Content | അബുദാബി: ഒന്നര ലക്ഷത്തോളം വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ യുഎഇയില്‍ പുതുചരിത്രമെഴുതി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുർബാന, ആദ്യമായി അറേബ്യന്‍ മണ്ണില്‍ മാര്‍പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന എന്ന ഖ്യാതി ചരിത്ര പുസ്തകത്തില്‍ പതിപ്പിച്ചുകൊണ്ടാണ് പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം അബുദാബി സയിദ് സ്പോർട്സ് സിറ്റിയില്‍ ഉയര്‍ന്നത്. ദിവ്യബലി മദ്ധ്യേ ഇംഗ്ലീഷ്, അറബിക്, ഇറ്റാലിയന്‍, ടാഗലോഗ്, ലാറ്റിന്‍, കൊറിയന്‍, കൊങ്കണി, മലയാളം, ഉറുദു, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാര്‍ത്ഥന നടന്നു.
യുഎഇ സമയം രാവിലെ 10.30നു ശേഷം ആണു കുർബാന ആരംഭിച്ചത്. 1.35 ലക്ഷം വിശ്വാസികൾ ആണു യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങിൽ ഭാഗഭാക്കായി. സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവർ അടക്കമുള്ള മേലദ്ധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു.
120 പേരടങ്ങുന്ന ഗായക സംഘമാണു വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയത്. വിവിധ എമിറേറ്റുകളിൽനിന്നായി രാത്രിയിൽതന്നെ ബസുകളിൽ വിശ്വാസികൾ പുറപ്പെട്ടിരുന്നു. രണ്ടായിരത്തിഅഞ്ഞൂറിലേറെ ബസുകളാണ് ഇതിനായി ഭരണകൂടം സൗജന്യമായി വിട്ടുനൽകിയത്. |