Content | ശില്പങ്ങൾക്ക് വചന സന്ദേശം നല്കാൻ കഴിയുമോ? ശില്പങ്ങൾക്കും അത് സാധ്യമാണെന്ന് ജസൂട്ട് വൈദികനായ ഫാ. റോറി ജോഗഗാൻറെ ശില്പങ്ങൾ കണ്ടാൽ നമുക്ക് മനസ്സില്ലാകും. നോർത്ത് വെയിൽസിലെ ജസ്യൂട്ട് സഭയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ST.BEUNOS സ്പിരിച്വാലിറ്റി സെൻറെറിൽ സ്ഥാപിച്ചിരിക്കുന്ന അദ്ദേഹത്തിൻറെ "വിസിറ്റേഷൻ" എന്നറിയപ്പെടുന്ന ഈ പ്രശസ്തമായ ശില്പം ദൈവവചനത്തിൻറെ ആഴമായ സന്ദേശങ്ങൾ നമ്മിലേക്ക് പകരുന്നു. മറിയം എലിസബത്തിനെ സന്ദർശിച്ച് അഭിവാദനം ചെയ്യുന്ന രംഗം മനോഹരമായി ഈ ശില്പത്തിലൂടെ അവതരിപ്പിക്കുന്നു. മറിയം എലിസബത്തിനെ സന്ദർശിക്കുമ്പോൾ രണ്ടുപേരും ഗർഭിണിയായിരുന്നു. അതുകൊണ്ട് ഈ ശില്പത്തിൽ രണ്ട് ഗർഭപാത്രങ്ങളേയും ചേർത്ത് ഒറ്റ ഗർഭപാത്രമായി ചിത്രീകരിക്കുന്നു. മറിയം എലിസബത്തിനെ അഭിവാദനം ചെയ്തപ്പോൾ എലിസബത്തിൻറെ ഉദരത്തിൽ ശിശു കുതിച്ചുചാടി എന്ന് ബൈബിൾ പറയുന്നു (ലൂക്കാ 1:41). ഇവിടെ ഒന്നായി മാറിയ ഈ ഗർഭപാത്രത്തിനുള്ളിൽ ഗർഭസ്ഥ ശിശുക്കളായ സ്നാപകയോഹന്നാനും യേശുവും സന്തോഷം നിറഞ്ഞ് കുതിച്ചു ചാടുന്നതായി ചിത്രീകരിക്കുന്നു. ആഴത്തിൽ ധ്യാനിക്കുമ്പോൾ ഈ ശില്പം വാക്കുകൾക്ക് അപ്പുറത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്നു. മറിയം നമ്മുടെ ജീവിതത്തിലേയ്ക്ക് ആനന്ദം കൊണ്ടുവരുന്നവളാണ്. അവൾ കൊണ്ടുവരുന്ന ആനന്ദം ക്രിസ്തുവാണ്. ക്രിസ്തു നമ്മെ മുകളിൽ നിന്നും അനുഗ്രഹിക്കുക മാത്രമല്ല ചെയ്യുന്നത്; പിന്നെയോ നമ്മോട് ഒന്നു ചേർന്ന് തൻറെ ആനന്ദം അതിരുകളില്ലാതെ പകരുവാൻ അവൻ ആഗ്രഹിക്കുന്നു. ആ ആനന്ദം നുകർന്നാൽ നമുക്കും സ്നാപകയോഹന്നാനെപ്പോലെ സന്തോഷത്താൽ കുതിച്ചു ചാടുവാൻ സാധിക്കും. ഈ ലോകം നല്കുന്ന സന്തോഷത്തേക്കാളും ക്രിസ്തു നല്കുന്ന ആനന്ദം എത്രയോ വലുതാണെന്ന് ഈ ശില്പം നമ്മെ പഠിപ്പിക്കുന്നു. ഓരോ വി. കൂർബ്ബാനയിലും നമ്മോടൊന്നായി ഈ ആനന്ദം നമ്മിലേക്ക് പകരുവാൻ അവൻ ആഗ്രഹിക്കുന്നു. അവൻ നല്കുന്ന ആനന്ദം മറ്റാർക്കും നമ്മിൽ നിന്ന് എടുത്തു മാറ്റുവാൻ സാധിക്കില്ലായെന്ന് ബൈബിൾ പറയുന്നു. <br/><br/>
(യോഹ 16:22) |