Content | വാരി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നും കത്തോലിക്ക വൈദികനെയും മൂന്നു സഹപ്രവർത്തകരെയും തട്ടികൊണ്ട് പോയി. ഡെൽറ്റ സംസ്ഥാനത്തു ചൊവ്വാഴ്ച രാത്രി നടന്ന സംഭവം പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമീപ പ്രദേശമായ എക്പോമയിലേക്കുള്ള യാത്രാമധ്യേയാണ് ഫാ. ഇമ്മാനുവേൽ ഒബദജാരെ എന്ന വൈദികനെയും മൂന്നു സഹപ്രവർത്തകരെയും അജ്ഞാതരായ തോക്കുധാരികൾ ബന്ധികളാക്കിയത്. 2008-ല്‍ വൈദികനായി അഭിഷിക്തനായ ഫാ. ഒബദജാരെ വാരി രൂപതയിലെ ഒറെറോപ്കെ സെന്‍റ് വില്യം ഇടവക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡെൽറ്റ കമ്മീഷ്ണർ ഓഫ് പോലീസ് മുഹമ്മദ് മുസ്തഫ പറഞ്ഞു. കഴിഞ്ഞ മാസം ഡെൽറ്റ പ്രവിശ്യയിൽ നിന്നും അഞ്ച് സന്യസ്ഥരെ തട്ടികൊണ്ട് പോയിരുന്നു. ഈ വർഷം മാത്രം ആറ് വൈദികരെയാണ് അക്രമികള്‍ ബന്ധികളാക്കിയത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന നൈജീരിയയിൽ ബൊക്കോ ഹറാം തീവ്രവാദികളുടെ സാന്നിധ്യം സുരക്ഷ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. |