Content | കർത്താവായ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും അവിടുന്ന് പരാജയപ്പെടുത്തിയതും, അവിടുത്തെ രണ്ടാം വരവിൽ ഈ ലോകത്തിൽ നിന്നും പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യപ്പെടുന്നതുമായ പിശാചിന്റെ സ്വാധീനത്തെക്കുറിച്ച് ഓരോ മനുഷ്യനും അറിവുള്ളവരായിരിക്കണം. എങ്കിൽ മാത്രമേ നമ്മുക്ക് ഈ ലോകജീവിതത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധിക്കൂ. പിശാചിന്റെ ആധിപത്യത്തിൽ നിന്നും ഒരു വ്യക്തിയെയോ വസ്തുവിനെയോ സംരക്ഷിക്കുന്നതിനു തിരുസഭ സ്ഥാപിച്ച വിശുദ്ധ കർമ്മമാണ് ഭൂതോച്ചാടനം. ഇത് കാര്യക്ഷമമായി നടപ്പിലാക്കാതിരിക്കാൻ പിശാച് പല വിധത്തിലും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതിനാൽ ഈ വിഷയത്തെക്കുറിച്ച് ഓരോ വിശ്വാസിയും വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ഭൂതോച്ചാടനത്തിന്‍റെ ലക്ഷൃങ്ങളെന്തൊക്കെയാണ്? ഈ വിശുദ്ധ കർമ്മം നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നവർ ആരൊക്കെയാണ്? എങ്ങനെയാണ് പൈശാചിക ബാധ കണ്ടെത്തുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്ക് ലോകപ്രശസ്തനും, കത്തോലിക്കാ സഭയിലെ ഔദ്യോഗിക ഭൂതോച്ചാടകനുമായിരുന്ന ഫാ. ഗബ്രിയേൽ അമോർത്ത് നൽകിയിരിക്കുന്ന മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്.
"വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും" (മര്‍ക്കോ. 16:17) തന്നില്‍ വിശ്വസിക്കുന്ന സകലര്‍ക്കും ഈശോ നല്‍കിയിരിക്കുന്ന ഈ അധികാരം എപ്പോഴും പൂര്‍ണമായി പ്രവര്‍ത്തനനിരതമാണ്. പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും അടിസ്ഥാനമിട്ടിരിക്കുന്ന പൊതുവായ ഒരു അധികാരമാണത്. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കും. എല്ലായ്പ്പോഴും ഇത് സംലഭ്യമാണ്; പ്രത്യേക അധികാരപ്പെടുത്തല്‍ ആവശ്യവുമില്ല. എന്നിരുന്നാലും, ഈ സമയങ്ങളില്‍ വിമോചനപ്രാര്‍ത്ഥനകളെക്കുറിച്ചാണ് സംസാരിക്കുന്നത്, ഭൂതോച്ചാടനത്തെക്കുറിച്ചല്ല എന്നു നാം മനസ്സിലാക്കണം.
#{red->none->b->ആര്‍ക്കാണ് ഭൂതോച്ചാടനം നടത്താന്‍ സാധിക്കുക? }#
ക്രിസ്തു നല്‍കിയ അധികാരത്തിന്‍റെ ഫലദായകത്വം വര്‍ദ്ധിപ്പിക്കുന്നതിനും വിശ്വാസികളെ മന്ത്രവാദികളില്‍ നിന്നും കപടസന്യാസികളില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി തിരുസ്സഭ ഒരു പ്രത്യേക വിശുദ്ധകര്‍മം സ്ഥാപിച്ചു: ഭൂതോച്ചാടനം. ഈ കര്‍മം ചെയ്യാന്‍ സാധിക്കുന്നത് മെത്രാന്മാര്‍ക്കും, ഭൂതോച്ചാടനകര്‍മം നിര്‍വഹിക്കാനുള്ള നിയതവും വ്യക്തവുമായ അധികാരം നല്‍കപ്പെട്ടിരിക്കുന്ന വൈദികര്‍ക്കുമാണ്. അതിനാൽ അത്മായര്‍ ഒരിക്കലും ഈ കർമ്മം ചെയ്യരുത്. (കാനന്‍ 1166, 1167, 1172).
