Content | മനില: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളായ സെപ്റ്റംബർ എട്ടാം തീയതി പ്രത്യേക അവധി ദിനമായി പ്രഖ്യാപിക്കാനുള്ള ബില്ല് ഫിലിപ്പീൻസിലെ ജനപ്രതിനിധി സഭ പാസാക്കി. സെപ്തംബർ എട്ടാം തീയതി അവധി ദിനമാക്കാനുള്ള ബില്ല് ഏകകണ്ഠമായാണ് ജനപ്രതിനിധി സഭ പാസാക്കിയത്. റുഡോൾഫോ ഫരിനാസ് എന്ന ജനപ്രതിനിധിയാണ് ബില്ല് അവതരിപ്പിച്ചത്. മാതാവിന്റെ ജനനത്തിരുനാൾ ആഘോഷം പരിശുദ്ധ കന്യകാമറിയത്തോടുള്ള ക്രിസ്ത്യാനികളുടെ സ്നേഹത്തിന്റെയും, ഭക്തിയുടെയും പ്രകടനമാണെന്ന് റുഡോൾഫോ ഫരിനാസ് പറഞ്ഞു.
അത്ഭുതങ്ങൾക്കായി പ്രാർത്ഥിക്കുന്നതിൽ നിന്നും, മാതാവിന്റെ മാധ്യസ്ഥം ആവശ്യപ്പെടുന്നതിൽ നിന്നും, ആഘോഷങ്ങളിൽ നിന്നും മാതാവിനോടുള്ള ഫിലിപ്പീൻസ് ജനതയുടെ ഭക്തി പ്രതിഫലിപ്പിക്കപ്പെടുന്നുവെന്നു ഫരിനാസ് പറഞ്ഞു. മറ്റു ചില ജനപ്രതിനിധികളും ബില്ലിന് രൂപം കൊടുക്കുന്നതിൽ റുഡോൾഫോ ഫരിനാസിനെ സഹായിക്കാന്‍ രംഗത്തെത്തിയിരിന്നു. കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നേറുന്ന ഫിലിപ്പീന്‍സില്‍ മരിയ ഭക്തി ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. 1942 സെപ്റ്റബർ 12 ന് 'ഇംപോസ്തി നോബിസ്' എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പന്ത്രണ്ടാം പീയൂസ് മാർപാപ്പ, അമലോത്ഭവ മറിയത്തെ ഫിലിപ്പീൻസിന്റെ മദ്ധ്യസ്ഥ സഹായിയായി പ്രഖ്യാപിച്ചിരിന്നു.
|