category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ കുര്‍ബാന- അനാവശ്യ ചര്‍ച്ചകള്‍ ലക്ഷ്യം വെക്കുന്നതെന്ത്?
Contentവിശുദ്ധ കുർബാന അർപ്പണത്തെപ്പറ്റിയുള്ള ഇപ്പോഴത്തെ ചർച്ചകൾ തികച്ചും അനവസരത്തിലാണ് നടക്കുന്നത്. അത് സഭയെ കൂടുതൽ അനൈക്യത്തിലേക്ക് നയിക്കും എന്നത് നിസ്സംശയമാണ്. അതിനാല്‍ത്തന്നെ, അനൈക്യം വിതക്കാനുള്ള ബോധപൂര്‍വ്വകമായ ചില ശ്രമങ്ങളെ സമീപകാലസംഭവവികാസങ്ങളോട് ബന്ധപ്പെടുത്തി നാം മനസ്സിലാക്കേണ്ടതുമുണ്ട്. രണ്ടാം വത്തിക്കാൻ സൂനഹദോസ് വരെ ലോകത്തിൽ എല്ലാ കത്തോലിക്കാ സഭകളിലും അള്‍ത്താരാഭിമുഖമായ വി.കുർബാനയായിരുന്നു ഉണ്ടായിരുന്നത്. ആരാധന ക്രമത്തെപ്പറ്റി സൂനഹദോസ് പുറപ്പെടുവിച്ച രേഖയിൽ പറഞ്ഞിരുന്ന നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സാവധാനം ലത്തീൻ സഭയിൽ ജനാഭിമുഖ കുർബാന പ്രചാരത്തിലായി. ആ സ്വാധീനത്തിൽ തന്നെയാണ് നമ്മുടെ സഭയിലും അത് തുടങ്ങിയത്. നമ്മുടെ സഭക്ക് ഇന്നത്തേതുപോലെ ഒരു കേന്ദ്രീകൃത ഭരണ സംവിധാനം അക്കാലഘട്ടത്തില്‍ ഇല്ലാതിരുന്നതിനാൽ ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ നിയന്ത്രിക്കപ്പെടാതെ പോയി. ഭരണ സംവിധാനം വേണമെന്ന് നമ്മൾ ആവശ്യപ്പെടാത്തതു കൊണ്ടല്ല പ്രത്യുത റോമിൽ നിന്ന് അക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതുകൊണ്ടാണ്. ഏതായാലും അതിന്‍റെ പരിണിത ഫലമാണ് നമ്മുടെ സഭയിലെ വൈവിധ്യത്തിനും അനൈക്യത്തിനും വലിയൊരളവ് വരെ കാരണമായി തീർന്നത്. ഉദയംപേരൂർ സുന്നഹദോസിന് ശേഷം ആരാധന ക്രമത്തിൽ നടന്ന ലത്തീനീകരണം ഒഴിവാക്കി പുരാതന പാരമ്പര്യം പുന:സ്ഥാപിക്കാൻ, പ്രത്യേകിച്ച് വി.കുർബാനയർപ്പണത്തിലെ പൂർവ രൂപം വീണ്ടെടുക്കാൻ റോമിൽ നിന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് മുമ്പ് തന്നെ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ആ കമ്മീഷൻ 1957-ൽ തന്നെ കുർബാനക്രമം തയ്യാറാക്കിയിരുന്നു. അന്നു സൂനഹദോസിന്‍റെ നിർദ്ദേശങ്ങൾ ഇല്ലായിരുന്നല്ലോ. എന്നാൽ അതേ ക്രമം തന്നെ സൂനഹദോസിനിടയിൽ അതായത് 1962-ൽ നടപ്പിൽ വരുത്തി. അന്നേ അതിന് എതിർപ്പുണ്ടായിരുന്നു. എതിർപ്പിന് പ്രധാന കാരണം അത് സുനഹദോസിന്‍റെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് തയ്യാറാക്കപ്പെട്ടതായിരുന്നില്ല എന്നതാണ്. സൂനഹദോസിനു ശേഷമുള്ള കാലഘട്ടം സഭയിൽ വലിയ മാറ്റങ്ങളുടെ സമയമായിരുന്നു. ലത്തീൻ സഭയിൽ അവയെ ഫലപ്രദമായി നിയന്ത്രിക്കാൻ ശക്തരായ അധികാരികളുണ്ടായിരുന്നു. എന്നാൽ സിറോ മലബാർ സഭയൊഴികെ മറ്റൊരു പൗരസ്ത്യസഭയും സജീവമല്ലാതിരുന്നതിനാൽ ആരാധന ക്രമപരിഷ്കരണം അവരുടെ ചിന്തയിലേ വന്നില്ല. അവരെല്ലാം സ്വന്തം നിലനില്പിന് വേണ്ടി പൊരുതുന്നവരായിരുന്നു. സീറോ മലബാർ സഭയിലാകട്ടെ ആരും നിയന്ത്രിക്കാനും ഉണ്ടായിരുന്നില്ല. ഓരോ രൂപതകളിലും മെത്രാന്മാര്‍ അവരുടെ ബോധ്യത്തിനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും അതിനുസരിച്ചുള്ള പ്രബോധനങ്ങള്‍ നല്കുകയും ചെയ്തു. പണ്ഡിതനായിരുന്ന അഭിവന്ദ്യ പാറേക്കാട്ടിൽ പിതാവ് നടപ്പാക്കിയ പല ആശയങ്ങളും മറ്റ് പല മെത്രാന്മാരും സ്വീകരിച്ചു. എന്നാല്‍ ആ ആശയങ്ങളില്‍ നിന്ന് വിരുദ്ധമായ ആശയങ്ങളുള്ളവരും ഉണ്ടായിരുന്നതിനാല്‍ അത് മെത്രാന്മാരുടെ ഇടയിൽ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായി. ആരാധനാക്രമത്തിന്‍റെ പേരില്‍ രണ്ടു രീതികളുണ്ടായത് അങ്ങനെയാണ്. സീറോ മലബാര്‍ സിനഡ് അക്കാലഘട്ടത്തില്‍ ഇല്ലാതിരുന്നതിനാല്‍ ആരാധനാക്രമത്തെച്ചൊല്ലിയുള്ള അനൈക്യം വര്‍ദ്ധിച്ചുവന്നു. രണ്ട് രീതികളിലും ചിന്തിക്കുന്നവര്‍ സാവധാനം അവരവരുടെ ഇഷ്ടത്തിന് മുമ്പോട്ട് നീങ്ങി. പുതിയ കാനൻ നിയമം വന്നപ്പോൾ സീറോ മലബാര്‍ സഭക്ക് കേന്ദ്രീകൃത ഭരണ സംവിധാനം ഉണ്ടാവുക ആവശ്യമായി വന്നു. അതിന് ശേഷം ഒരു പാട് ആശയക്കുഴപ്പങ്ങളകന്ന് വലിയ ഐക്യം ഉണ്ടായിട്ടുണ്ട്. സാവധാനം അത് വര്‍ദ്ധിക്കുമെന്ന് സീറോ മലബാര്‍ മെത്രാന്മാരും സിനഡും പ്രത്യാശിക്കുന്നു. പുതിയ സംവിധാനത്തിൽ പരിശീലിപ്പിക്കപ്പെട്ട വൈദികരും മെത്രാന്മാരും അൽമായരും ഭൂ'രിപക്ഷമാകുന്നതോടെ പ്രശ്നങ്ങൾ ഒരളവ് വരെ പരിഹരിക്കപ്പെടും. അതിന് ചിലപ്പോള്‍ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടതായും വരും. ആയതിനാല്‍ത്തന്നെ നിലവിലുള്ള കുര്‍ബാനക്രമങ്ങളെ അനാദരവോടെ അവതരിപ്പിക്കുന്നതും മെത്രാന്മാരെ മോശമായി അഭിസംബോധന ചെയ്യുന്നതും വിലയിരുത്തുന്നതുമെല്ലാം നിലവില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഐക്യത്തെ ഇല്ലാതാക്കാനേ ഉപകരിക്കുകയുള്ളു. പലരുടെയും ശ്രമങ്ങളുടെ ഭാഗമായി കൂടുതല്‍‍ അനൈക്യം വിതക്കാനുള്ള ചില നീക്കങ്ങളെ നമ്മള്‍ സഭയൊന്നാകെ തടയേണ്ടതുണ്ട്. അതുപക്ഷേ ഈ ദിവസങ്ങളില്‍ നടന്നതുപോലെ എല്ലാവരെയും അടച്ചാക്ഷേപിച്ചുകൊണ്ടാകരുത് എന്നു മാത്രം. സീറോ മലബാര്‍ സഭയുടെ പിതാക്കന്മാരും സിനഡും പ്രത്യാശിക്കുന്ന ആരാധനാക്രമത്തിലടക്കമുള്ള സഭയുടെ ഐക്യത്തെ തകർക്കാനുള്ള ശ്രമങ്ങള്‍ കരുതിക്കൂട്ടിയുള്ളതാണോ എന്നും ആരാണ് ഈ വിഭജിച്ചു ഭരിക്കുന്നതിന്‍റെ പിന്നിലെ ലാഭമോഹികള്‍ എന്നും നാം കണ്ടെത്തേണ്ടിയിരിക്കുന്നു എന്നു കൂടെ സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-06 13:42:00
Keywordsകിഴക്ക
Created Date2018-11-06 13:54:41