Content | ലണ്ടന്‍: ബ്രിട്ടീഷ് യുവത്വത്തിന്റെയുള്ളിലെ വിശ്വാസ ജ്വാലയെ ആഴത്തില്‍ ജ്വലിപ്പിച്ച് നടന്ന കത്തോലിക്ക യുവജന സമ്മേളനം ഫ്ലെയിം 2019 വന്‍ വിജയമായി. ഇക്കഴിഞ്ഞ മാര്‍ച്ച് 2ന് ലണ്ടനിലെ വെംബ്ലിയിലെ എസ്.എസ്.ഇ അരീനയില്‍ വെച്ച് നടന്ന കൂട്ടായ്മയില്‍ എണ്ണായിരത്തോളം യുവജനങ്ങളാണ് പങ്കെടുത്തത്. ‘സിഗ്നിഫിക്കന്‍സ്’ (പ്രാധാന്യം) എന്നതായിരുന്നു ഫ്ലെയിം 2019-ന്റെ മുഖ്യ പ്രമേയം. സ്വന്തം മൂല്യബോധത്തെ നിര്‍വചിക്കുവാന്‍ സാമൂഹ്യ മാധ്യമങ്ങളെ അനുവദിക്കരുതെന്ന ചിന്തയായിരിന്നു കൂട്ടായ്മയില്‍ പ്രധാനമായും ഉയര്‍ന്നത്.
ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ് പോലെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് അടിമയായ കത്തോലിക്കാ യുവജനങ്ങളില്‍ പുതിയ കാഴ്ചപ്പാട് സൃഷ്ടിക്കുവാന്‍ ഫ്ലെയിം 2019നു കഴിഞ്ഞുവെന്ന് കൂട്ടായ്മയുടെ സംഘാടകര്‍ പറഞ്ഞു. വെസ്റ്റ്മിന്‍സ്റ്റര്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്, ഐറിഷ് സഭയുടെ തലവന്‍ ഈമന്‍ മാര്‍ട്ടിന്‍ മെത്രാപ്പോലീത്ത, കനേഡിയന്‍ തത്വശാസ്ത്രജ്ഞനായ ജീന്‍ വാനിയര്‍, അമേരിക്കന്‍ സുവിശേഷകനായ റോബര്‍ട്ട് മാഡു, റാപ് കലാകാരനായ ഗുവ്നാ ബി, ഇബെ ജയന്റ് കില്ലര്‍, കാന്‍ഡിസ് മക്കെന്‍സി തുടങ്ങിയവരായിരുന്നു കൂട്ടായ്മയുടെ മുഖ്യ ആകര്‍ഷണം.
യുവാക്കള്‍ ദൈവത്തിന്റേയും, സഭയുടേയും ഹൃദയത്തില്‍ സ്ഥാനം നേടിയവരും, വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരുമാണെന്നു ഈമന്‍ മാര്‍ട്ടിന്‍ മെത്രാപ്പോലീത്ത യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. തിമോത്തി ഹഗ്സ്, ഗുവ്നാ എന്നിവര്‍ സ്തുതി ആരാധനക്ക് നേതൃത്വം നല്‍കി. 2010-ലെ പാപ്പാ സന്ദര്‍ശനത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് കൊണ്ട് ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും കത്തോലിക്കാ യൂത്ത് മിനിസ്ട്രി ഫെഡറേഷനാണ് ഫ്ലെയിം 2019 സംഘടിപ്പിച്ചത്. ഫ്ലെയിം പരമ്പരയിലെ നാലാമത്തെ കൂട്ടായ്മയായിരുന്നു ഇത്. |