Content | പനാമ സിറ്റി: ദൈവത്തോട് ‘യെസ്’ പറഞ്ഞ പരിശുദ്ധ അമ്മയെ അനുകരിക്കാൻ നിങ്ങൾക്കു കഴിയുമോയെന്ന ചോദ്യം ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. മെട്രോ പാർക്കിൽ ജാഗരണപ്രാർത്ഥനയ്ക്കായി അണിചേർന്ന യുവതീർത്ഥാടകരോടായിരിന്നു പാപ്പയുടെ ചോദ്യം. ധൈര്യപൂര്‍വ്വം ‘യെസ്’ പറയാമെന്നതിന് ഉത്തമ ഉദാഹരണമാണ് പരിശുദ്ധ അമ്മ. മറ്റ് ചിന്തകള്‍ക്ക് ഇട നല്‍കാതെ ദൈവപദ്ധതിക്ക് പരിശുദ്ധ അമ്മ ‘യെസ്’ പറഞ്ഞപ്പോൾ അത് ദൈവത്തോടുള്ള വലിയ സ്‌നേഹവും വാഗ്ദാനവുമായിരുന്നുവെന്നും അതുകൊണ്ടുതന്നെ ദൈവത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സ്ത്രീ ലോകത്തില്ലായെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ദൈവത്തോട് ‘യെസ്’ പറഞ്ഞതുവഴി ജീവിതത്തിന്റെ അവസ്ഥകളെ അതിന്റെ എല്ലാ ദൗർബല്യങ്ങളോടും കൂടെ അംഗീകരിക്കുകയായിരുന്നു അമ്മ. അങ്ങനെ എല്ലാ കുറവുകളെയും അംഗികരിച്ചുകൊണ്ട് ദൈവപദ്ധതിക്ക് വഴങ്ങികൊടുക്കുമ്പോൾ നമ്മെ സ്വീകരിക്കുന്ന ഒരു ദൈവമുണ്ടെന്ന ഉറപ്പ് നമുക്ക് ലഭിക്കും. ഇത്തരത്തിൽ ബലഹീനതകളിൽ ചേർത്തുനിർത്തുന്ന തമ്പുരാന്റെ സ്‌നേഹകഥകളുടെ ഭാഗമാകാൻ നമുക്കും കഴിയണം.
ലഹരിമരുന്നുകളുടെ അടിമത്വത്തിൽ പെടാതെ ജീവിക്കുന്നതുവഴി വിശ്വാസബോധ്യങ്ങളോടാണ് ഇക്കാലഘട്ടത്തിൽ നിങ്ങൾ ‘യെസ്’ പറയുന്നത്. അത് പ്രശംസനീയമാണ്. കെട്ടുറപ്പുള്ള വിശ്വാസബോധ്യങ്ങളുടെയും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും ചട്ടക്കൂട്ടിൽ വളരുന്നതുകൊണ്ടാണ് നിങ്ങൾക്ക് ലഹരി വിരുദ്ധ ജീവിതം നയിക്കാൻ സാധിക്കുന്നത്. എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് ജീവിക്കുന്നതെന്ന് കണ്ടത്താനും അത് വഴിയൊരുക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. |