News - 2024

മറ്റുള്ള ആരാധന കേന്ദ്രങ്ങൾ തുറക്കും മുന്‍പേ കത്തോലിക്ക ദേവാലയങ്ങൾ തുറക്കണം: കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്

സ്വന്തം ലേഖകന്‍ 15-05-2020 - Friday

ലണ്ടന്‍: പ്രൊട്ടസ്റ്റന്റ്, ഇസ്ലാം ആരാധനാലയങ്ങൾ തുറക്കുന്നതിനു മുമ്പേ തന്നെ, കത്തോലിക്കാ ദേവാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭയുടെ തലവനും വെസ്റ്റ്മിന്‍സ്റ്റർ അതിരൂപതയുടെ അധ്യക്ഷനുമായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്. റേഡിയോ ഫോറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. മറ്റുള്ള മതങ്ങളിൽ നിന്ന് വ്യത്യസ്തമായി കത്തോലിക്ക ദേവാലയങ്ങൾ പിന്തുടരുന്ന ആരാധന രീതിയാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിന്റെ കാരണമായി ആർച്ച് ബിഷപ്പ് നിക്കോൾസ് ചൂണ്ടിക്കാണിച്ചത്. ദേവാലയങ്ങളിൽ വന്ന് വ്യക്തിപരമായി പ്രാർത്ഥിക്കാനാണ് ആദ്യം ഇളവ് നൽകേണ്ടതെന്നും, ജനസമൂഹവുമായി പൊതു ആരാധന നടത്താനായി അതിനുശേഷം അനുവാദം നൽകിയാൽ മതിയെന്നും അദ്ദേഹം വിശദീകരിച്ചു.

കൊറോണ വൈറസ് പടരാതിരിക്കാൻ മുൻകരുതലെന്നോണം ഓൺലൈൻ കുർബാന അടക്കം, നിരവധി മാർഗങ്ങൾ വിശ്വാസികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദേവാലയങ്ങളിലെത്തി ആരാധന അതിന്റെ പൂർണ്ണതയിൽ പങ്കു ചേരണമെന്ന ആഗ്രഹമാണ് ഇപ്പോൾ കത്തോലിക്കാ സമൂഹത്തിന് ഉള്ളത്. ആരാധനാലയങ്ങൾ തുറക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സർക്കാർ നിയമിച്ചിരിക്കുന്ന പ്രത്യേകസംഘം ചര്‍ച്ച നടത്തുമ്പോൾ വിവിധ മതങ്ങൾ അനുഷ്ഠിക്കുന്ന പ്രാർത്ഥനാ രീതി വ്യത്യസ്തമാണെന്ന് മനസ്സിലാക്കണം. പ്രൊട്ടസ്റ്റൻറ്, ഇസ്ലാം മത ആരാധനാലയങ്ങളിൽ എല്ലാവരും ഒരുമിച്ചാണ് പ്രാർത്ഥിക്കുന്നത്. എന്നാൽ കത്തോലിക്ക ആരാധനാലയങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് വ്യക്തിപരമായ പ്രാർത്ഥന നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് ആരാധനാലയങ്ങൾ തുറക്കേണ്ടത് എന്നതിനെ സംബന്ധിച്ച് സഭ ഭരണകൂടത്തിന് നിർദേശങ്ങൾ സമർപ്പിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികൾ ഓൺലൈനിലൂടെ ബലിയർപ്പണത്തില്‍ പങ്കുചേരുന്നുണ്ടെങ്കിലും, എല്ലാവരും വിശുദ്ധകുർബാന സ്വീകരിക്കാനുളള തീക്ഷ്ണമായ ആഗ്രഹത്തിലാണ് മുന്നോട്ട് പോകുന്നത്. ഈ ദിവസങ്ങൾ കത്തോലിക്ക വിശ്വാസികൾക്ക് വേദനയേറിയ ഉപവാസ ദിനങ്ങൾ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ ജൂലൈ ആദ്യവാരത്തോട് കൂടി മാത്രമേ ദേവാലയങ്ങള്‍ തുറന്നു നല്‍കുകയുള്ളൂ എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരിന്നു. ഭരണകൂട നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സഭാനേതൃത്വവും വിശ്വാസികളും രംഗത്തുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »