Content | ജക്കാർത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഫാ.സ്റ്റെഫാനസ് ബ്രാറ്റകർത്ത ആരംഭിച്ച സുവിശേഷവത്കരണം ഫലം ചൂടുന്നു. ഇതിന്റെ വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് അഞ്ച് വൈദികരും മുപ്പത്തിയൊന്ന് ഡീക്കന്മാരും കഴിഞ്ഞയാഴ്ച അഭിഷക്തരായത്. പഡാങ്ങ് രൂപതയിലെ സെന്‍റ് ഇഗ്നേഷ്യസ് ലയോള ദേവാലയത്തിൽ കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക കത്തോലിക്ക സമൂഹത്തിൽ നിന്നുമുള്ള പ്രഥമ വൈദികനായി ഫാ.മാക്സിമസ് മാലോഫ് കൊസാറ്റ് അഭിഷിക്തനായി.
പൊൻതിയനാക് ആർച്ച് ബിഷപ്പ് മോൺ. അഗസ്റ്റിനസ് അഗസിന്റെയും, മുൻ ആർച്ച് ബിഷപ്പ് ഹെയ്റോണിമസ് ഹെർക്കുലാനഡ് ബംബുണിന്റെയും കാർമ്മികത്വത്തിൽ ശനിയാഴ്ച ഹോളിക്രോസ് ഇടവക ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ ഫാ.ഇഗ്നേഷ്യസ് ദയ്, ഫാ.പ്ലാസിഡ പാലിയസ് എന്നിവരും കപ്പുച്ചിൻ വൈദികരായി തിരുപ്പട്ടം സ്വീകരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് പെമാൻഗത്ത് സെന്‍റ് ജോസഫ് ഇടവകയിൽ നടന്ന തിരുപ്പട്ട സ്വീകരണത്തിൽ രണ്ട് ഡീക്കന്മാരെ രൂപതാ വൈദികരായി മോൺ. ആഗ്നസ് അഭിഷേകം ചെയ്തത്.
ഇന്തോനേഷ്യൻ ബോർണിയോ ന്യൂനപക്ഷ തദ്ദേശിയരായ ഫാ. പോളിനസ് സുരിപ് ദയക് കനയാറ്റൻ അംഗവും ഫാ.വലേരിയസ് ഹിലാരിയോൺ തജ്ഹെൻ ഹെന്ദ്ര പരാമ്പരാഗത ചൈനീസ് പെമാൻഗത്ത് കുടുംബാംഗവുമാണ്. നേരത്തെ, മലാങ്ങ് ബിഷപ്പ് മോൺ. ഹെൻറികസ് പിദയർത്തോ ഗുനവാൻ കോൺഗ്രിഗേഷ്യോ മിഷ്യനിസ്, സൊസൈറ്റി ഓഫ് ഡിവൈൻ വേർഡ് എന്നീ സഭകൾക്കായി ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് പന്ത്രണ്ടു പേർക്ക് ഡീക്കൻ പട്ടം നല്‍കിയിരുന്നു. സെമരാങ്ങ്, പുർവോകർത്തോ രൂപതകൾക്കായി സെന്‍റ് പോൾ മേജർ സെമിനാരിയിൽ വച്ച് സെമരാങ്ങ് ആർച്ച് ബിഷപ്പ് റോബർട്ടസ് റുബിയറ്റ്മോക്കോയും വിവിധ സന്യാസ സഭകളിലെ പത്തൊൻപത് ഡീക്കന്മാരെ അഭിഷേകം ചെയ്തു.
ഇന്തോനേഷ്യയിലെ 85 ശതമാനത്തോളം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്തുമതത്തിന് ശക്തമായ വളര്‍ച്ചയാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. ഇരുപതു വർഷത്തിനിടയിൽ രാജ്യത്തെ വൈദികരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണുള്ളത്. ഇതിനെ ഒരിക്കല്‍ കൂടി ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തു മുന്നൂറിനടുത്ത ആളുകള്‍ വൈദീക പരിശീലനം നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. |