News

സിയേറാ ലിയോണിലെ കത്തോലിക്ക വൈദികരില്‍ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരുടെ മക്കള്‍

പ്രവാചകശബ്ദം 26-04-2024 - Friday

ഫ്രീടൌണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണില്‍ കത്തോലിക്ക വൈദികരില്‍ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരുടെ മക്കളാണെന്ന് വെളിപ്പെടുത്തല്‍. രാജ്യത്തു ദീര്‍ഘകാലം മിഷ്ണറിയായി സേവനം ചെയ്യുകയും പില്‍ക്കാലത്ത് മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്ത ബിഷപ്പ് നതാലെ പഗനെല്ലിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ മിക്ക കത്തോലിക്ക വൈദികരും മുസ്ലീങ്ങളുടെ മക്കളാണെന്നും ഇതിനു പിന്നില്‍ സ്‌കൂളുകളാണ് കാരണമെന്നും നേരത്തെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും സേവനം ചെയ്ത ബിഷപ്പ് നതാലെ പറഞ്ഞു.

സേവേരിയൻ മിഷ്ണറിമാര്‍ വന്നപ്പോൾ അവർ രാജ്യത്തിൻ്റെ വടക്ക് ഭാഗത്ത് മിക്കവാറും സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ, അവർ ആദ്യം പ്രൈമറി സ്കൂളുകള്‍ ആരംഭിച്ചു. പിന്നീട് സെക്കൻഡറി സ്കൂളുകളും തുടങ്ങി. സ്‌കൂളുകളിലൂടെ സുവിശേഷവൽക്കരണം ശക്തമായി നടന്നു. കത്തോലിക്കാ സ്‌കൂളുകളിൽ പഠിക്കുന്ന മുസ്‌ലിങ്ങളിൽ ഭൂരിഭാഗവും, ക്രിസ്തീയ വിശ്വാസവുമായും വൈദികരുമായും സമ്പർക്കം പുലർത്തുകയും പ്രത്യേക ഘട്ടം പിന്നിട്ടാല്‍ അവർ മാമോദീസ ആവശ്യപ്പെടുകയും ചെയ്യുന്നു. സ്കൂളിൽ തന്നെ മാമ്മോദീസയ്ക്കു ഒരുക്കമായി വിശ്വാസ പരിശീലനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തു വളരെ നല്ല മതസഹിഷ്ണുതയുണ്ട്. മുസ്ലീം ഗോത്രത്തലവന്മാര്‍ക്ക് ഓരോ ഗ്രാമത്തിലും കത്തോലിക്കാ സ്കൂളുകൾ വേണം, പക്ഷേ ഓരോ ഗ്രാമത്തിലും ഒരു കത്തോലിക്കാ സ്കൂൾ നിർമ്മിക്കാൻ തങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. അവിടെ അത് അസാധ്യമായിരുന്നു. മക്കെനിയിലെ ഇപ്പോഴത്തെ ബിഷപ്പ് ബോബ് ജോൺ ഹസൻ കൊറോമ ഇസ്ലാം മതസ്ഥരുടെ മകനായിരിന്നുവെന്നും നിരവധി പേര്‍ മുസ്ലിം മാതാപിതാക്കള്‍ക്ക് ജനിച്ചു പിന്നീട് ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടെന്നും ബിഷപ്പ് നതാലെ വെളിപ്പെടുത്തി. 2022-ലെ കണക്കുകള്‍ പ്രകാരം 86 ലക്ഷം പേര്‍ മാത്രമാണ് ഈ ആഫ്രിക്കന്‍ രാജ്യത്തു താമസിക്കുന്നത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ സിയേറാ ലിയോണിലെ ആകെ ജനസംഖ്യയുടെ 22% മാത്രമാണ് ക്രൈസ്തവര്‍.


Related Articles »