത്ത അഭിമാനം തോന്നാറുണ്ട്. പിന്നീട് അവരെ കാണുമ്പോൾ ഏറ്റുപറഞ്ഞതൊന്നും മനസിലില്ലാതെ പോകുന്നതോർത്ത് വലിയ അത്‌ഭുതവും തോന്നിയിട്ടുണ്ട്. ദൈവം കേൾക്കുന്നു, ദൈവം പൊറുക്കുന്നു. പിന്നെ പറഞ്ഞവരും കേട്ടവരും എല്ലാം വിസ്മരിക്കുന്നു. പറഞ്ഞവർ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്ക് പുനർജനിക്കുന്നു. ഹൃദയാനന്ദത്തോടും പുഞ്ചിരിയോടും കൂടെ ജിവിച്ചുതുടങ്ങുന്നു. മനുഷ്യനെ മനുഷ്യനായി മനസിലാകുന്ന ദൈവമുണ്ടെങ്കിലേ ഈ സൗഭാഗ്യം അനുഭവിക്കാനാകൂ. നഷ്ടപ്പെട്ട ആനന്ദങ്ങളെയും കൈമോശം വന്നുപോയ നൈർമല്യത്തെയും തിരികെപ്പിടിക്കാൻ മനുഷ്യന് ദൈവം നൽകിയ ഈ അമൂല്യദാനത്തിന്റെ ശ്രേഷ്ഠത അറിയാവുന്നവർ കുമ്പസാരക്കൂടിനെ പ്രണയിക്കുന്നത് കാണുമ്പോൾ അസൂയതോന്നാറുണ്ട്. അങ്ങനെയുള്ള മനുഷ്യരോടാണ് കുമ്പസാരക്കൂട് അകലെനിന്ന് പോലും കണ്ടിട്ടില്ലാത്തവർ അത് സ്ത്രീ ചൂഷണം ചെയ്യപ്പെടുന്ന ഇടമാണെന്നൊക്കെ പറഞ്ഞ് അലറിവിളിക്കാൻ ആജ്ഞാപിക്കുന്നത്. ഇതുവരെയും കുമ്പസാരിച്ചിട്ടില്ലാത്തവരുടെ, കുമ്പസാരത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് തികച്ചും അജ്ഞരായവരുടെ കൈയടിയിൽ മയങ്ങി ഒരു സാമൂഹ്യപരിഷ്കർത്താവായിത്തിർന്നുവെന്ന മിഥ്യാധാരണയുടെ തുഞ്ചത്തിരിക്കുമ്പോൾ കുമ്പസാരിക്കുന്നവരുടെ മുഖത്തെ പുച്ഛം നിങ്ങളുടെ കണ്ണിൽ പെടില്ലെന്നറിയാം. അത് കാണാനുള്ള ബോധമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ പെരുമ്പറകൊട്ടി വിവരക്കേട് എഴുന്നള്ളിക്കില്ലായിരുന്നല്ലോ...!!!
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-10-29 17:48:00
Keywordsകുമ്പസാര
Created Date2018-10-29 17:41:22