Content | ജറുസലേം: യേശുവിനെ കുരിശു മരണത്തിനു വിധിച്ച റോമന്‍ ഗവര്‍ണര്‍ പന്തിയോസ് പീലാത്തോസിന്റേതെന്നു കരുതപ്പെടുന്ന മോതിരം ഖനനത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്ട്ട്. അരനൂറ്റാണ്ടു മുന്പ് ഹീബ്രു യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഗിദയോന്‍ ഫോസ്റ്റര്‍ നടത്തിയ പുരാവസ്തു ഖനനത്തിലാണ് ഇതു കിട്ടിയതെങ്കിലും ഇതില്‍ കൊത്തിയിരിക്കുന്ന പേര് വായിച്ചു മനസിലാക്കിയത് അടുത്ത ദിവസങ്ങളിലാണെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എഡി 26 മുതല്‍ 36 വരെ യൂദയായില്‍ ഭരണം നടത്തിയ റോമന്‍ ഗവര്‍ണര്‍ പീലാത്തോസിന്റെ പേരു തന്നെയാണ് മോതിരത്തില്‍ പതിഞ്ഞിരിക്കുന്നതെന്ന് ഗവേഷകനായ ഡാനി ഷ്വാര്‍റ്റ്സിനെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമമായ ഹാരറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബത്ലഹേമിനു സമീപത്തുനിന്നാണ് പ്രഫസര്‍ക്ക് ഈ മോതിരം ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കിട്ടിയത്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പിത്തള മോതിരം ശുചിയാക്കി പ്രത്യേക കാമറ ഉപയോഗിച്ച് അതിന്റെ ഫോട്ടോ എടുത്തു നിരീക്ഷണം നടത്തിയപ്പോഴാണ് വീഞ്ഞു ചഷകത്തിന്റെ ചിത്രത്തോടൊപ്പം ഗ്രീക്കില്‍ പീലാത്തോസ് എന്ന പേരും കാണപ്പെട്ടത്. മോതിരം കൂടുതല്‍ പഠനത്തിന് വിധേയമാക്കാനാണ് ഗവേഷകരുടെ തീരുമാനം. |