അനേകം വൈദികരും അത്മായരും, തങ്ങള്‍ ഭൂതോച്ചാടകരല്ലാത്തപ്പോഴും അങ്ങനെയാണെന്ന് അവകാശപ്പെടുന്നു. ധാരാളം പേര്‍ തങ്ങള്‍ ഭൂതോച്ചാടനം ചെയ്യുന്നുണ്ടെന്നും വാദിക്കുന്നു. സത്യത്തില്‍ അവര്‍ വിമോചനപ്രാര്‍ത്ഥനകള്‍ മാതമാണ് നടത്തുന്നത്. കൂടുതല്‍ ദോഷമായി ചിലര്‍ മന്ത്രവാദവും ചെയ്യുന്നു. തിരുസ്സഭ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധകര്‍മത്തെ മാത്രമേ 'ഭൂതോച്ചാടനം' എന്നു വിളിക്കാനാവൂ. ഈ വാക്കിന്‍റെ മറ്റെല്ലാ ഉപയോഗങ്ങളും വഴിതെറ്റിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
കത്തോലിക്കാ സഭയുടെ മതബോധനമനുസരിച്ച് രണ്ടുതരത്തിലുള്ള ഭൂതോച്ചാടനങ്ങളാണുള്ളത്: 'ലളിതമായ ഭൂതോച്ചാടനം' അടങ്ങിയിരിക്കുന്ന മാമ്മോദീസ എന്ന കൂദാശയും, ഭൂതോച്ചാടകര്‍ക്കു മാത്രമായി നീക്കിവെക്കപ്പെട്ടിരിക്കുന്ന വിശുദ്ധകര്‍മമായ 'ആഘോഷമായ ഭൂതോച്ചാടനവും' (1673). വ്യക്തിപരവും പൊതുവായിട്ടുള്ളതുമായ മാദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ യഥാര്‍ത്ഥത്തില്‍ വിമോചന പ്രാര്‍ത്ഥനകള്‍ മാത്രമായതിനാല്‍ അവയെ ഭൂതോച്ചാടനം എന്നു വിളിക്കുന്നത് തെറ്റാണ്.
ഭൂതോച്ചാടകന്‍ വിശുദ്ധകര്‍മത്തില്‍ തന്നിരിക്കുന്ന പ്രാര്‍ഥനകള്‍ ഉപയോഗിക്കണം. ഭൂതോച്ചാടനവും മറ്റു വിശുദ്ധ കര്‍മങ്ങളും തമ്മില്‍ പ്രധാനമായ ഒരു വ്യത്യാസമുണ്ട്; ഭൂതോച്ചാടനം മിനിട്ടുകള്‍ മാത്രമായി ചുരുങ്ങാം, ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും. അതുകൊണ്ട് കര്‍മത്തില്‍ തന്നിരിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും ചൊല്ലേണ്ട ആവശ്യമുണ്ടാവില്ല. മറ്റുചിലപ്പോള്‍ കര്‍മ്മത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതുപോലെ കൂടുതല്‍ പ്രാര്‍ത്ഥനകള്‍ കൂട്ടിച്ചേര്‍ക്കേണ്ടത് അത്യാവശ്യമായി വന്നേക്കാം.
#{red->none->b->ഭൂതോച്ചാടനത്തിന്‍റെ ലക്ഷ്യം }#
ഭൂതോച്ചാടനത്തിന് പ്രധാനമായും രണ്ടു ലക്ഷൃങ്ങളാണുള്ളത്; ഒന്ന് പൈശാചിക ബാധ കണ്ടെത്തുക, രണ്ട് ബാധയുള്ളവരുടെ വിമോചനം. എങ്കിലും 'ബാധ കണ്ടെത്തല്‍' പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. ഭൂതോച്ചാടനം അനിവാര്യമാണോ എന്നറിയുന്നതിനായി ആദ്യം വ്യക്തിയും ബന്ധുക്കളുമായി സംസാരിക്കണമെന്നുള്ളത് ശരിയാണ്. അതേസമയം ഭൂതോച്ചാടനത്തിലൂടെ മാത്രമേ പൈശാചിക സ്വാധീനമുണ്ടോ എന്ന് ഉറപ്പായി നിര്‍ണയിക്കാനാകൂ എന്നതും സത്യമാണ്. യഥാര്‍ത്ഥമായ ഒരു ഭൂതോച്ചാടനത്തിലൂടെ മാത്രമേ നാം പൈശാചിക സ്വാധീനവുമായിട്ടാണോ പോരാടുന്നത് എന്ന് ഉറപ്പിക്കാനാകൂ.
