Content | ചങ്ങനാശേരി: യുവജനങ്ങള്‍ നന്മയിലും കൂട്ടായ്മയിലും വളര്‍ന്ന് സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷകള്‍ നിറവേറ്റണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത യുവദീപ്തിഎസ്എംവൈഎം യൂത്ത് എലൈവ് യുവജന കണ്‍വന്‍ഷന്‍ എസ്ബി കോളജ് കാവുകാട്ടു ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാമൂഹ്യ മാധ്യമങ്ങളെ തിരിച്ചറിവോടെ ഉപയോഗിക്കാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഷിജോ മാത്യു ഇടയാടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത ഡയറക്ടര്‍ ഫാ.ജേക്കബ് ചക്കാത്തറ ആമുഖ പ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് പ്രസംഗിച്ചു. തലശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, സിനി ആര്‍ട്ടിസ്റ്റ് സിജോയി വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വൈകുന്നേരം എസ്ബി കോളജില്‍നിന്ന് എസ്ബി ഹൈസ്‌കൂളിലേക്കു വര്‍ണശബളമായ യുവജനറാലിയോടെ സമ്മേളനം സമാപിച്ചു. യുവജനങ്ങള്‍ക്കൊപ്പം റാലിയില്‍ അണിചേരാന്‍ ബിഷപ്പും എത്തിയത് ഏവര്‍ക്കും ആവേശമായി. |