Content | മൊസൂള്‍: സഹനങ്ങള്‍ക്കിടയിലും ക്രിസ്തുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചുമുന്നേറുന്ന ഇറാഖിലെ ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്‍. സമാധാനവും സഹവർത്തിത്വവും നിലനിൽക്കുന്ന ഒരു രാജ്യം പണിതുയർത്താൻ ക്രൈസ്തവരും, ഇസ്ലാം മതവിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. ഡിസംബർ 24 മുതൽ ഇരുപത്തിയെട്ടാം തിയതി വരെ കർദ്ദിനാൾ പിയട്രോ പരോളിന്‍ ഇറാഖ് സന്ദർശനം നടത്തിയിരിന്നു. കല്‍ദായന്‍, സിറിയൻ, ലത്തീൻ റീത്തുകളുടെ കത്തീഡ്രലുകളിൽ അദ്ദേഹം വിശുദ്ധ കുർബാനയർപ്പിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്തുമസ് ആശംസകളും കർദ്ദിനാൾ ഇറാഖി ജനതയെ അറിയിച്ചു. നല്ല ഭാവിക്കായി ഒരുമിച്ച് പ്രയത്നിക്കാൻ ആളുകൾക്ക് കർദ്ദിനാൾ പരോളിൻ പ്രോത്സാഹനം നൽകി. ഡിസംബർ ഇരുപത്തിനാലാം തീയതി സെന്റ് ജോസഫ് കല്‍ദായന്‍ കത്തീഡ്രലിൽ അദ്ദേഹം അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഇറാഖി പ്രസിഡന്റും, മന്ത്രിമാരും, വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും, മുസ്ലിം വിഭാഗങ്ങളുടെ നേതാക്കന്മാരും എത്തിയിരുന്നു. കല്‍ദായന്‍ പാത്രിയാർക്കീസായ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ വിശുദ്ധ ബലിയിൽ സഹകാർമ്മികനായിരുന്നു. |