ബാധയുടെ ലക്ഷണങ്ങള്‍ സ്വാഭാവിക കാരണങ്ങളാല്‍ ഉണ്ടാകുന്നവയാണോ, അതോ തിന്മയുടെ സ്വാധീനത്താലാണോ എന്നു നാം തീര്‍ച്ചപ്പെടുത്തണം. അടയാളങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതിനായി ഭൂതോച്ചാടകന്‍ ഉപയോഗിക്കേണ്ട യുക്തിഭദ്രമായ ക്രമം എന്നത് "ആദ്യം കണ്ടെത്തലും പിന്നീട് സൗഖ്യവും" എന്നതാണ്. ഭൂതോച്ചാടനത്തിനു മുമ്പ് സംഭവിക്കുന്ന അടയാളങ്ങളും, ഭൂതോച്ചാടനസമയത്ത് സംഭവിക്കുന്നവയും, ഭൂതോച്ചാടനത്തിനുശേഷം സംഭവിക്കുന്നവയും, ഭൂതോച്ചാടനം നടന്നുകൊണ്ടിരിക്കുമ്പോഴുള്ള അടയാളങ്ങളുടെ പരിണാമവും തിരിച്ചറിയുന്നതും വളരെ പ്രാധാന്യമുള്ള കാര്യമാണ്.
പൈശാചികബാധ നിര്‍ണയിക്കുന്നതില്‍ അതിവേഗം പാടില്ല എന്ന് ഭൂതോച്ചാടകരോട് കര്‍മക്രമം അനുശാസിക്കുന്നു. സാത്താന്‍ തന്‍റെ സാന്നിധ്യം ഗോപ്യമായിവെക്കാന്‍ ധാരാളം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഭൂതോച്ചാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള നിര്‍ദേശങ്ങളും ഇതിലുണ്ട്. മനശ്ശാസ്ത്ര പ്രശ്നങ്ങളുള്ളവരും, യാതൊരു പൈശാചിക സ്വാധീനവുമില്ലാത്തതിനാല്‍ ഭൂതോച്ചാടനം ആവശ്യമില്ലാത്തവരും മുന്നില്‍വരുമ്പോള്‍ കബളിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. എങ്കിലും തിന്മയുടെ സ്വാധീനം തിരിച്ചറിയാന്‍ കഴിയാതെപോകുന്നതും, ആവശ്യമുള്ളപ്പോള്‍ ഭൂതോച്ചാടനം നിഷേധിക്കുന്നതും വളരെയധികം ഭയപ്പെടേണ്ട അപകടമാണ്.
സംശയാസ്പദമായ സാഹചര്യങ്ങളില്‍ ഞങ്ങള്‍ ആദ്യം, താഴ്ന്ന സ്വരത്തിലുള്ള ചെറിയ ഭൂതോച്ചാടനം നടത്തുന്നു. സാധാരണ ആശീര്‍വാദമാണിതെന്ന് തോന്നിയേക്കാം; ഇതു ചെയ്യുന്നതില്‍ ഞങ്ങള്‍ക്കൊരിക്കലും ദുഃഖിക്കേണ്ടി വന്നിട്ടില്ല. മറിച്ച്, വളരെ വിരളമായ ചില അവസരങ്ങളില്‍ ഭൂതോച്ചാടനം വേണ്ടെന്നു പറഞ്ഞിട്ട് കുറച്ചുകഴിഞ്ഞ് വ്യക്തമായ പൈശാചിക പ്രവര്‍ത്തനത്തെ കണ്ടെത്തേണ്ടി വന്നപ്പോള്‍ തിന്മയുടെ സ്വാധീനത്തെ മനസ്സിലാക്കാന്‍ സാധിക്കാതെ പോയതിനെയോര്‍ത്ത് ഞങ്ങള്‍ക്ക് ദുഃഖിക്കേണ്ടി വന്നിട്ടുമുണ്ട്.
