Content | ബ്യൂണസ് അയേര്‍സ്: തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അവസ്ഥയില്‍ മദർ തെരേസയുടെ മനോഭാവമാണ് തന്നെ പിടിച്ചുയര്‍ത്തിയതെന്ന് അർജന്റീനക്കാരന്‍ എഴുത്തുകാരന്റെ സാക്ഷ്യം. മുപ്പത്തിയേഴു വയസ്സുള്ള മകളെ നഷ്ടപ്പെട്ടപ്പോൾ വേദനയിൽ പിടിച്ചുനിൽക്കാൻ ശക്തി നൽകിയതു മദര്‍ തെരേസയാണെന്ന്‍ ജീസസ് മരിയ സിൽവേറ എന്ന എഴുത്തുകാരനാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 11 വർഷം ക്യാൻസർ രോഗത്തിനോട് പടപൊരുതിയതിനു ശേഷം തന്റെ മകൾ മരണപ്പെട്ടപ്പോൾ മദർ തെരേസയുടെ മനോഭാവമാണ് തനിക്ക് ധൈര്യം പകർന്നതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
1991ലാണ് ജീസസ് മരിയ തന്റെ രചനാജീവിതം ആരംഭിക്കുന്നത്. ഒരിക്കൽ സുഹൃത്തിന്റെ പ്രേരണയിൽ തന്റെ ആറു കുട്ടികളെയും കൂട്ടി കൊണ്ട് അദ്ദേഹം അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേർസിൽ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം മാനസികമായ പ്രശ്നങ്ങൾ നേരിടുന്ന ആളുകളെ നോക്കാനായി നടത്തുന്ന സ്ഥാപനം സന്ദർശിക്കാനിടയായി. സ്ഥാപനത്തിലെ ചാപ്പലിൽ പ്രവേശിച്ച അദ്ദേഹം 'എനിക്ക് ദാഹിക്കുന്നു' എന്ന് എഴുതി വച്ചിരിക്കുന്ന വാചകം കാണാനിടയായി. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിനെയും എഴുത്തിനെയും ഏറെ സ്വാധീനിച്ചു.
പിന്നീട് ജീസസ് മരിയ മദർ തെരേസയെ പറ്റി കൂടുതൽ വായിക്കാനും, ഗവേഷണം നടത്താനും ആരംഭിക്കുകയായിരിന്നു. എങ്ങനെ ഒരു ചെറിയ സ്ത്രീക്ക് ലോകത്തിനെ ഇത്രമാത്രം സ്വാധീനിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം ചിന്തിച്ചു. പിന്നീട് അദ്ദേഹം മദർ തെരേസയ്ക്ക് ഇന്ത്യയിൽ പ്രിയങ്കരമായിരുന്ന നാലു സ്ഥലങ്ങൾ വന്നു സന്ദർശിച്ചു. മദർ തെരേസ ഒരുപാട് സഹിച്ചു എന്നാണ് ജീസസ് മരിയ പറയുന്നത്. വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നുള്ള തോന്നലിലാണ് മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചതെന്നും എന്നാൽ പിന്നീട് ഒരുപാട് പ്രശ്നങ്ങൾ മദറിന് ഏറ്റെടുക്കേണ്ടിവന്നു വന്നു ജീസസ് മരിയ കൂട്ടിച്ചേർത്തു. മദർ തെരേസയെ കുറിച്ച് ജീസസ് മരിയ സിൽവേറ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. |