Content | വരാപ്പുഴ: ജനുവരി 22 മുതൽ 27 വരെ പനാമയില്‍ നടക്കുന്ന അന്താരാഷ്ട്ര യുവജന സംഗമത്തിന്റെ വോളന്റിയർ ടീമിലേക്ക് കേരള സഭയെ പ്രതിനിധീകരിച്ച് രണ്ടുപേര്‍. വരാപ്പുഴ അതിരൂപതാഗംങ്ങളായ ഫാ. സ്റ്റാൻലി മാതിരപ്പിള്ളിയും ജോസ്മോൻ തൈപ്പറമ്പിലുമാണ് ഇന്റർനാഷ്ണൽ വോളന്റിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. താലന്ത് മാസികയുടെ ചീഫ് എഡിറ്ററായി സേവനം ചെയ്യുന്ന ഫാ.സ്റ്റാൻലി മാതിരപ്പിള്ളി പങ്കെടുക്കുന്ന ആദ്യ യുവജന സംഗമമാണിത്.
എളംകുളം ഫാത്തിമ മാതാ ഇടവകാംഗമായ ജോസ്മോൻ തൈപ്പറമ്പിലിന്റെ മൂന്നാം ലോകയുവജന സമ്മേളനമാണിത്. 2011 -ൽ സ്പെയിനിലെ മാഡ്രിഡിലും, 2016 -ൽ പോളണ്ടിലെ ക്രാക്കോവിലും നടന്ന യുവജന സംഗമങ്ങളില്‍ ജോസ് മോൻ പങ്കെടുത്തിട്ടുണ്ട്. ക്രാക്കോവിൽ സംഘാടക സമിതിയുടെ ഇന്റർനാഷ്ണൽ വോളണ്ടിയർ ടീമിൽ ഇൻഫർമേഷൻ ഓഫീസറായി അദ്ദേഹം സേവനം ചെയ്തിരിന്നു. യുവജന സമ്മേളനത്തിന്റെ സംഘാടകസമിതിയുടെ ഇന്റർനാഷ്ണൽ വോളണ്ടിയർ ടീമില്‍ ഭാഗഭാക്കാകുന്നതിന് ജനുവരി 12 -ന് ഇരുവരും യാത്ര തിരിക്കും. |