#{red->none->b->എങ്ങനെയാണ് പൈശാചിക ബാധ കണ്ടെത്തുന്നത്? }#
ഭൂതോച്ചാടനം നിര്‍വഹിക്കുവാനായി പൈശാചിക ബാധ കണ്ടെത്തുന്നതുവരെ കാത്തിരിക്കുന്നത് ബുദ്ധിശൂന്യമാണ്. മാത്രവുമല്ല, ഭൂതോച്ചാടനത്തിന്‍റെ ഫലമായി പുറത്തുവരുന്ന ലക്ഷണങ്ങള്‍ ഭൂതോച്ചാടനത്തിന് മുമ്പ് പ്രതീക്ഷിക്കുന്നത് അനുഭവജ്ഞാനത്തിന്‍റെ അഭാവം മൂലമാണ്. പൈശാചിക ബാധ അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നതിനു മുമ്പ് വര്‍ഷങ്ങളോളം ഭൂതോച്ചാടനം വേണ്ടി വന്ന ചില സംഭവങ്ങളും ഞാന്‍ നേരിട്ടിട്ടുണ്ട്. തിന്മയുടെ സ്വാധീനത്തിലായിരിക്കുന്നവരുടെ സ്വഭാവം പൊതുവായ പെരുമാറ്റത്തോട് തുലനം ചെയ്യാന്‍ ശ്രമിക്കുന്നതും നിഷ്ഫലമാണ്.
പൈശാചിക വെളിപ്പെടുത്തലിന്‍റെ രൂപങ്ങള്‍ തിരിച്ചറിയാന്‍ കൂടുതല്‍ അനുഭവസമ്പന്നരായ ഭൂതോച്ചാടകര്‍ക്ക് എളുപ്പം സാധിക്കും. ഉദാഹരണത്തിന്, ഭൂതോച്ചാടനകര്‍മത്തില്‍ പരാമർശിക്കുന്ന പൈശാചിക ബാധയുടെ മൂന്ന് ലക്ഷണങ്ങള്‍; അറിയില്ലാത്ത ഭാഷ സംസാരിക്കുക, അമാനുഷിക ശക്തി പ്രകടിപ്പിക്കുക, ഗൂഢമായവ അറിയുക എന്നിവയാണ്. എന്‍റെ വ്യക്തിപരമായ അനുഭവവും, ഞാന്‍ കണ്ടുമുട്ടിയ മിക്ക ഭൂതോച്ചാടകരുടെയും അനുഭവവും അനുസരിച്ച് ഈ ലക്ഷണങ്ങള്‍ സാധാരണ പുറത്തുവരുന്നത് ഭൂതോച്ചാടന സമയത്താണ്, ഒരിക്കലും അതിനുമുമ്പല്ല. അതിനാൽ ഭൂതോച്ചാടനം ആരംഭിക്കുന്നതിന് മുമ്പ് അത്തരം ലക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നത് യുക്തിപൂര്‍വമല്ല.
