Content | ചങ്ങനാശേരി: ക്രൈസ്തവ സഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് നിയമപരിഷ്‌കരണ കമ്മീഷന്‍ സംസ്ഥാന ഗവണ്‍മെന്റിന് നല്‍കിയ കരടുബില്ലില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാ സമിതി. നൂറ്റാണ്ടുകളായി സഭയുടെ സ്വത്തുക്കള്‍ വ്യവസ്ഥാപിതമായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നും ആ സംവിധാനം അട്ടിമറിച്ച് സഭാഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലുള്ളതെന്നും സമിതി അഭിപ്രായപ്പെട്ടു.
തര്‍ക്കപരിഹാരങ്ങള്‍ക്ക് സഭയില്‍ തന്നെ സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ ഇതിനായി ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന നിര്‍ദേശം സദുദ്ദേശപരമല്ല. ക്രൈസ്തവ സഭയുടെ കെട്ടുറപ്പിനെയും പരമ്പരാഗത ഭരണ രീതിയെയും അലങ്കോലപ്പെടുത്താന്‍ ഇടയാകുമെന്നതിനാല്‍, ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു.
അതിരൂപത കേന്ദ്രത്തില്‍ പിആര്‍ഒ അഡ്വ. ജോജി ചിറയിലിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ജാഗ്രതാ സമിതി കോഓഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍ വിഷയാവതരണം നടത്തി. റവ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ഡോ. ആന്റണി മാത്യൂസ്, ജോബി പ്രാക്കുഴി, അഡ്വ. പി. പി. ജോസഫ്, കെ.വി. സെബാസ്റ്റ്യന്‍, പി. എ. കുര്യാച്ചന്‍, ലിബിന്‍ കുര്യാക്കോസ്, ടോം ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. |