Content | ഇസ്ലാമാബാദ്: അടുത്ത വർഷം സമാധാനത്തിന്റെയും പ്രതീക്ഷയുടേയും വർഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാനിലെ കത്തോലിക്ക സഭ. ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും ഇസ്ലാമാബാദ് - റാവൽപിണ്ടി ആർച്ച് ബിഷപ്പുമായ ജോസഫ് അർഷാദാണ് സെന്‍റ് ജോസഫ് കത്തീഡ്രലില്‍വച്ചു ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ദിവ്യകാരുണ്യ വര്‍ഷമായി ആചരിച്ചതിന് പിന്നാലെയാണ് സമാധാന വര്‍ഷത്തിനുള്ള ആഹ്വാനം അദ്ദേഹം നടത്തിയത്. ഇന്നത്തെ കാലഘട്ടത്തിൽ സമാധാനവും പ്രതീക്ഷയുമാണ് രാജ്യത്തിന് ആവശ്യമെന്നും ഇടവകയിലും സമൂഹത്തിലും സമാധാനത്തിന്റെ പ്രതീക്ഷയുടേയും ദൂതരാകുവാൻ ക്രൈസ്തവരെന്ന നിലയിൽ നാം പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ക്രിസ്തുവാണ് നമ്മുടെ സമാധാനവും പ്രത്യാശയും. സമാധാനത്തിന്റെ രാജാവാണ് അദ്ദേഹം. ക്രൈസ്തവ മൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമാധാനവും പ്രതീക്ഷയും. ഇവ സ്ഥാപിതമാകാൻ വൈദികരും സന്യസ്തരും അല്മായരും സഭാ സംഘടനകളും സ്ഥാപനങ്ങളും മുൻകൈയ്യെടുക്കണമെന്നും രൂപതാദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. രൂപതയുടെ എല്ലാ ഇടവകകളിലും 2019 ജനുവരി ഒന്നിന് സമാധാനത്തിന്റെയും പ്രത്യാശയുടേയും വർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും. ലോകസമാധാന ദിനമെന്ന നിലയിൽ മാർപാപ്പയുടെ പ്രത്യേക സന്ദേശവും ദേവാലയത്തിൽ വായിക്കും.
ആത്മ നവീകരണത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങളാണ് മതങ്ങളുടെ സംസ്കാരങ്ങളുടേയും മൂല്യം. സമാധാനത്തിന്റെ പുതുയുഗം സ്ഥാപിക്കാൻ എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തു. സമാധാനത്തിന്റെ ഉപകരണമാക്കണമേയെന്ന് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയോടൊപ്പം പ്രാർത്ഥിക്കാനും രാജ്യത്തും ലോകത്തിലും സമാധാനത്തിന്റെയും പ്രതീക്ഷയുടേയും മാർഗങ്ങൾ തെളിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ബ്രിട്ടീഷ് സൈന്യത്തിന്റെ വൈദികരാണ് പത്തൊൻപതാം നൂറ്റാണ്ടിൽ റാവൽപിണ്ടിയിലും പെഷാവറിലും കത്തോലിക്ക സമൂഹങ്ങൾക്ക് രൂപം നൽകിയത്. 1947 ജൂലൈ പത്തിനാണ് ഇസ്ലാമാബാദ് - റാവൽപിണ്ടി രൂപത നിലവിൽ വന്നത്. രൂപതയുടെ പതിനൊന്നാമത് ബിഷപ്പായി 2017 ഫെബ്രുവരിയില്‍ മാർ ജോസഫ് അർഷാദ് തിരഞ്ഞെടുക്കപ്പെടുകയായിരിന്നു. സമാധാനത്തിനായുള്ള ശ്രമങ്ങളാണ് അദ്ദേഹം തന്റെ സേവനത്തിന്റെ മുഖമുദ്രയായി സ്വീകരിച്ചിരിക്കുന്നത്. |