എങ്കിലും കൃത്യമായ കണ്ടെത്തല്‍ നടത്തുക എല്ലായ്പ്പോഴും സാധ്യമായ കാര്യമല്ല. പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്ന സാഹചര്യങ്ങള്‍ നേരിടേണ്ടതായി വരും. വളരെ പ്രയാസമുള്ള മിക്ക സന്ദര്‍ഭങ്ങളിലും തിന്മയുടെ സ്വാധീനവും മനശ്ശാസ്ത്രപരമായ പ്രശ്നങ്ങളും ഒരുപോലെയുള്ള വ്യക്തികളെയായിരിക്കും നമുക്ക് ലഭിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മനശ്ശാസ്ത്രജ്ഞന്‍റെ സഹായം ഉത്തമമാണ്. മാനസികരോഗികള്‍ക്കു വേണ്ടിയുള്ള റോമിലെ വളരെ പ്രസിദ്ധമായ ഒരാശുപത്രിയിലെ പ്രൊഫസര്‍ മരിയാനിയെ ഭൂതോച്ചാടനശുശ്രൂഷയില്‍ സഹായിക്കാനായി ഫാദര്‍ കാന്‍ഡിഡോ മിക്കപ്പോഴും വിളിക്കുമായിരുന്നു. മാത്രമല്ല, തന്‍റെ ചില രോഗികളെ പഠിക്കാനും സുഖപ്പെടുത്താനുമായി പ്രൊഫസര്‍ മരിയാനി ഫാദര്‍ കാന്‍ഡിഡോയുടെ സഹായവും തേടാറുണ്ടായിരുന്നു. 1583 ല്‍ റെയിംസിലെ സിനഡ് രേഖകളില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍, മാനസികരോഗവും പൈശാചികബാധയും തമ്മില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് സഭ നിര്‍ദ്ദേശിക്കുന്നുണ്ട്.
പൈശാചിക ബാധ, നിര്‍ണയിക്കുന്നതിനു പുറമെ, ലക്ഷൃംവെക്കുന്നത് രോഗിയെ പൈശാചിക ബന്ധനത്തില്‍ നിന്ന് സ്വതന്ത്രരാക്കുക എന്നതിനാലാണ്. ദൈര്‍ഘ്യമുള്ളതും മിക്കപ്പോഴും പ്രയാസം നിറഞ്ഞതുമായ യാത്ര ആരംഭിക്കുന്നതിവിടെയാണ്. ഇതിൽ പുരോഗതിയുണ്ടാകുന്നതിന് ബാധയുള്ള വ്യക്തിയുടെ സഹകരണം പലപ്പോഴും അത്യാവശ്യമാണ്. അവർ പ്രാര്‍ത്ഥിക്കുകയും പതിവായി കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യണം, പക്ഷേ പലപ്പോഴും അവർക്ക് അതിന് കഴിയില്ല. ചിലപ്പോള്‍ ഭൂതോച്ചാടകന്‍റെ അടുക്കല്‍ പോയി ഉച്ചാടനകര്‍മം സ്വീകരിക്കുന്നതിന് ഇക്കൂട്ടർ താൽപര്യം പ്രകടിപ്പിക്കാറില്ല. മറ്റുള്ളവരുടെ സഹായം ഇക്കാര്യത്തിൽ അവർക്ക് ആവശ്യമാണ്. പക്ഷേ, ഒട്ടുമിക്ക സാഹചര്യങ്ങളിലും ആരും അവരെ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.
#{red->none->b-> പിശാചില്‍ നിന്ന് ഒരുവനെ വിമോചിപ്പിക്കാന്‍ എത്ര സമയമെടുക്കും? }#
ഉത്തരമില്ലാത്തൊരു ചോദ്യമാണിത്. വിമോചിപ്പിക്കുന്നത് കര്‍ത്താവാണ്; അവിടുന്ന് ദൈവികജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു. തീര്‍ച്ചയായും അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുണ്ട്; സഭയുടെ മാദ്ധ്യസ്ഥത്തിലൂടെ അവ സമര്‍പ്പിക്കപ്പെടുമ്പോള്‍ അതിന് പ്രത്യേക ശക്തിയുണ്ട്. പിശാചില്‍ നിന്ന് ഒരുവനെ വിമോചിപ്പിക്കാന്‍ എടുക്കുന്ന സമയം, പൈശാചികബാധയുടെ കാഠിന്യത്തിനും, ബാധ നിലനിന്നിരുന്ന കാലയളവിനും ആനുപാതികമായിട്ടായിരിക്കും. കുറച്ചുദിവസങ്ങള്‍ മാത്രം ബാധയുണ്ടായിരുന്ന ഒരു പതിനാലുകാരി പെണ്‍കുട്ടിയെ ഞാന്‍ ഓര്‍ക്കുന്നു. അവള്‍ വളരെ അക്രമാസക്തയായിരുന്നു; ചവിട്ടുകയും കടിക്കുകയും മാന്തിക്കീറുകയും ചെയ്തു. അവളെ പൂര്‍ണമായി വിമോചിപ്പിക്കുന്നതിന് പതിനഞ്ചുമിനിറ്റു നേരത്തെ ഭൂതോച്ചാടനം മാത്രമേ വേണ്ടിവന്നുള്ളൂ.
