Content | ലോക പ്രശസ്ത ധ്യാനഗുരുവും, പോട്ട- ഡിവൈൻ ധ്യാന കേന്ദ്രങ്ങളുടെ സ്ഥാപകരിൽ പ്രധാനിയും അനേക വർഷങ്ങൾ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും ആയി സേവനം ചെയ്ത ബഹുമാനപ്പെട്ട ജോർജ് പനയ്ക്കൽ അച്ചൻ എഴുപതിന്റെ നിറവിൽ. അച്ചന്റെ സപ്തതി ആഘോഷം ഫെബ്രുവരി മാസം മൂന്നാം തീയതി ഞായറാഴ്ച്ച റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആഘോഷിക്കുന്നു.
കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ബഹുമാനപ്പെട്ട പനയ്ക്കലച്ചനും ബഹുമാനപ്പെട്ട നായ്ക്കംപറമ്പിൽ അച്ചനും നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. നിസ്വാർത്ഥമായ ജീവിതശൈലിയിലൂടെയും, അനേകം ആളുകളുടെ ജീവിതത്തിന്റെ നിർണ്ണായക വഴിത്തിരിവുകളിൽ, അദ്ദേഹം നൽകിയ വിലയേറിയ ഉപദേശങ്ങളിലൂടെയും ഒരു വലിയ ജനതയുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ എളിയ വ്യക്തിത്വമാണ് ബഹുമാനപ്പെട്ട പനയ്ക്കലച്ചൻ. തന്റെ എഴുപതാമത്തെ വയസ്സിലും കർമ്മനിരതനായി, സുവിശേഷ പ്രഘോഷണം ജീവിത ചര്യയാക്കി മാറ്റിയ അദ്ദേഹം ഇപ്പോൾ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ആയി സേവനം ചെയ്യുന്നു.
ഫെബ്രുവരി മൂന്നാം തിയതി ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ഏകദിന കൺവെൻഷനോട് കൂടി ആരംഭിക്കുന്ന സപ്തതി ആഘോഷങ്ങളിൽ വചനപ്രഘോഷണം, 11 മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷ പൂർവ്വമായ വിശുദ്ധ കുർബാന, എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ആഘോഷപൂർവ്വമായ സ്നേഹ വിരുന്ന്. ഉച്ചയ്ക്ക് ശേഷം വചനപ്രഘോഷണം, തുടർന്ന് ആരാധന. വൈകുന്നേരം നാലരയോടെ സമാപിക്കും.
ഈ അനുഗ്രഹീത ദിവസത്തിൽ പങ്കാളികളാകാനും, പ്രാർത്ഥനാപൂർവ്വം ബഹുമാനപ്പെട്ട പനക്കലച്ച നോടൊപ്പം ദൈവത്തിന് നന്ദി അർപ്പിക്കാനും, ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഫാ.ജോസഫ് എടാട്ട് വി.സി <br> ഫാ.ആന്റണി പറങ്കിമാലിൽ വി.സി <br> ഫാ.ജോസ് പള്ളിയിൽ വി.സി |