Content | വത്തിക്കാന്‍ സിറ്റി: ‘പാപ്പായുടെ പത്ര’മെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വത്തിക്കാന്‍റെ പത്രം ഒസര്‍വത്തോരെ റൊമാനോയുടെ പത്രാധിപര്‍ ജിയോവാനി മരിയ വിയാന്‍ വിരമിച്ചു. 2007ലാണു സഭാചരിത്ര പണ്ഡിതനായ പ്രഫ. വിയാന്‍ പത്രത്തിന്റെ മുഖ്യപത്രാധിപരായത്. വിയാന്‍ പത്രത്തിന്റെ ഡയറക്ടര്‍ എമരിറ്റസ് ആയി തുടരും. ആന്‍ഡ്രിയ മോന്‍ഡയാണ് പുതിയ മുഖ്യ പത്രാധിപര്‍. 52 വയസുള്ള അദ്ദേഹം നിയമത്തിലും മതപഠനത്തിലും ബിരുദങ്ങള്‍ ഉള്ള പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ കൂടിയാണ്. ല സിവിത കത്തോലിക്ക, അവനിര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുത്തുകാരനാണ്.
ഇതിനിടെ വത്തിക്കാന്റെ കമ്യൂണിക്കേഷന്‍സ് വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായി ആന്‍ഡ്രിയ ടോര്‍ണിയെള്ളിയെ നിയമിച്ചു. വത്തിക്കാന്‍ ഇന്‍സൈഡര്‍ എന്ന വെബ്‌സൈറ്റ് നടത്തുന്ന ഇദ്ദേഹം ലാ സ്റ്റാംപ അടക്കം പല പത്രങ്ങളിലും പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.
|