Content | രക്ഷാകര കര്‍മ്മത്തിനു സമയമടുത്തുവെന്നു മനസ്സിലാക്കിയ സര്‍വശക്തനായ ദൈവം, രക്ഷകന്‍റെ അമ്മയുടെ മാതാപിതാക്കളായി ഇസ്രായേലിലെ ഏറ്റവും നീതിമാന്മാരായ യോവാക്കിമിനെയും അന്നയെയും തിരഞ്ഞെടുത്തു. ദാവീദിന്‍റെ വംശജനായ യോവാക്കിം, സോളമനെപ്പോലെ ജ്ഞാനത്തെ സ്തുതിച്ച് പ്രാർത്ഥിച്ചിരുന്നു. അഹറോന്‍റെ പുത്രിയായ അന്നയാകട്ടെ, ധീരയായ വനിതയും സര്‍വസുഗന്ധങ്ങളും പരത്തുന്ന പൂക്കുലയിലെ പുഷ്പങ്ങൾ പോലെ ജ്ഞാനത്തിന്‍റെ എല്ലാ കൃപകളെയും ഉള്ളില്‍ വഹിക്കുന്ന ഒരു ഹൃദയത്തിന്‍റെ ഉടമയായിരുന്നു.
അന്നയെ ഭാര്യയായി സ്വീകരിച്ച യോവാക്കിം, അവളെ സ്നേഹിക്കുകയും അവളുടെ ഹൃദയത്തിലെ ജ്ഞാനത്തെ ആദരിക്കുകയും ചെയ്തു. തന്‍റെ ജീവിതത്തെ നീതിമാനായ ഒരു മനുഷ്യന്‍റെ ജീവിതത്തോടു ചേര്‍ക്കണമെന്നു മാത്രമായിരുന്നു അന്ന ആഗ്രഹിച്ചതും. യൊവാക്കിമും അന്നയും പരിശുദ്ധമായി സ്നേഹിച്ചു. ആ സ്നേഹത്തെ പൂര്‍ണ്ണതയിലെത്തിക്കുന്നതിന് ഒരു അമ്മയാകാന്‍ മാത്രം അന്നയ്ക്ക് സാധിച്ചിരുന്നില്ല. മക്കളില്ലാത്ത ദുഃഖത്തിലും അവർ പരസ്പരം ആശ്വാസവാക്കുകള്‍ കൈമാറി.
യോവാക്കിം പറഞ്ഞു, "നമ്മള്‍ പ്രത്യാശയില്‍ ജീവിക്കണം. ദൈവത്തിന് എല്ലാം സാധ്യമാണ്. സാറായ്ക്കു സംഭവിച്ചതു തന്നെ നിനക്കും സംഭവിച്ചേക്കാം. അതുപോലെ, ഏൽക്കാനയും അന്നയും ദൈവഹിതത്തിനായി കാത്തിരുന്നപ്പോൾ പ്രവാചകനായ സാമുവല്‍ ജനിച്ചില്ലേ. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലല്ലോ". അതുകേട്ടപ്പോൾ, അന്നയും ദൈവത്തിൽ വിശ്വാസമർപ്പിച്ചു. അവള്‍ പറഞ്ഞു: "ജനിക്കുന്ന ശിശു ദൈവത്തിന്‍റെതായിരിക്കുമെന്ന് നമുക്കു ദൈവത്തോടു വാഗ്ദാനം ചെയ്യാം"; അവര്‍ ദേവാലയത്തിലെത്തി വിശ്വാസത്തോടെ പ്രാര്‍ത്ഥനകളര്‍പ്പിച്ചു.
ഒരു കുഞ്ഞിനെ സ്വപ്നം കാണുകയായിരുന്ന അവര്‍ക്ക് ദൈവത്തിന്‍റെ അമ്മയെ ലഭിച്ചു. നിത്യമായ ജ്ഞാനം, സമയത്തിന്‍റെ തികവില്‍ അന്നയിൽ നിറഞ്ഞു. ദൈവശക്തിയുടെ നിശ്വാസവും ദൈവമഹത്വത്തിന്‍റെ പരിശുദ്ധമായ പ്രസരണവും വന്ധ്യയായ അവളില്‍ വചനമായിത്തീര്‍ന്നു. താനൊരു അമ്മയായി എന്ന് ഉറപ്പായപ്പോൾ അന്ന സ്തോത്രഗീതം ആലപിച്ചു. അങ്ങനെ യോവാക്കിമിന്‍റെ വിശ്വാസം പൂവണിഞ്ഞു. ഇരുവര്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം.
