Content | മോസ്ക്കോ: സോവിയറ്റ് യൂണിയന്റെ കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന വ്ളാഡിമർ ലെനിന്റെ പ്രതിമ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് ക്രിസ്തുവിന്റെ കൂറ്റൻ ശില്പം നിർമ്മിക്കാനുള്ള പദ്ധതി റഷ്യയില്‍ തയ്യാറാകുന്നു. റഷ്യയുടെ കിഴക്ക് വ്ളാഡിവോസ്തോക്ക് നഗരത്തിലെ ഒരു മലയിലാണ് കൂറ്റൻ ക്രിസ്തു ശിൽപ്പത്തിനായുള്ള പദ്ധതി ഒരുങ്ങുന്നത്. സോവിയറ്റ് ഭരണകാലത്തു ഇവിടെ ലെനിന്റെ പ്രതിമ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അതിന് സാധിച്ചില്ല. ക്രിസ്തു ശിൽപം നിർമ്മിക്കാനായി റഷ്യൻ ഓർത്തഡോക്സ് സഭ അംഗീകാരം നല്‍കുന്നതോടെ നിര്‍മ്മാണം ആരംഭിച്ചേക്കും.
റഷ്യൻ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ക്രിസ്തു ശിൽപത്തിന് 125 അടിയോളം ഉയരമുണ്ടാകുമെന്നാണ് സൂചന. ബ്രസീലിലെ പ്രശസ്തമായ ക്രൈസ്റ്റ് ദി റെഡീമർ ശില്പത്തിനും ഇതേ ഉയരം തന്നെയാണ്. എന്നാൽ റഷ്യയിൽ പണിയാൻ ഉദ്ദേശിച്ചിരിക്കുന്ന ക്രിസ്തു ശില്പത്തിന്റെ പീഠത്തിന്റെ ഉയരം കൂടി കണക്കിലെടുക്കുമ്പോൾ, ക്രൈസ്റ്റ് ദി റെഡീമർ ശില്പത്തിന്റെ ഉയരത്തെ മറികടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റഷ്യന്‍ ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയാർക്ക് കിറിലിന്റെ ആത്മീയ ഉപദേഷ്ടാവായ ഇല്ലി എന്ന ഒരു സന്യാസിയിൽ നിന്ന് പ്രചോദനം സ്വീകരിച്ചാണ് പദ്ധതിയുടെ ആദ്യഘട്ട ചർച്ചകൾ നടക്കുന്നത്. പദ്ധതിക്കായി സ്വകാര്യ വ്യക്തികൾ തന്നെ കൂടുതലായും പണം നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കമ്മ്യൂണിസ്റ്റ് ഭീകരതയുടെ പിടിയിൽനിന്ന് ഉയർത്തെഴുന്നേൽക്കുന്ന റഷ്യയിൽ, ക്രൈസ്തവ വിശ്വാസം ശക്തമായി വളരുന്നതിന്റെ മറ്റൊരു നേർക്കാഴ്ചയായിരിക്കും വ്ളാഡിവോസ്തോക്ക് നഗരത്തിൽ ഉയരാൻ ഇരിക്കുന്ന ക്രിസ്തു ശിൽപ്പം. |