category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവന്റെ പ്രാര്‍ത്ഥനയില്‍ ലോകത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: കര്‍ത്താവ് പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പ്രാര്‍ത്ഥന ലോകത്തെ മറക്കുന്നില്ലായെന്നും ലോകത്തിലുള്ളവരെയും ലോകത്തിന്‍റെ ആവശ്യങ്ങളെയും ഈ പ്രാര്‍ത്ഥനയില്‍ ഉള്‍ക്കൊള്ളിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച പോള്‍ ആറാമന്‍ ഹാളില്‍ പ്രതിവാര കൂടിക്കാഴ്ചക്കിടെയുള്ള സന്ദേശത്തിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃ പ്രാര്‍ത്ഥനയെ കേന്ദ്രീകരിച്ചു പാപ്പ നടത്തി വരുന്ന പ്രബോധന പരമ്പരയുടെ തുടര്‍ച്ചയായിട്ട് തന്നെയായിരിന്നു ഇന്നലത്തെ പ്രഭാഷണവും. യേശു പഠിപ്പിച്ചതുപോലെയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. ജനങ്ങളുടെ ആദരവു പിടിച്ചുപറ്റുന്നതിന് ചത്വരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന കപട നാട്യക്കാരെപ്പോലെയാകരുത് തന്‍റെ ശിഷ്യരെന്ന് യേശു ആഗ്രഹിക്കുന്നു. യേശു കാപട്യത്തെ തള്ളിക്കളയുന്നു. ദൈവത്തിനു മാത്രം ദൃശ്യവുമായ, ഹൃദയത്തിന്‍റെ അഗാധതയില്‍ നിന്നുള്ളതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. ഞാനും നീയുമാണ് ഇവിടെയുള്ളത്. ഈ പ്രാര്‍ത്ഥന കപടതയില്‍ നിന്ന് അകന്നു നില്‍ക്കുന്നു. സ്നേഹിക്കുന്ന രണ്ടാളുകള്‍ തമ്മിലുള്ള നോട്ടം പോലെയാണ്. അതായത് മനുഷ്യനും ദൈവവും തമ്മിലുള്ള നോട്ടം. ദൈവത്തെ നോക്കുകയും ദൈവത്താല്‍ വീക്ഷിക്കപ്പെടാന്‍ സ്വയം അനുവദിക്കുകയുമാണ് പ്രാര്‍ത്ഥന. ക്രൈസ്തവന്‍റ പ്രാര്‍ത്ഥന ഇപ്രകാരമുള്ളതാണെങ്കിലും ലോകത്തെ മറക്കുന്നില്ല, മറിച്ച് ലോകത്തിലുള്ളവരെയും ലോകത്തിന്‍റെ ആവശ്യങ്ങളെയും ഈ പ്രാര്‍ത്ഥനയില്‍ ഉള്‍ക്കൊള്ളിക്കുന്നു. ലോകത്തിന്‍റെ പ്രശ്നങ്ങളും നിരവധിയായ കാര്യങ്ങളും പ്രാര്‍ത്ഥനയില്‍ പിതാവിന്‍റെ മുന്നില്‍ വയ്ക്കപ്പെടുന്നു. “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ത്ഥനയില്‍ ഒരു പദത്തിന്‍റെ അഭാവം ശ്രദ്ധേയമാണ്. നമ്മുടെ ഇക്കാലത്തു മാത്രമല്ല എക്കാലത്തും ഏറെ പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുള്ള “ഞാന്‍” എന്ന പദമാണ് അതില്‍ കാണപ്പെടാത്തത്. സര്‍വ്വോപരി 'നീ' എന്ന വാക്കുപയോഗിച്ചു പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിക്കുന്നത്. കാരണം ക്രിസ്തീയ പ്രാര്‍ത്ഥന ഒരു സംഭാഷണമാണ്. 'നിന്‍റെ നാമം പൂജിതമാകണമേ, നിന്‍റെ രാജ്യം വരേണമേ, നിന്‍റെ ഹിതം നിറവേണമേ'. എന്‍റെ നാമമല്ല, എന്‍റെ രാജ്യമല്ല, എന്‍റെ ഇഷ്ടമല്ല. “ഞാന്‍” എന്ന പദത്തിന് ഇവിടെ പ്രസക്തിയില്ല. തുടര്‍ന്ന് കടക്കുന്നത് “ഞങ്ങള്‍” എന്ന പദത്തിലേക്കാണ്. കര്‍ത്തൃപ്രാര്‍ത്ഥനയുടെ രണ്ടാം ഭാഗം മുഴുവനും ഉത്തമ ബഹുവചനത്തിലാണ്. “അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ, ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടു പൊറുക്കണമേ, പ്രലോഭനത്തില്‍ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമേ, തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ”. മനുഷ്യന് ഏറ്റം മൗലികമായ കാര്യത്തിനായുള്ള, അതായത് വിശപ്പടക്കാനുള്ള ആഹാരത്തിനായുളള, അപേക്ഷ പോലും ബഹുവചനത്തിലാണ്. ക്രൈസ്തവ പ്രാര്‍ത്ഥനയില്‍ ആരും അവനവനു വേണ്ടി മാത്രം അപ്പം യാചിക്കുന്നില്ല. "എനിക്ക്" അപ്പം നല്‍കണമെന്നല്ല, "ഞങ്ങള്‍ക്ക്" അന്നം നല്‍കണമേ എന്നാണ്, സകലര്‍ക്കുവേണ്ടി, ലോകത്തിലെ എല്ലാ ദരിദ്രര്‍ക്കും വേണ്ടിയുള്ള അപേക്ഷയാണ്. നമുക്കു നമ്മോടുതന്നെ ചോദിക്കാം: ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്‍റെ ചാരത്തും ദൂരത്തുമുള്ള അനേകരുടെ രോദനത്തോടു ഞാന്‍ തുറവി കാട്ടുന്നുണ്ടോ? അതോ, ശാന്തമായിരിക്കുന്നതിനുള്ള ഒരുതരം മയക്കുമരുന്നായിട്ടാണോ ഞാന്‍ പ്രാര്‍ത്ഥനയെ കാണുന്നത്? അങ്ങനെയാണെങ്കില്‍ ഞാന്‍ ഗുരുതരമായ ഒരു തെറ്റിനു കാരണക്കാരനാണ്. തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥന ഒരിക്കലും ക്രിസ്തീയമായിരിക്കില്ല. കാരണം യേശു പഠിപ്പിച്ച “ഞങ്ങള്‍” എന്ന പദം, ഒറ്റയ്ക്ക് സമാധാനത്തില്‍ കഴിയാന്‍ എന്നെ അനുവദിക്കില്ല, പ്രത്യുത, എനിക്ക് എന്‍റെ സഹോദരങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട് എന്ന അവബോധം എന്നിലുളവാക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കര്‍ത്തൃ പ്രാര്‍ത്ഥനയോടെയാണ് പാപ്പയുടെ പൊതുകൂടിക്കാഴ്ചയ്ക്ക് സമാപനമായത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-02-14 11:28:00
Keywordsപാപ്പ
Created Date2019-02-14 11:21:00