Content | ലണ്ടന്‍: ആഗോളതലത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളുടെ സഹായത്തിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈകൊണ്ടുവരുന്ന നടപടികളെ പുനരവലോകനത്തിന് വിധേയമാക്കി സ്വതന്ത്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനായി അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച നടപടി സ്വാഗതാര്‍ഹമെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ നിക്കോള്‍സ്. ഇക്കഴിഞ്ഞ ബുധനാഴ്ച ഫോറിന്‍ ആന്‍ഡ് കോമ്മണ്‍വെല്‍ത്ത് ഓഫീസില്‍ സംഘടിപ്പിച്ച കമ്മിറ്റിയുടെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തില്‍ മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്കായി നിലവിലെ യുകെ ഗവണ്‍മെന്റ് നല്‍കിവരുന്ന സഹായങ്ങളേക്കുറിച്ചുള്ള വിശകലനങ്ങളും കൂടുതല്‍ സമഗ്രവും ഫലവത്തുമായ സഹായപദ്ധതികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും ഉള്‍കൊള്ളിച്ചിട്ടുള്ള റിപ്പോര്‍ട്ടായിരിക്കും പ്രസിദ്ധീകരിക്കുക. ഇന്നത്തെ ലോകത്ത് ദൈവ വിശ്വാസത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന്‍ കര്‍ദ്ദിനാള്‍ നിക്കോള്‍സ് പറഞ്ഞു. പ്രതീക്ഷയുടെ ജനതയെന്ന നിലയില്‍ ക്രൈസ്തവരുടെ സജീവമായ ദൌത്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രൂറോയിലെ മെത്രാനായ റവ. ഫിലിപ് മൗണ്ട്സ്റ്റീഫനാണ് റിപ്പോര്‍ട്ട് കമ്മിറ്റിയുടെ തലവന്‍. ക്രൈസ്തവര്‍ക്കെതിരായ പീഡനത്തിന് നേര്‍ക്ക് കണ്ണടക്കുവാന്‍ ബ്രിട്ടനെ പ്രേരിപ്പിക്കുന്ന നിരവധി കാരണങ്ങളുണ്ടെന്ന്‍ അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടും ചടങ്ങില്‍ സന്നിഹിതനായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഫിലിപ്പീന്‍സിലെ കത്തീഡ്രല്‍ ദേവാലയത്തിലുണ്ടായ ബോംബ് സ്ഫോടനം ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം തുടര്‍ന്നുക്കൊണ്ടിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലാണെന്ന് ഹണ്ട് പറഞ്ഞു. വരുന്ന ഈസ്റ്ററിനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിരിക്കുന്നത്. |