Meditation. - June 2024

വിശുദ്ധ കുര്‍ബാനയിലൂടെ ഇന്നും നമ്മോടൊപ്പമായിരിക്കുന്ന യേശുവിനെ ഹൃദയം തുറന്ന്‍ സ്നേഹിക്കുവിന്‍

സ്വന്തം ലേഖകന്‍ 30-05-2016 - Monday

''ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു'' (യോഹന്നാന്‍ 15:15).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 1

യേശു ഒരാശയമല്ല; ഒരു തോന്നലോ, ഒരോര്‍മ്മയോ അല്ല! നമ്മോടൊത്ത് ഇന്നും വസിക്കുന്നവനുമായ ഒരു 'വ്യക്തി'യാണ് യേശു! വിശുദ്ധ കുര്‍ബാനയിലൂടെ അപ്പവും വീഞ്ഞും രൂപാന്തരീകരിക്കപ്പെട്ട് യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നു. അതിനാൽ ജീവിക്കുന്ന ഈ ദൈവത്തെ ആഴമായി നാം സ്നേഹിക്കേണ്ടിയിരിക്കുന്നു. 'കുരിശിലെ ബലിയുടെ പുനരാവിഷ്ക്കാരമായി വിശുദ്ധ കുര്‍ബ്ബാനയില്‍ അവന്‍ ത്യാഗത്തിന്റെ രൂപത്തില്‍ സന്നിഹിതനാകുന്നു. 'വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുക' എന്നാല്‍ മാനവവംശത്തെ രക്ഷിക്കാന്‍ സഹനങ്ങളെ സന്തോഷ പൂര്‍വ്വം സ്വീകരിച്ച യേശുവിനോപ്പം കാല്‍വരിയിലേക്ക് പോകുക എന്നാണര്‍ത്ഥമാക്കുക.

വിശുദ്ധ കുര്‍ബാനയിലൂടെ അവന്‍ നമ്മുടെ ഹൃദയത്തിലേക്ക് വരികയും നമ്മോടൊപ്പം ആയിരിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിത വഴിയിലെ സഹായകനും സ്‌നേഹിതനുമാകാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു. പുരോഹിതര്‍ മുഖാന്തരം സഭയില്‍ ഇന്നും വസിക്കുന്ന ദിവ്യകാരുണ്യനാഥനായ യേശുവിനെ സ്‌നേഹിക്കുവിന്‍. പ്രത്യേകമായി, മാനസികവും ശാരീരികവും ആദ്ധ്യാത്മികവുമായ യാതനകള്‍ അനുഭവിക്കുന്നവരില്‍ ക്രിസ്തുവിന്റെ മുഖം കണ്ടെത്തി, അവരെ സ്നേഹിക്കുവിന്‍.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.11.78).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »