Arts

സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍ 'നന്മ നേരും അമ്മ': സി‌എം‌സി സമൂഹത്തിന്റെ സംഗീതാവിഷ്ക്കാരം വൈറല്‍

19-07-2021 - Monday

കൊച്ചി: കര്‍മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കര്‍മലീത്താ സന്യാസിനിമാര്‍ പരിശുദ്ധ അമ്മയ്ക്കു കാഴ്ചയൊരുക്കിയ സംഗീതാവിഷ്കാരം സംഗീതാസ്വാദകരുടെ ശ്രദ്ധനേടുന്നു. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യത്യസ്തമായി ചിട്ടപ്പെടുത്തിയ 'നന്മ നേരും അമ്മ' എന്ന ഏറെ സുപരിചിതമായ ഗാനമാണ് സമൂഹമാധ്യമങ്ങളിലെടക്കം ഇപ്പോള്‍ നിറയുന്നത്. കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സിലെ സന്യാസിനിമാരാണ് സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍ ഗാനം രൂപപ്പെടുത്തിയത്. കര്‍മല മാതാവിന്റെ തിരുനാള്‍ ദിനമായ 16നു യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം ചുരുങ്ങിയ സമയംകൊണ്ടു മുപ്പതിനായിരത്തിലധികം ആളുകള്‍ കണ്ടിരിന്നു. സിഎംസി പാവനാത്മ പ്രൊവിന്‍സിനു കീഴിലുള്ള 20 സന്യാസിനിമാരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ 138 ഓളം ട്രാക്കുകളിലായി കൈകൊണ്ടും വായ്‌കൊണ്ടും മാത്രം പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ ഉപയോഗിച്ചുള്ള ഗാനമാണിത്. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ അധ്യാപകനായ സാജോ ജോസഫാണ് ഗാനത്തിന്റെ മ്യൂസിക് അറേഞ്‌്കമെന്റ്‌സും കാമറയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം, ഹാര്‍മണി ഇവയെല്ലാം മനോഹരമായി അക്കാപ്പെല്ല രൂപത്തില്‍ ആക്കികൊണ്ട് ഈ ഗാനത്തെ ഏകോപിപ്പിച്ചത് ഇദ്ദേഹമാണ്. പാവനാത്മ പ്രൊവിന്‍സിലെ മീഡിയ വിഭാഗത്തിലെ സിസ്‌റ്റേഴ്‌സ് തന്നെ ഗാനത്തിന്റെ കാമറയിലും എഡിറ്റിംഗിലുമെല്ലാം സാജോയോടൊപ്പം പങ്കുചേര്‍ന്നിട്ടുണ്ട്. ഈ ഗാനത്തിന്റെ ടെക്‌നിക്കല്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സിസ്റ്റര്‍ ദീപ്തി, സിസ്റ്റര്‍ സാഫല്യ, സുഭാഷ് സുബാന്‍ എന്നിവര്‍ സാജോയൊടൊപ്പം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.


Related Articles »