Content | ഗിനിയ ബിസാവു: യേശുവിനായി ജീവത്യാഗം ചെയ്ത മിഷ്ണറിമാരുടെ പരിത്യാഗത്തിൽ നിന്നും തനിക്ക് ലഭിച്ച ക്രിസ്തു വിശ്വാസം മറ്റു ജനതകൾക്കു പകർന്നു കൊടുക്കാനായി 12000 കിലോമീറ്ററുകൾ താണ്ടി മ്യാന്മറില്‍ നിന്നും ഒരു വൈദികന്‍. വിദേശ മിഷ്ണറി പ്രവർത്തനങ്ങൾക്കായുള്ള മിലാൻ ആസ്ഥാനമായ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ ഫാ. ജോൺ ഫേ തൂ ഗിനിയ ബിസാവു എന്ന വൈദികനാണ് യേശുവിനെ പ്രഘോഷിക്കുവാന്‍ ആയിരകണക്കിന് കിലോമീറ്ററുകള്‍ താണ്ടി പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയ ബിസാവുലെത്തിയത്.
1976-ലാണ് ഫാ. ജോൺ ജനിക്കുന്നത്. ഒരു രൂപത വൈദികൻ ആകണമെന്നായിരുന്നു ജോണിന്റെ ആഗ്രഹം. പിന്നീടാണ് മ്യാൻമാറിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടി വൈദികരുമായി ജോൺ പരിചയത്തിലാകുന്നത്. അവരാണ് ജോണിന് മിഷ്ണറി ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കി കൊടുക്കുന്നത്. ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് മിഷ്ണറിമാർ തങ്ങൾക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്തിത്തന്നതെന്ന് ജോണിന് അറിയാമായിരുന്നു. അതിനാൽ തന്നെ ആ ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കുവാൻ ജോണിന്റെ മനസ്സ് ആഗ്രഹിച്ചു. പിന്നീട് മറ്റ് രണ്ടുപേരോട് ഒപ്പം പ്രാദേശിക മെത്രാന്റെ നിർദ്ദേശം സ്വീകരിച്ച് ജോൺ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെമിനാരിയിൽ ചേരുകയായിരിന്നു.
രണ്ടുവർഷം റോമിലും രണ്ടുവർഷം മ്യാൻമറിലും ആയിരുന്നു പഠനം. വൈദികപട്ടം സ്വീകരിച്ചശേഷം ഏത് പ്രദേശത്തേക്ക് വേണമെങ്കിലും മിഷ്ണറിയായി പോകാൻ ജോൺ സന്നദ്ധനായിരുന്നു. മിഷ്ണറി പ്രദേശത്തേക്ക് പോകുന്നതിന്റെ ആനന്ദം ഭയത്തേക്കാൾ വലുതായിരുന്നു. ഗിനിയ ബിസാവുവിലെ ജനങ്ങൾ വെളുത്ത വർഗ്ഗക്കാരെ മാത്രമാണ് വൈദികരായി അംഗീകരിച്ചിരുന്നത്. അതിനാൽത്തന്നെ തുടക്കത്തിൽ ജോണിന് വലിയ പ്രതിസന്ധികളെയാണ് നേരിടേണ്ടിവന്നത്. ഇന്ന് ജോൺ മിഷ്ണറി പ്രവർത്തനം നടത്തുന്നത് കാറ്റിയോ എന്ന സ്ഥലത്താണ്.
കത്തോലിക്കർ ന്യൂനപക്ഷമായ സ്ഥലത്തു ഭൂരിഭാഗംപേരും പ്രകൃതിശക്തികളെയാണ് ആരാധിക്കുന്നത്. സമ്മർദ്ദങ്ങളും പരമ്പരാഗത ആചാരങ്ങളും കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നു വരുന്നവരുടെ മുമ്പിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ കഴിഞ്ഞവർഷം മാത്രം പത്ത് യുവജനങ്ങളെയാണ് ജോൺ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവർക്ക് ഏഴുവർഷത്തോളം വേദപാഠം നൽകിയതിനുശേഷമാണ് മാമോദീസാ നൽകിയതെന്നതും ശ്രദ്ധേയമാണ്. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും കര്‍ത്താവിന്റെ വചനം അനേകര്‍ക്ക് പകര്‍ന്നു നല്‍കി സത്യ ദൈവത്തെ പ്രഘോഷിക്കുകയാണ് ഈ നാല്‍പ്പത്തിമൂന്നുകാരന്‍.
|