Content | ബ്രിസ്‌ബേൻ: സുവിശേഷത്തിൽ ജ്വലിക്കുവാൻ സഭക്ക് പുതിയ പന്തക്കുസ്ത അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വൈദികന്റെ പുസ്തകം ചർച്ചയാകുന്നു. ‘മിഷ്ണറീസ് ഓഫ് ഗോഡ്സ് ലൗ’ സഭയുടെ സ്ഥാപകനും രചയിതാവുമായ ഫാ. കെന്‍ ബാര്‍ക്കറിന്റെ ‘ഗോ സെറ്റ് ദി വേള്‍ഡ് ഓണ്‍ ഫയര്‍’ എന്ന പുസ്തകത്തിലാണ് രണ്ടാം പന്തക്കുസ്ത അനുഭവത്തിനായുള്ള മുറവിളിയുള്ളത്. ‘ദൈവസ്നേഹത്തിന്റെ പ്രേഷിതരെന്ന നിലയില്‍ ദൈവസ്നേഹമാകുന്ന അഗ്നിയിലും, ആത്മാവിലും വേണം ജീവിക്കുവാന്‍’ എന്ന കാഴ്ചപ്പാടിനെ വിവിധ വശങ്ങളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം കൂടിയാണ് ‘സെറ്റ് ദി വേള്‍ഡ് ഓണ്‍ ഫയര്‍’.
ജീവിക്കുന്ന ദൈവവുമായുള്ള തന്റെ വ്യക്തിപരമായ കൂടിക്കാഴ്ചയില്‍ നിന്നുമാണ് ഈ പുസ്തകം ഉരുത്തിരിഞ്ഞതെന്നു ഫാ. ബാര്‍ക്കര്‍ പറയുന്നു. പുതിയൊരു ജീവിത രീതിയിലൂടെ യേശുവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുക, പുതിയ ലോകത്തെ പുതിയ സുവിശേഷ പ്രഘോഷണം തുടങ്ങിയവയാണ് 200 പേജുള്ള പുസ്തകത്തിന്റെ മുഖ്യ പ്രതിപാദ്യ വിഷയങ്ങള്‍. പുതിയൊരു പന്തക്കോസ്ത് അനുഭവം കൂടാതെ പുതിയ സുവിശേഷ പ്രഘോഷണം സാധ്യമല്ലെന്നാണ് ഫാ. ബാര്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നത്. 2020-ലെ പ്ലീനറി കൗണ്‍സിലിനുള്ള തന്റെ സമര്‍പ്പണമാണ് ഈ പുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുവിശേഷ പ്രഘോഷണത്തിലെ പ്രധാന ഘടകം പരിശുദ്ധാത്മാവാണ്. അതിനാല്‍ സുവിശേഷ പ്രഘോഷണത്തില്‍ പരിശുദ്ധാത്മാവിന്റെ പുതിയൊരു നിവേശനം ആവശ്യമാണ്. അല്ലാത്തപക്ഷം മാനുഷികമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അമാനുഷികമായ ഒരു ദൗത്യനിര്‍വഹണത്തിനിങ്ങുന്നത് പോലെയാകുമത്. ഇതിനായി ദൈവാനുഗ്രഹത്തിന്റെ ആവശ്യകതയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ സുവിശേഷവത്കരണം, മാധ്യസ്ഥത്തിന്റെ ശക്തി, കരുണയും സൗഖ്യവും തുടങ്ങിയവയാണ് ‘സെറ്റ് ദി വേള്‍ഡ് ഓണ്‍ ഫയര്‍’ന്റെ മറ്റ് പ്രതിപാദ്യ വിഷയങ്ങള്‍. ഫ്രാന്‍സിസ് പാപ്പായുടെ കാഴ്ചപ്പാടുകളും തന്റെ പുതിയ പുസ്തകത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഫാ. ബാര്‍ക്കര്‍ പറഞ്ഞു. ഫെബ്രുവരി 24-ന് ക്യാമ്പ് ഹില്‍ ഇടവകയില്‍ വെച്ച് വിശ്രമജീവിതം നയിക്കുന്ന മെത്രാന്‍ ബ്രയാന്‍ ഫിന്നിഗനാണ് പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഫാ. ബാര്‍ക്കറിന്റേ ശ്രദ്ധ പിടിച്ചു പറ്റിയ രചനയാണ് ‘ഹിസ് നെയിം ഈസ് മേഴ്സി’. |