Seasonal Reflections - 2024

ജോസഫ്: സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിച്ചവൻ

പ്രവാചകശബ്ദം 18-06-2021 - Friday

ജർമ്മനിയിലെ നോർഡ് റൈൻ വെസ്റ്റ്ഫാളൻ (NRW) സംസ്ഥാനത്തിലെ മ്യൂൺസ്റ്റർ രൂപതയുടെ സെന്‍റ് പോൾസ് കത്തീഡ്രലിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ രൂപമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. യൗസേപ്പിതാവിന്റെ കരങ്ങളിൽ ഇരിക്കുന്ന ഉണ്ണീശോയുടെ കരങ്ങൾ ഉന്നതത്തിലേക്കാണ് ഉയിർന്നിരിക്കുന്നത് രണ്ടു കാര്യങ്ങൾ തന്നെ സമീപിക്കുന്നവരെ ഈശോ പഠിപ്പിക്കുന്നു .നമ്മുടെ ദേശം ഇവിടെയല്ലാ ഇവിടെ നാം പരദേശവാസികൾ മാത്രമാണ്. അതിനാൽ സ്വർഗ്ഗം കണ്ടാവണം ഈ ഭൂമിയിലെ ജീവിതം. ഈ ഭൂമിയിൽ സ്വർഗ്ഗം കണ്ടു ജീവിച്ച എൻ്റെ വളർത്തു പിതാവിനു സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. യൗസേപ്പിതാവിനെപ്പോലെ സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിതത്തെ ചിട്ടപ്പെടുത്തുക. സ്വർഗ്ഗം അവകാശമാക്കി മാറ്റുക.

യൗസേപ്പിതാവിൻ്റെ ദൃഷ്ടി ഭൂമിയിലേക്കാണ് പതിഞ്ഞിരിക്കുന്നത് . ജീവിത പ്രാരാബ്ദങ്ങളുടെ ഇടയിൽ വീർപ്പുമുട്ടി നിരാശയിലേക്കും ഭയത്തിലേക്കും നീങ്ങുന്ന ദൈവജനത്തെ ഒരു പിതാവിനടുത്ത വാത്സല്യത്തോടെ തന്നിലേക്കടുപ്പിക്കാനുള്ള ആർദ്രത വിശുദ്ധ യൗസേപ്പിതാവിൻ്റെ മുഖത്തുണ്ട്. വളരെയധികം സങ്കീർണ്ണമായ ജീവിത പ്രാരബ്ദങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്ത യൗസേപ്പിതാവിന്റെ ജീവിത ശൈലി നമ്മുടേതുമാക്കി മാറ്റുക. അവൻ്റെ മദ്ധ്യസ്ഥതയിൽ വിശ്വസിക്കുക.

ജിവിത സങ്കീർണ്ണതകൾ ജീവിത പന്ഥാവിൽ അസ്തമയത്തിൻ്റെ ചെഞ്ചായം പൂശുമ്പോൾ യൗസേപ്പിതാവിനെപ്പോലെ നാം ഈ ലോകത്തിലെ പരദേശികളാണന്നും സ്വർഗ്ഗമാണ് നമ്മുടെ യാഥാർത്ഥ ഭവനമെന്നും നമുക്കും വിശ്വസിക്കാം അതനുസരിച്ചു ജീവിക്കാം.


Related Articles »