Content | തിരുവനന്തപുരം: കേരള ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും മലയാളി സമൂഹത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമാശീലത്തിന്റെയും ചൈതന്യം ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആനന്ദകരമാകട്ടെ ഈ ക്രിസ്മസെന്നും ഗവര്‍ണര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്നും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമായാണ് ക്രിസ്തുവിന്റെ പിറവി നടന്നതെന്നും മുഖ്യമന്ത്രി ആശംസാ കുറിപ്പില്‍ കുറിച്ചു.
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന വചനം പ്രസക്തമാണെന്ന് നമ്മെ ഓര്‍മിപ്പിച്ച കാലം കൂടിയാണിത്. പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം വാതിലുകള്‍ അന്യനു വേണ്ടി തുറന്നിടാന്‍ മനസു കാണിച്ചവര്‍ ക്രിസ്മസിന്റെ സന്ദേശം തന്നെയാണ് ഉള്‍ക്കൊള്ളുന്നത്. കേരളീയര്‍ക്കിത് അതിജീവനത്തിന്റെ കാലം കൂടിയാണ്. പ്രതീക്ഷാനിര്‍ഭരമായ നല്ല നാളെയിലേക്കു ചുവടുവയ്ക്കാന്‍ ക്രിസ്മസ് നമുക്ക് കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|