Faith And Reason

വിശ്വാസികളില്ലെങ്കിലും ജറുസലേമിലെ പീഡാനുഭവ വീഥിയിലൂടെ കുരിശിന്റെ വഴിയുമായി അവര്‍ നടന്നുനീങ്ങി

പ്രവാചക ശബ്ദം 11-04-2020 - Saturday

ജെറുസലേം: വിശ്വാസികളുടെ പങ്കാളിത്തമില്ലെങ്കിലും ഇന്നലെ ദുഃഖവെള്ളിയാഴ്ച ജെറുസലേമിലെ പീഡാനുഭവ വീഥികളിലൂടെ ഫ്രാൻസിസ്കൻ സന്യാസികൾ കുരിശിന്റെ വഴി പ്രാർത്ഥന നടത്തി. കൊറോണ പ്രതിരോധത്തിനായുള്ള ഭരണകൂട നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മുൻകരുതലെന്ന നിലയിൽ മുഖാവരണം ധരിച്ചാണ് സന്യാസിനികള്‍ സ്ലീവാ പാതയിൽ പങ്കുചേർന്നത്. ഫാ. ഇബ്രാഹിം ഫാൾട്ടാസ്, ഫാ. ഫ്രാൻസിസ്കോ പാറ്റൺ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. തിരുകല്ലറ ദേവാലയത്തിലേക്കാണ് വിജനമായ ജറുസലേമിന്റെ തെരുവിലൂടെ അവർ നടന്നുനീങ്ങിയത്. ദേവാലയത്തിനു മുന്നിൽ എത്തി ചേർന്നതിന് ശേഷം കൊറോണ വൈറസ് ബാധിതർക്ക് വേണ്ടി സന്യാസിനികള്‍ പ്രാർത്ഥിച്ചു.

യേശുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓർമ്മ പുതുക്കുന്ന ഈ ദുഃഖവെള്ളി, വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ഇത്തവണ ആചരിക്കുന്നതെന്ന് വിശുദ്ധ നാട്ടിലെ ലത്തീൻ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായ ആർച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസാബെല്ല തിരുകല്ലറ ദേവാലയത്തിന് മുന്നിൽ നിന്ന് സന്ദേശം നൽകി ഓർമ്മിപ്പിച്ചു. ക്രിസ്തു പീഡ സഹിച്ച അതേ സ്ഥലത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദനയിലൂടെ കടന്നു പോകുന്നവരുടെ ഹൃദയവുമായി പ്രാർത്ഥനയിൽ ഒന്നാകാൻ സാധിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഏതാനും ആഴ്ചകൾക്കു മുമ്പ് തിരുകല്ലറ ദേവാലയം ഇസ്രായേൽ അധികൃതർ കൊറോണ വ്യാപന ഭീതിമൂലം അടച്ചിട്ടിരുന്നു. ഇന്നലെ ആർച്ച് ബിഷപ്പ് ദേവാലയത്തിൽ പ്രവേശിച്ച് പ്രത്യേക പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഏതാനും ചില വൈദികർ മാത്രം അദ്ദേഹത്തോടൊപ്പം അകത്ത് പ്രവേശിച്ചു. വിവിധ സഭാവിഭാഗങ്ങൾ ഒരുപോലെ സംരക്ഷിച്ചു വരുന്ന തിരുകല്ലറ ദേവാലയം പുനരുദ്ധാരണത്തിനായി അല്ലാതെ അടുത്ത കാലങ്ങളിൽ ഒന്നും തുടര്‍ച്ചയായി ഇങ്ങനെ അടച്ചിട്ടില്ല.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »