Meditation. - April 2024

യേശുവിന്‍റെ അസാന്നിധ്യം ശിഷ്യരില്‍ ഉണ്ടാക്കിയ ഭീതി

സ്വന്തം ലേഖകന്‍ 10-04-2024 - Wednesday

"കല്ലറയില്‍ നിന്നു കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു. അവര്‍ അകത്തുകടന്നു നോക്കിയപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല" (ലൂക്കാ 24 :2-3).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 10

ഒരിക്കല്‍ യേശു കേസറിയാ ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത് (മത്തായി 16:13) അവർ വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ്‌ പറഞ്ഞത്, അപ്പോൾ യേശു അവരോടു ചോദിച്ചു, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? 'നീ കർത്താവ്‌ ആണ്, ജീവിക്കുന്ന ദൈവത്തിന്റെ പുത്രൻ' എന്ന്‍ പറഞ്ഞ ശിമയോൻ പത്രോസിന്‍റെ വാക്കുകൾ ശിഷ്യര്‍ നിശബ്ദരായി അംഗീകരിക്കുകയായിരുന്നു ചെയ്തത്. ആദ്യം മുതൽ അന്ത്യം വരെ യേശുവിന്റെ കുരിശുമരണത്തിൽ പങ്കെടുത്ത വ്യക്തിയെന്ന നിലയ്ക്ക് സുവിശേഷകനായ യോഹന്നാൻ എഴുതുന്നു, യേശുവിന്‍റെ മരണശേഷം യഹൂദരെ പേടിച്ച്, ശിഷ്യര്‍ കതക് അടച്ച് മുറിക്കുള്ളിലായിരുന്നു. ഇതർത്ഥമാക്കുക യേശുവിന്‍റെ മരണശേഷമുള്ള ഓരോ ദിവസവും ഓരോ നിമിഷവും മറ്റേതു വികാരത്തിനും അപ്പുറം അവർ ഭയമെന്ന വികാരത്തിന്‌ അടിമയായിരുന്നുവെന്നാണ്.

യേശുവിന്‍റെ ശരീരം അന്വേഷിക്കാന്‍ പോയ അവര്‍ യഹൂധാധികാരികളുടെ പക്കൽ നിന്നും കൂടുതൽ അപകടങ്ങളോ ഉപദ്രവങ്ങളോ ആണ് അവർ പ്രതീക്ഷിച്ചത്. ഇത് തികച്ചും മാനുഷികമായ ഒരു ഭയം ആയിരുന്നു. പെസ്സഹാ വ്യാഴാഴ്ച മുതല്‍ ആഴമായ ഭീതി വ്യാപിച്ച് തുടങ്ങിയിരിന്നു. ഈ ഭീതിയും ദുഃഖവും, ദുഃഖ വെള്ളിയാഴ്ചയിലെ സംഭവവികാസങ്ങളിലൂടെ പാരമ്യത്തിൽ എത്തി. കർത്താവിന്റെ ശരീരം കല്ലറയിൽ അടക്കിയപ്പോഴും ആ ഭീതി അതിന്‍റെ സമ്പൂര്‍ണ്ണതയില്‍ അവരെ പിന്തുടര്‍ന്നു. യേശു ക്രിസ്തുവിന്റെ മരണത്തെ തുടർന്ന് അവരുടെ പേടിയും ആകുലതയും ക്രമാതീതമായി ഉയര്‍ന്നു.

ശിഷ്യരെ ദുഃഖിതരാക്കിയത് പോലെ, യേശുവിന്‍റെ അഭാവം നമ്മുടെ ജീവിതത്തില്‍ ഏറെ നിരാശക്കും ഭീതിയ്ക്കും കാരണമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു. അതേ സമയം ജീവിക്കുന്ന ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന ചിന്ത നമ്മെ പ്രത്യാശയിലേക്ക് നയിക്കും. നമ്മുടെ ജീവിതാവസ്ഥകളില്‍ ക്രിസ്തു നമ്മുടെ ഒപ്പമുണ്ടെന്ന ചിന്ത നാമെല്ലാവരെയും ധൈര്യപ്പെടുത്തട്ടെ.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ടൂറിന്‍, 13.04.1980)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.