Content | വത്തിക്കാന്‍ സിറ്റി: ദേവാലയവും കൂദാശകളും കച്ചവടമാക്കരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. പേപ്പല്‍ വസതിയായ സാന്ത മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെയാണ് പാപ്പ തന്റെ ചിന്തകള്‍ പങ്കുവച്ചത്. യേശു ജറുസലേം ദേവാലയശുദ്ധി നടത്തിയ സംഭവം വിവരിക്കുന്ന സുവിശേഷത്തെ ആധാരമാക്കിയായിരിന്നു സന്ദേശം. കുര്‍ബ്ബാനയ്ക്കും കൂദാശകള്‍ക്കുമുള്ള ഓഹരിയായ പണം, കച്ചവടത്തുകയാകരുതെന്നും അത് സ്തോത്രക്കാഴ്ചയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ജറുസലേമില്‍ അന്നു സംഭവിച്ചതുപോലെ, അറിയാതെയും ശ്രദ്ധിക്കാതെയും നമ്മുടെ ദേവാലയങ്ങളും ചന്തസ്ഥലങ്ങള്‍പോലെ ആകുന്നുണ്ട്. റോമില്‍ അങ്ങനെ അല്ലായിരിക്കാം. എന്നാല്‍ ചില ദേവാലയങ്ങളില്‍ ഒരു 'നിരക്കുപട്ടിക' തൂങ്ങിക്കിടക്കുന്നത് കാണാം. കൂദാശകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ജനങ്ങളില്‍നിന്ന് പണം ഈടാക്കുന്നതെന്ന നിരക്കുഫലകമാണ് അവിടെ തൂങ്ങിക്കിടക്കുന്നത്! കുര്‍ബാനയ്ക്കും കൂദാശകള്‍ക്കുമുള്ള ഓഹരിയായ പണം, കച്ചവടത്തുകയാകരുത്. അത് ഒരു സ്തോത്രക്കാഴ്ചയാണ്. സ്തോത്രക്കാഴ്ചകള്‍ കാണിക്കയാണ്. അത് രഹസ്യമായി നിക്ഷേപിക്കേണ്ടതോ, നല്കപ്പെടേണ്ടതോ ആണ്.
സ്തോത്രക്കാഴ്ച എന്താണെന്ന് മറ്റാരും അറിയേണ്ടതില്ല. അത് ബോര്‍ഡില്‍ എഴുതി തിട്ടപ്പെടുത്തി വാങ്ങേണ്ടതുമല്ല. ചില തിരുനാളാഘോഷങ്ങളിലേക്ക് നാം കടന്നു ചെല്ലുമ്പോള്‍ മനസ്സിലാക്കാം, ആര്‍ഭാടങ്ങളുടെ ആധിക്യം. നാം വിലയിരുത്തണം- നാം കാണുന്നത് ഒരു ദേവാലയമോ, അതോ കച്ചവട കേന്ദ്രമോ? ആര്‍ഭാടങ്ങളുടെയും, സാമൂഹിക ആഘോഷങ്ങളുടെയും മണ്ഡപമാണോ ദേവാലയം? നമ്മുടെ ദൈവാലയാഘോഷങ്ങള്‍ ഇന്നു വളരെയധികം ലൗകികതയിലേയ്ക്ക് വഴുതിപ്പോകുന്നുണ്ട്. നല്ല ആഘോഷങ്ങള്‍ ഭംഗിയുള്ളതായിരിക്കണം, തീര്‍ച്ച...!
ഒരു ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ എത്രത്തോളം ആദരവ് നാം അവിടെ പാലിക്കുന്നുണ്ടെന്നും, ആദരവ് നല്കുന്നുണ്ടെന്നും മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണ്. നമ്മള്‍ എല്ലാവരും പാപികളും കുറവുകള്‍ ഉള്ളവരുമാണ്. നമ്മില്‍ പാപമുണ്ട്. എന്നാല്‍ നമ്മുടെ ഹൃദയത്തില്‍ വിഗ്രഹമുണ്ടെങ്കില്‍ അത് പണമാകാം, അല്ലെങ്കില്‍ അതുപോലെ മറ്റേതെങ്കിലും തിന്മയാകാം. നമ്മില്‍ പാപമുണ്ടെങ്കില്‍ അവിടെ ദൈവവുമുണ്ട്. കാരണം ദൈവം പാപികളെ സ്നേഹിക്കുന്നു. അവിടുന്ന് പാപികളെ സ്നേഹിക്കുന്ന കരുണാര്‍ദ്രനായ പിതാവാണ്.
നാം സമ്പത്തിന്‍റെ ആരാധകരാണെങ്കില്‍ വിഗ്രഹാരാധകരെപ്പോലെയാണ്! അപ്പോള്‍ ദൈവം നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നില്ല. അവിടെ പണവും, സുഖലോലുപതയും അതുപോലുള്ള മറ്റു തിന്മകളുമാണ് തിങ്ങിനില്ക്കുന്നത്. അങ്ങനെ തന്‍റെ ആത്മാവിനെയാണ് വ്യക്തി സമ്പത്തിന് അടിയറവയ്ക്കുന്നത്. പണത്തെ പൂവിട്ട് ആരാധിക്കുന്നവര്‍ അങ്ങനെ വിഗ്രഹാരാധകരായി മാറുന്നു. ഇന്ന് നാം നമ്മുടെ ദേവാലയങ്ങളെ എങ്ങനെയാണ് സൂക്ഷിക്കുന്നത് എന്നു വിലയിരുത്താന്‍ സഹായകമാകുന്നതാണ് യേശു ജറുസലേം ദേവാലയത്തില്‍ നടത്തിയ ശുദ്ധികലശം. ദൈവമായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് നാം ദേവാലയങ്ങളില്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
|