ഒരുസമയത്ത്, മരിച്ചതുപോലെ അവള്‍ നിലത്തേക്ക് വീണു. എന്നാൽ, അപ്പസ്തോലന്മാര്‍ക്കു സുഖപ്പെടുത്താന്‍ കഴിയാതിരുന്ന യുവാവിന്‍റെ കാര്യം സുവിശേഷത്തില്‍ നാം വായിക്കുന്നതു പോലെ, നിമിഷങ്ങള്‍ക്കുശേഷം അവള്‍ സാധാരണ അവസ്ഥയിലേക്ക് മടങ്ങിവരികയും അവളുടെ ഇളയ സഹോദരന്മാരില്‍ ഒരാളോടൊപ്പം മുറ്റത്തുകൂടി ഓടിക്കളിക്കാന്‍ തുടങ്ങുകയും ചെയ്തു.
അപ്രകാരം അതിവേഗമുള്ള സൗഖ്യം വളരെ വിരളമാണ്. പൈശാചിക സ്വാധീനം വളരെ ലഘുവായിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. ഭൂതോച്ചാടകന് മിക്കപ്പോഴും നേരിടാനുണ്ടാകുക ഗൗരവമുള്ള വിഷയങ്ങളായിരിക്കും. വളരെ വ്യക്തമായൊരു ഉദാഹരണം ഞാന്‍ നല്‍കാം. ഒരു കുട്ടി വളരെ അസ്വഭാവികമായി പെരുമാറുന്നുവെന്നിരിക്കട്ടെ. അവന്‍റെ മാതാപിതാക്കള്‍ കാരണമന്വേഷിക്കുന്നില്ല.അവര്‍ വിചാരിക്കും കുട്ടി ഇതിനെ മറികടക്കും; പ്രത്യേകിച്ച് ആദ്യമൊക്കെ ലക്ഷണങ്ങള്‍ വളരെ ലഘുവായിരിക്കുമ്പോള്‍. ഈ പ്രതിഭാസം ഗൗരവമുള്ളതാകുമ്പോള്‍ മാതാപിതാക്കള്‍ വൈദ്യസഹായം തേടുന്നു; ഒരു ഡോക്ടറില്‍നിന്ന് മറ്റൊരു ഡോക്ടറിലേക്ക് അവര്‍ മാറും, ഫലമൊന്നുമുണ്ടാവുകയുമില്ല.
ഒരിക്കല്‍ പതിനേഴു വയസ്സുള്ള ഒരു പെണ്‍കുട്ടി എന്‍റെ അടുക്കല്‍ വന്നു. യൂറോപ്പിലെ പ്രസിദ്ധമായ പല ആശുപത്രികളിലും പോയതിനുശേഷം, അവളില്‍ അസ്വാഭാവികമായി എന്തോ സ്വാധീനമുണ്ടെന്ന് പറഞ്ഞ് മന്ത്രവാദിയുടെ സഹായം തേടുവാന്‍ ചിലർ നിര്‍ദേശിച്ചു. ഈ ഘട്ടത്തില്‍ ആദ്യമുണ്ടായിരുന്ന പ്രശ്നം ഇരട്ടിയാവുകയാണ് ചെയ്തത്. പിന്നീട് ആരുടെയൊക്കെയോ നിര്‍ബന്ധപ്രകാരം അവൾ യാദൃശ്ചികമായി എന്‍റെ അടുക്കല്‍ എത്തി. ഈ പ്രക്രിയയ്ക്ക് പല വര്‍ഷങ്ങളെടുത്തിരുന്നതിനാല്‍ തിന്മ ആഴത്തില്‍ വേരെടുത്തിരുന്നു. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ വര്‍ഷങ്ങളോളം നീളുന്ന കർമ്മങ്ങൾ വേണ്ടിവരും. പലപ്പോഴും വിമോചനം എളുപ്പം സാധ്യമല്ലാതെയും വന്നേക്കാം.
