Content | വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് ഏകീകൃത രൂപം നല്‍കാന്‍ വത്തിക്കാന്‍ പുതിയ അന്താരാഷ്ട്ര സംഘടനക്കു രൂപം നല്‍കി. അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ വകുപ്പാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഫ്രാന്‍സിസ് പാപ്പ നടപ്പില്‍ വരുത്തുന്ന സഭാനവീകരണ പദ്ധതിയുടെ ഭാഗമായാണ് 'കാരിസ്' (CHARIS) എന്ന പേരില്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡിസംബർ എട്ടിന് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും.
സംഘടനയുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും അന്ന് പുറത്തിറക്കും. വിവിധ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംഘടനയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. ഒരു രാജ്യാന്തര മോഡറേറ്ററും ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 18 അംഗ ശുശ്രൂഷാകൂട്ടായ്മയും ഒരു ആത്മീയ ശുശ്രൂഷകനും സംഘടനയില്‍ ഉള്‍പ്പെടുന്നു. 2019 പെന്തക്കുസ്ത തിരുന്നാൾ മുതൽ മൂന്നു വർഷത്തേക്കാണ് ഭാരവാഹികൾക്ക് ചുമതല നല്‍കുന്നത്. ബെൽജിയം പ്രതിനിധി ഡോ. ജീൻ ലൂക്ക് മിയോൺസാണ് സംഘടനയുടെ മോഡറേറ്റര്‍. ഏഷ്യയില്‍ നിന്നുള്ള പ്രതിനിധി സിറില്‍ ജോണ്‍ കുറുവിലങ്ങാട് സ്വദേശിയാണ്.
ആഗോളസഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തെ ഫ്രാന്‍സിസ് പാപ്പയുടെ നവീകരണ പദ്ധതിയനുസരിച്ച് ഐക്യത്തോടെ മുന്നോട്ടു നയിക്കാന്‍ ഒരുമയോടെ പരിശ്രമിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ മേധാവി കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചു. |