അന്ന തുടർന്നു: "അതൊരു പെണ്‍കുട്ടിയായിരിക്കും. ദൈവത്തിന്‍റെ പുത്രി! വന്ധ്യയിൽ നിന്നും പൊട്ടിവിടര്‍ന്ന ഒരു കുഞ്ഞ്. നമ്മുടെ എന്നതിനെക്കാള്‍ അവൾ ദൈവത്തിന്‍റെതാണ്. പിതാവായ ദൈവത്തിന്‍റെ സമാധാനവും അനുഗ്രഹങ്ങളും കൊണ്ടുവരുന്ന അവളെ മേരി എന്ന് വിളിക്കാം. അവള്‍ കര്‍ത്താവിനു സമര്‍പ്പിക്കപ്പെട്ടവളാണ്. ജനിക്കുന്നതിനു മുന്‍പ് അര്‍പ്പിക്കപ്പെട്ട ബലിവസ്തു. മൂന്നു വര്‍ഷം അവളെ കണ്ടു സന്തോഷിച്ചശേഷം, കര്‍ത്താവിനു നല്‍കാം. അവര്‍ അത്യുന്നതനായ ദൈവത്തിന് സ്തുതിഗീതം അർപ്പിച്ച് കാത്തിരുന്നു.
രണ്ടു വിശുദ്ധാത്മക്കളില്‍ നിന്ന് ജനിച്ചതിനാല്‍ സ്വഭാവികമായും നല്ല ഗുണങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും മേരി ഒരു പ്രത്യേക സൃഷ്ടിയായിരുന്നു. നന്മയെ മാത്രം സ്നേഹിക്കാന്‍ ഒരു മനസ്സും ജന്മപാപരഹിതമായ ഒരു ആത്മാവും അവൾക്ക് ഉണ്ടായിരുന്നു. വചനമായ ദൈവം വസിക്കാനിരുന്ന ആ ദൈവാലയത്തെ ദൈവം ജന്മപാപക്കറയില്ലാതെയാണ് സൃഷ്ടിച്ചത്. അവള്‍ അമലോത്ഭവയായിരുന്നു. അന്നയ്ക്കു പ്രസവസമയമടുത്തപ്പോള്‍ ശരീരത്തിനു ക്ഷീണം അനുഭവപ്പെട്ടെങ്കിലും ആത്മാവില്‍ ആനന്ദത്താൽ നിറഞ്ഞു.
അന്ന പ്രവചിക്കാന്‍ തുടങ്ങി. "വലിയ പ്രഭയോടെ നീ പ്രകാശിക്കും. ലോകത്തിലെ സകല ജനങ്ങളും നിന്‍റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കും. നിന്നെ സ്നേഹിക്കുകയും നിന്‍റെ സ്നേഹത്തില്‍ ആനന്ദിക്കുകയും ചെയ്യുന്നവര്‍ അനുഗൃഹീതരാകുന്നു. ഞാനാണ് അതിൽ ആദ്യം സന്തോഷിക്കുന്നത്; അവളുടെ അനുഗൃഹീതയായ അമ്മ". പ്രസവ ശുശ്രൂഷ ചെയ്ത സ്ത്രീ വിളിച്ചു പറഞ്ഞു. "യോവാക്കിം, കുഞ്ഞ് വരുന്നുണ്ട്, വേഗത്തിലും നന്നായിട്ടും തന്നെ ". അതേസമയം, ഒരു മഴവില്ല് ആകാശത്തില്‍ വിലങ്ങനെ അർദ്ധവൃത്താകൃതിയിൽ വിരിഞ്ഞു നിന്നു. അത് ഇസ്രയേലിനെ മുഴുവന്‍ ഒരു വലിയ വൃത്തത്തിനുള്ളിലാക്കി.
അന്നയുടെ പ്രസവ ശുശ്രൂഷ ചെയ്ത സ്ത്രീകൾ സന്തോഷത്തോടെ നല്ല ശരീരപുഷ്ടിയുള്ള ഒരു ശിശുവിനെ തുണിയില്‍ പൊതിഞ്ഞു കൊണ്ടുവന്നു, നമ്മുടെ അമ്മ, മേരി. ജ്ഞാനത്തിന്‍റെ പ്രവൃത്തികള്‍ പരിശുദ്ധ കന്യക മറിയത്തിന്‍റെ ജീവിതത്തില്‍ എവിടെയും പ്രകടമായിരുന്നു.അവളെ സ്നേഹിക്കുന്നവരെല്ലാം ദൈവത്തിന്‍റെ സ്വന്തമായിത്തീർന്നു. അവളുടെ കളങ്കരഹിതമായ പരിശുദ്ധിയെ നോക്കി ദൈവജനം സാത്താന്റെ പ്രലോഭനങ്ങളെ ജയിക്കുന്നു. ശിശുക്കളെ വഹിക്കുന്ന ഉദരങ്ങള്‍ക്കു ആശ്വാസവും, വിവാഹിതരായ സ്ത്രീകളുടെ മാര്‍ഗ്ഗദര്‍ശിയും മരിക്കുന്നവരുടെ അമ്മയുമായി വിളങ്ങി നില്ക്കുന്ന പരിശുദ്ധ അമ്മ.
(മരിയ വാൾത്തോർത്തയ്ക്ക് ഈശോ നൽകിയ ദർശനങ്ങളിൽ നിന്നും)
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|