ഓരോ ഭൂതോച്ചാടക കർമ്മത്തിലും, ഭൂതോച്ചാടകന്‍റെ വിശ്വാസവും ഭൂതോച്ചാടനത്തിന് വിധേയനാകുന്ന വ്യക്തിയുടെ വിശ്വാസവും കുടുംബത്തിന്‍റെയും മറ്റു വിശ്വാസികളുടെയും (മിണ്ടാമഠങ്ങളിലെ സന്യാസിനികള്‍, ഇടവകസമൂഹങ്ങള്‍, പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍, പ്രത്യേകിച്ച് വിമോചനപ്രാര്‍ത്ഥനകള്‍ നടത്തുന്ന ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ) പ്രാര്‍ത്ഥനകളും വളരെ സഹായകമാണ്. ഭൂതോച്ചാടനത്തിനുള്ള വെള്ളം അല്ലെങ്കില്‍ ഹന്നാന്‍ വെള്ളം, ഭൂതോച്ചാടന എണ്ണ, ഭൂതോച്ചാടന ഉപ്പ് എന്നിവ വിമോചനപ്രാര്‍ത്ഥനകളോടൊപ്പം ഈ ലക്‌ഷ്യം വച്ചുകൊണ്ട് ഉപയോഗിക്കുന്നതും വളരെ ഫലപ്രദമാണ്. ഈ വെള്ളവും എണ്ണയും ഉപ്പും ഏതൊരു വൈദികനും ആശീര്‍വദിക്കാവുന്നതാണ്. അതിന് ഭൂതോച്ചാടകന്‍റെ ആവശ്യമില്ല. എന്നിരുന്നാലും വൈദികന് വിശ്വാസമുണ്ടായിരിക്കുകയും പ്രസ്തുത കര്‍മങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുകയും വേണം.
"ദുഷ്ടാരൂപിയുടെ ശക്തിയില്‍ നിന്ന് ഒരു വ്യക്തിയെയോ വസ്തുവിനെയോ സംരക്ഷിക്കണമെന്നും അവന്‍റെ ആധിപത്യത്തില്‍ നിന്ന് വിടുവിക്കണമെന്നും സഭ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പരസ്യമായും ആധികാരികമായും അപേക്ഷിക്കുന്നതിനെ പിശാചുബഹിഷ്കരണം എന്നു പറയുന്നു" (CCC 1673). അതിനാൽ ഭൂതോച്ചാടനത്തിലൂടെ വ്യക്തികളെ മാത്രമല്ല വസ്തുക്കളെയും, വീടുകളെയും, മൃഗങ്ങളെയും മോചിപ്പിക്കുന്നതിനെക്കുറിച്ചും സഭ പഠിപ്പിക്കുന്നു. പൈശാചിക ബാധയ്ക്കു മാത്രമല്ല, പൈശാചിക സ്വാധീനങ്ങള്‍ക്കും ഭൂതോച്ചാടനം ഉപയുക്തമാണെന്ന് കാനോന്‍ നിയമം വിശദമാക്കുന്നു. എന്നാൽ ഇത്തരം വിശുദ്ധ കര്‍മങ്ങളെക്കുറിച്ച് അറിവുള്ള വൈദികര്‍ വളരെ വിരളമാണ്; ഭൂരിഭാഗം പേര്‍ക്കും ഇങ്ങനെയൊക്കെയുണ്ടെന്നുപോലും അറിയില്ല എന്നു മാത്രമല്ല തങ്ങളോട് ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്നവരെ അവര്‍ പരിഹസിക്കുകയും ചെയ്യുന്നു.
originally published on 25/1/2019 |