Content | ബെയ്റൂട്ട്: ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ മധ്യപൂര്‍വ്വേഷ്യയെ അതിന്റെ മതപരമായ ബഹുസ്വരതയില്‍ നിന്നും വിഭിന്നമായൊരു മതരഹിതമായ ഭൂവിഭാഗമാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ലെബനന്‍ പ്രസിഡന്റ് മൈക്കേല്‍ അവോന്‍. ഫെബ്രുവരി 27ന് ബെയ്റൂട്ടില്‍ വെച്ച് നടന്ന മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കന്‍ (MENA) കാരിത്താസിന്റെ റീജിയണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാരോണൈറ്റ് സഭാതലവനായ പാത്രിയാര്‍ക്കീസ് ബേഷര അല്‍-റാഹിയും പങ്കെടുത്ത കോണ്‍ഫറന്‍സ് ലെബനനിലെ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തെക്കുറിച്ചും ചര്‍ച്ച ചെയ്തിരിന്നു. ഒത്തൊരുമക്കും, ബഹുസ്വരതക്കും വേണ്ടിയാണ് ലെബനനും, മാഷ്രെക്ക് മേഖലയും പോരാടുന്നതെന്ന് അവോണ്‍ പറഞ്ഞു. പൗരസ്ത്യ അറബ് മേഖലയുടെ മത സാംസ്കാരിക വൈവിധ്യത്തിനു കത്തിവെക്കുന്നവര്‍, മേഖലയുടെ ഐക്യത്തിന് തന്നെയാണ് തുരങ്കം വെക്കുന്നതെന്നും, ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ ലെവാന്റ് മേഖലയില്‍ നിന്നും ക്രിസ്ത്യാനികളെ തുടച്ചുനീക്കുവാന്‍ പാടില്ലെന്നും അവോണ്‍ കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യാനികളില്ലാത്ത ലെവാന്റ് മേഖല മുസ്ലീംങ്ങളില്ലാത്ത അല്‍-അക്സാ മസ്ജിദിനും, ക്രിസ്ത്യാനികളില്ലാത്ത ശവകുടീരപ്പള്ളിക്കും സമാനമാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന മത തീവ്രവാദത്തിനെതിരേയും അവോണ്‍ മുന്നറിയിപ്പ് നല്‍കി. മത തീവ്രവാദമാണ് ഇന്നത്തെ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. മത, വര്‍ഗ്ഗ, ഗോത്ര, വംശ വ്യത്യാസമില്ലാത്ത പ്രവര്‍ത്തനങ്ങളിലാണ് കാരിത്താസിന്റെ പ്രാധാന്യമിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ലെബനനിലെ കാരിത്താസിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറഞ്ഞു.
അറബ് മേഖലയിലെ നിലനില്‍ക്കുന്ന വംശഹത്യയിലേക്കും, മതപീഡനങ്ങളിലേക്കും പാത്രിയാര്‍ക്കീസ് ബേഷര അല്‍-റാഹി ലെബനന്‍ പ്രസിഡന്റിന്റെ ശ്രദ്ധ ക്ഷണിച്ചു. വിശ്വാസപരമായ അസഹിഷ്ണുതയും, അക്രമങ്ങളും അവസാനിപ്പിക്കുന്നതിനായിരിക്കണം പ്രസിഡന്റ് ആദ്യം ശ്രദ്ധിക്കേണ്ടതെന്ന്‍ അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് പുറമേ, മനിലയിലെ മെത്രാപ്പോലീത്തയും കാരിത്താസ് ഇന്റര്‍നാഷണലിന്റെ പ്രസിഡനറുമായ കര്‍ദ്ദിനാള്‍ അന്റോണിയോ ടാഗ്ലെ, നീതി-ന്യായ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായ പീറ്റര്‍ ടര്‍ക്സണ്‍ തുടങ്ങിയ പ്രമുഖരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. |