News - 2024

വിശുദ്ധ ജെറോമിന്റെ 1600ാം മരണ തിരുനാള്‍ ദിനത്തില്‍ പാപ്പയുടെ അപ്പസ്തോലിക ലേഖനം

പ്രവാചക ശബ്ദം 01-10-2020 - Thursday

വത്തിക്കാന്‍ സിറ്റി: ബൈബിൾ പണ്ഡിതനും വേദപാരംഗതനുമായ വിശുദ്ധ ജെറോമിന്റെ മരണ തിരുനാളിന്റെ 1600ാം വാർഷികത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ Scripturae Sacrae Affectus അഥവാ “തിരുവചന ഭക്തി” എന്ന പേരില്‍ അപ്പസ്തോലിക ലേഖനം പ്രസിദ്ധപ്പെടുത്തി. വിശുദ്ധന്‍റെ മരണ തിരുനാള്‍ ദിനമായ ഇന്നലെ സെപ്തംബര്‍ 30നാണ് പ്രസിദ്ധപ്പെടുത്തിയത്. ഈ വർഷം വിശുദ്ധ ജെറോം മരിച്ചതിന്റെ ആയിരത്തിഅറുനൂറാമത് വാര്‍ഷികമാണെന്നും വചനം പഠിക്കാനുള്ള തീക്ഷ്ണതയും അത് ജീവിക്കാനുള്ള മാതൃകയും വിശുദ്ധൻ നമ്മുക്ക് കാണിച്ചു തന്നുവെന്നും പൊതു കൂടിക്കാഴ്ചക്ക് ശേഷം അപ്പസ്തോലിക ലേഖനത്തില്‍ ഒപ്പുവെച്ചുകൊണ്ട് പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധഗ്രന്ഥം സാധാരണക്കാര്‍ക്ക് ലഭ്യമാക്കിയ വിശുദ്ധനാണ് ജെറോമെന്നു തന്‍റെ ലിഖിതത്തില്‍ പാപ്പ എടുത്തു പറയുന്നുണ്ട്.

എ‌ഡി 345ല്‍ ജനിച്ച വിശുദ്ധ ജെറോം 420-ല്‍ ബെത്ലഹേമില്‍വെച്ചാണ് മരണമടഞ്ഞത്. തപസ്സുകാലത്ത് അദ്ദേഹത്തിന് ലഭിച്ച ഒരു വെളിപാടിനെ തുടര്‍ന്നാണ് വൈദികനായിരുന്ന ജെറോം തന്നെത്തന്നെ പൂര്‍ണ്ണമായും ക്രിസ്തുവിനും അവിടുത്തെ വചനത്തിന്‍റെ പരിഭാഷയ്ക്കുമായി മാറ്റിവച്ചത്. ഹീബ്രൂഭാഷയിലുള്ള മൂല രചനയില്‍ നിന്നുമാണ് അക്കാലത്ത് സമകാലീന വിജ്ഞാന ലോകത്തിനും സാമാന്യം വിദ്യാഭ്യാസമുള്ളവര്‍ക്കും വായിക്കാവുന്ന “ലത്തീന്‍ വുള്‍ഗാത്ത” (Latin Vulgata) തര്‍ജ്ജമ ലഭ്യമാക്കിയത് വിശുദ്ധ ജെറോമായിരിന്നു. വിശുദ്ധനാട്ടില്‍ യേശു ജനിച്ച ബെത്ലലേഹം ഗുഹയില്‍ ഒരു താപസനെപ്പോലെ ജീവിതംമുഴുവന്‍ സമര്‍പ്പിച്ചുകൊണ്ടാണ് ഒരു പണ്ഡിതന്‍റെയും, പരിഭാഷകന്‍റെയും, വ്യാഖ്യാതാവിന്‍റെയും ഭാഷ്യത്തില്‍ വിശുദ്ധ ഗ്രന്ഥം മുഴുവന്‍ അദ്ദേഹം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്.


Related Articles »