Content | വത്തിക്കാന്‍ സിറ്റി/ കൊച്ചി: ആഗോള കത്തോലിക്ക സഭ ഇന്നു പാവങ്ങളുടെ ദിനമായി ആചരിക്കുന്നു. പാവങ്ങളോടു പക്ഷം ചേരേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ദിനാചരണം. “ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവ് കേട്ടു, എല്ലാ കഷ്ട്ടതകളില്‍ നിന്ന്‍ അവനെ രക്ഷിക്കുകയും ചെയ്തു” (സങ്കീര്‍ത്തനം 34:6) എന്ന ബൈബിള്‍ വാക്യമാണ് ഈ വര്‍ഷത്തെ പാവങ്ങളുടെ ആഗോള ദിനത്തിന്റെ മുദ്രാവാക്യം. ഇന്നു സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഭവനരഹിതര്‍ക്കായി പ്രത്യേക കുര്‍ബാന ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കും.
ഇതേ തുടര്‍ന്നു റോമിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍ നല്‍കുന്ന വിരുന്നിലും പാപ്പ പങ്കെടുക്കും. പാവങ്ങളും, ഭവനരഹിതരുമായ ഏതാണ്ട് മൂവായിരത്തോളം പേര്‍ വിരുന്നില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദിനാചരണത്തിന്റെ ഭാഗമായി വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറിനു സമീപം താല്‍ക്കാലിക സൗജന്യ ആശുപത്രി ആരംഭിച്ചിട്ടുണ്ട്. കരുണയുടെ വര്‍ഷത്തിന്റെ സമാപന വേളയില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ ‘പാവങ്ങളുടെ ആഗോള ദിനം’ പ്രഖ്യാപനം നടത്തിയത്. ദിനചാരണവുമായി ബന്ധപ്പെട്ടു കേരളത്തിലും വിവിധ പരിപാടികള്‍ നടക്കും. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കാരുണ്യപ്രവൃത്തികള്‍, അഗതിമന്ദിര സന്ദര്‍ശനം, കാരുണ്യസന്ദേശയാത്രകള്‍ തുടങ്ങിയവയാണ് നടക്കുക. കഴിഞ്ഞ വര്‍ഷം മുതലാണ് പാവങ്ങളുടെ ദിനാചരണം ആരംഭിച്ചത്.
|