Content | ചങ്ങനാശേരി: പ്രളയാനന്തര കുട്ടനാട്ടില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന പുനരധിവാസ പദ്ധതികളുടെ ഭാഗമായി നാലായിരത്തിലധികം കര്‍ഷകര്‍ക്കു സാമ്പത്തിക സഹായം നല്‍കി. 59 ഇടവക പരിധിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നാനാജാതി മതസ്ഥരായ ചെറുകിട നെല്‍കര്‍ഷകര്‍ക്കാണ് അന്പതുലക്ഷത്തോളം രൂപയുടെ സഹായം നല്‍കിയത്. ജനുവരി 13ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പുളിങ്കുന്നില്‍ ഉദ്ഘാടനം ചെയ്ത കുട്ടനാട് പുനരധിവാസ പദ്ധതിയുടെ ഏകോപനം ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ചാസ്) യാണ് നിര്‍വഹിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മുതല്‍തന്നെ ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചാസിലൂടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. തുടര്‍ന്ന് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിച്ച കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസമായി ചാസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് അതിരൂപത കോടിക്കണക്കിന് രൂപയുടെ സഹായങ്ങള്‍ എത്തിച്ചിരുന്നു. അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, വികരി ജനറാള്‍മാരായ ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ഫിലിപ്പ് വടക്കേക്കളം, ഫാ. തോമസ് പാടിയത്ത്, പ്രൊക്യുറേറ്റര്‍ ഫാ.ഫിലിപ്പ് തയ്യില്‍ ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍ എന്നിവരാണ് പദ്ധതിയുടെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നത്.
|