Content | കൊച്ചി: സഭയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടുന്നതിനായി കെസിബിസി ക്രിസ്ത്യന്‍ മീഡിയേഷന്‍ കൗണ്‍സിലിനു രൂപം നല്‍കുമെന്നു പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. മീഡിയേഷന്‍ കൗണ്‍സിലിനായി നിയമവിദഗ്ധരും വ്യത്യസ്ത രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമായ വിശ്വാസികളുടെ സമിതിയെ നിയോഗിക്കുമെന്നും വ്യത്യസ്ത വീക്ഷണങ്ങളും നവീന ആശയങ്ങളും പങ്കുവയ്ക്കാനും തുറന്ന സംവാദങ്ങളില്‍ ഏര്‍പ്പെടാനും സഭയ്ക്കുള്ളിലുള്ള ഉചിതമായ സംവിധാനങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമാധ്യമങ്ങളില്‍ സഭയുടെ നിലപാടുകളും അഭിപ്രായങ്ങളും അറിയിക്കാന്‍ നിയോഗിക്കപ്പെട്ടവരൊഴിച്ച് വ്യക്തികള്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും നിലപാടുകളും അവരുടേതു മാത്രമാണ്. സഭയുടെ സ്ഥാപനങ്ങള്‍ അവയുടെ സ്ഥാപനോദ്ദേശ്യം നിറവേറ്റുന്നു എന്നുറപ്പുവരുത്തുന്ന മിഷന്‍ ഓഡിറ്റിന് കാലാകാലങ്ങളില്‍ വിധേയമാക്കണം. ഓരോ സ്ഥാപനവും നല്‍കുന്ന സേവനത്തിന്റെ സ്വഭാവവും ലക്ഷ്യവും അനുസരിച്ച് സുവിശേഷാത്മകമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഇതു നിര്‍വഹിക്കേണ്ടത്. ഇതിന്റെ മാതൃക കെസിബിസി പ്രസിദ്ധീകരിക്കും.
ഓഖി ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ടവരുടെ പുനരധിവാസ പുരോഗതി സമ്മേളനം വിലയിരുത്തി. ഓഖി ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ ഉത്കണ്ഠയുണ്ടെന്നും രണ്ടു ദിവസത്തെ കെസിബിസി സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മുഴുവനായി നല്കാനാത്തതു നിരാശാജനകമാണ്. 2019 ജൂണിനു മുന്പ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നു കരുതുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കന്യാകുമാരി ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ദുരന്തബാധിതര്‍ക്കാണ് സഭ സഹായം നല്‍കുന്നത്. നാനൂറോളം കുടുംബങ്ങള്‍ക്കു ഭവനനിര്‍മാണം, വരുമാന വര്‍ദ്ധന പദ്ധതികള്‍, ശൗചാലയം എന്നിവയാണു സഭയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്നത്.
ദുരിത ബാധിതര്‍ക്കുള്ള കത്തോലിക്കാ സഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പിഒസിയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവുമാണ് നേതൃത്വം നല്കുന്നത്. ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ 13.18 കോടി രൂപയാണു സഭ ചെലവഴിച്ചത്. ഇതില്‍ 5.18 കോടി രൂപ കെസിബിസി സമാഹരിച്ചതാണ്. ഓഖി പുനരധിവാസത്തിനായി സര്‍ക്കാര്‍ സമാഹരിച്ച തുക വകമാറ്റിവിട്ടില്ലെന്നത് ആശ്വാസകരമാണെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ കാര്യമായി ഒന്നും നടക്കുന്നില്ലെന്നതു വേദനാജനകമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത ജനാധിപത്യമൂല്യങ്ങളെ അപകടപ്പെടുത്തുന്ന പ്രതിലോമ ശക്തികള്‍ക്കെതിരേ, ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടെടുക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ട്.
കോടതികള്‍ ഭരണഘടനയും മൗലികാവകാശങ്ങളും വ്യാഖ്യാനിക്കുന്‌പോള്‍ വ്യക്തികള്‍ക്കും സമൂഹത്തിനുമുള്ള അവകാശങ്ങള്‍ പരസ്പരം റദ്ദാക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതാണ്. വ്യക്തിയുടെ സ്വാതന്ത്ര്യം കുടുംബത്തിന്റെ നിലനില്‍പ്പിനും ഭദ്രതയ്ക്കും ഭീഷണിയാകുന്നതും, വ്യക്തിസമത്വവും സ്വാതന്ത്ര്യവും മറ്റു വ്യക്തികളുടെയും സമൂഹങ്ങളുടെയും ആരാധനാ സ്വാതന്ത്ര്യത്തിനും വിശ്വാസാചാരങ്ങള്‍ക്കും ഭീഷണിയാകുന്നതും സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കും. പ്രതിസന്ധിയുണ്ടാകുന്‌പോള്‍ സഭ ആത്മാര്‍ഥമായ ആത്മപരിശോധനയ്ക്കും തിരുത്തലിനും നവീകരണത്തിനും വിധേയമാകണം. ഇക്കാര്യത്തില്‍ കേരളസഭയ്ക്ക് തുറന്ന മനസാണുള്ളത്.
സഭയെ ബലഹീനമാക്കാനും തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളെ തിരിച്ചറിയാനും അതിജീവിക്കാനുമുള്ള ആത്മീയബലം സഭയ്ക്കുണ്ട്. വിശ്വാസം, ശരണം, ഉപവി എന്നീ ദൈവിക മൂല്യങ്ങളില്‍ അടിയുറച്ച സമീപനമാണു സഭയുടേത്. സ്‌നേഹവും കൂട്ടായ്മയും കാരുണ്യത്തിന്റെ പ്രവൃത്തിയുമാണു സഭയെ എക്കാലവും ശക്തിപ്പെടുത്തിയിട്ടുള്ളത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു സഭ മുന്നേറും. കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളില്‍ പരാതികള്‍ പരിഹരിക്കാന്‍ നിയതമായ സംവിധാനങ്ങളുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കാതെയുള്ളതാണ്. കലണ്ടറുകളില്‍ മെത്രാന്മാരുടെ ജനന തീയതികള്‍ ഓര്‍മിപ്പിക്കുന്നതു പതിവാണ്.
എവിടെയെങ്കിലും അതുണ്ടായെങ്കില്‍ വിവാദമാക്കേണ്ടതില്ല. ഫാ. അഗസ്റ്റിന്‍ വട്ടോളിയോടു രൂപതാധ്യക്ഷന്‍ വിശദീകരണം ആവശ്യപ്പെട്ടതു സ്വാഭാവികമായ നടപടിയാണ്. മെത്രാനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ചുമതലയാണത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിന് അനാവശ്യമായ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. നവോത്ഥാന കേരളത്തിനു കത്തോലിക്കാസഭ നല്‍കിയിട്ടുള്ള സംഭാവനകള്‍ അനിഷേധ്യമാണ്. നവകേരള നിര്‍മിതിക്കു സഭ എന്നും കൂടെയുണ്ടാകും. ഇതില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനോടു താത്പര്യമില്ലെന്നും ആര്‍ച്ച്ബിഷപ് സൂസപാക്യം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി, ജെപിഡി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടികാട്ടില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. |