Content | വത്തിക്കാന് സിറ്റി: വത്തിക്കാനും, വിയറ്റ്നാമുമായി വർഷങ്ങളായി നടക്കുന്ന ചർച്ചകൾക്കൊടുവിൽ കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിൽ സ്ഥിരം പേപ്പൽ പ്രതിനിധിയെ നിയമിക്കാൻ സാധ്യത തെളിയുന്നു. വത്തിക്കാൻ പ്രതിനിധി സംഘവും വിയറ്റ്നാമിന്റെ പ്രതിനിധി സംഘവും തമ്മിൽ നടന്ന ചർച്ചയിൽ പുരോഗതിയുണ്ടെന്നും, വിയറ്റ്നാമുമായി ബന്ധം ഊഷ്മളമാക്കി സമീപഭാവിയിൽ സ്ഥിരം പേപ്പൽ പ്രതിനിധിയെ നിയമിക്കാൻ സാധ്യതയുണ്ടെന്നും വത്തിക്കാൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇപ്പോഴത്തെ ഈ ചുവടുവെപ്പ് രണ്ടുകൂട്ടരും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ സഹായകമാകുമെന്ന് വിയറ്റ്നാം സംഘം ആത്മവിശ്വാസം പ്രകടിപ്പിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു.
വത്തിക്കാനും വിയറ്റ്നാമും തമ്മിൽ പൂർണമായ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായുള്ള ഏഴാമത് ഔദ്യോഗിക കൂടിക്കാഴ്ച ഡിസംബർ പത്തൊമ്പതാം തിയതി വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിലാണ് നടന്നത്. ഇരു രാജ്യത്തെയും പ്രതിനിധികൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ച 2016ലാണ് നടന്നത്. പൂർണ്ണമായ നയതന്ത്ര ബന്ധമില്ലെങ്കിലും 2011 മുതൽ സ്ഥിരമല്ലാത്ത ഒരു നയതന്ത്രപ്രതിനിധി വത്തിക്കാന് വിയറ്റ്നാമിൽ ഉണ്ട്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിയറ്റ്നാമിന്റെ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഈ നിയമനം സാധ്യമായത്. 2016ൽ ഫ്രാൻസിസ് മാർപാപ്പ വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ഡേയ് കാങിന് വത്തിക്കാനിൽ സ്വീകരണം നൽകിയിരുന്നു. മത സ്വാതന്ത്ര്യത്തെപ്പറ്റി അമേരിക്കയുടെ അന്താരാഷ്ട്ര കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ മതവിശ്വാസം ഏറ്റവും അധികമായി അടിച്ചമർത്തുന്ന ലോകത്തിലെ 16 രാജ്യങ്ങളുടെ പട്ടികയിൽ വിയറ്റ്നാമും ഉൾപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വത്തിക്കാനുമായി നടത്തുന്ന ചർച്ചയിൽ ഉള്ള പുരോഗതി അന്താരാഷ്ട്ര തലത്തിൽ വിയറ്റ്നാമിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. |